രണ്ട് കോടി രൂപയ്ക്ക് 5% പലിശ: വ്യവസായ മേഖലയിൽ പിണറായി സർക്കാരിന്റെ പുതിയ ചുവടു വെയ്പ്

തിരുവനന്തപുരം: സംരംഭക മേഖലയിൽ പുതിയ ചുവടുവയ്പ്പുമായി എല്‍ഡി‌എഫ് സർക്കാർ. സംസ്ഥാനത്തെ ചെറുകിട, ഇടത്തരം, സൂക്ഷ്മ മേഖലകളിലെ സംരം‌ഭങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പുതിയ തീരുമാനത്തിന് അനുമതി നൽകി.

സംരംഭങ്ങൾക്ക് 5 ശതമാനം പലിശ നിരക്കിൽ 2 കോടി രൂപ വരെ വായ്പ നൽകുന്നതാണ് പദ്ധതി. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ പരമാവധി വായ്പാ പരിധി 2 കോടി രൂപയായി ഉയർത്തി.

2022-23 സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്. സംസ്ഥാന സർക്കാരിന്റെ മൂന്ന് ശതമാനവും കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ 2 ശതമാനവും ഉൾപ്പടെ സബ്സിഡി വഴിയാണ് 5 ശതമാനം പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്നത്.

ഒരു വർഷം 500 സംരംഭങ്ങൾ എന്ന നിരക്കിൽ അഞ്ച് വർഷത്തിനുള്ളിൽ 2500 സംരംഭങ്ങൾക്ക് വായ്പ നൽകുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കോർപ്പറേഷൻ പ്രതിവർഷം 500 കോടി രൂപ നീക്കിവയ്ക്കും.

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിൽ കോർപ്പറേഷൻ ഇതുവരെ 2122 യൂണിറ്റുകൾക്കാണ് വായ്പ നൽകിയിട്ടുള്ളത്. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും വായ്പകൾ ലഭ്യമാണ്.

10 വർഷം വരെ തിരിച്ചടവ് കാലാവധി ലഭ്യമാണെങ്കിലും പലിശയുടെ ആനുകൂല്യം ആദ്യ 5 വർഷത്തേക്ക് മാത്രമായിരിക്കും. എംഎസ്എംഇ രജിസ്ട്രേഷനുള്ള വ്യാവസായിക യൂണിറ്റുകളും യൂണിറ്റിന്റെ മുഖ്യ സംരംഭകന്റെ ഉയർന്ന പ്രായം 50 വയസും എന്നതാണ് ഈ പദ്ധതിയിൽ സംരംഭകരുടെ യോഗ്യത.

വനിതാ സംരംഭകർ, പ്രവാസി മലയാളികൾ, എസ്‌സി, എസ്ടി സംരംഭകർ എന്നിവർക്ക് 55 വയസ്സാണ് പ്രായപരിധി. പദ്ധതിച്ചെലവിന്റെ 90% വരെ വായ്പ ലഭിക്കുമെന്നതാണ് പ്രധാന സവിശേഷത. രണ്ട് കോടി രൂപയ്ക്ക് മുകളിലുള്ള വായ്പകൾക്ക് പലിശ നിരക്ക് കൂടുതലായിരിക്കും. 2 കോടി രൂപ വരെ 5% പലിശ നിരക്കിലും ബാക്കി വായ്പ സാധാരണ പലിശ നിരക്കിലും ലഭ്യമാകുന്നതാണ് പുതിയ പദ്ധതി.

Print Friendly, PDF & Email

Leave a Comment

More News