കേരളത്തിലെ മഴ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പത്ത് ഷട്ടറുകൾ തുറന്നു

വള്ളക്കടവ്: കനത്ത മഴയെത്തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് ഇന്ന് (ആഗസ്റ്റ് 5 വെള്ളിയാഴ്ച) വൈകുന്നേരം 5 മണിയോടെ അതിന്റെ പത്ത് ഷട്ടറുകൾ തുറന്ന് വെള്ളം തുറന്നുവിട്ടു. ഓരോ ഷട്ടറുകളും മൂന്ന് വ്യത്യസ്ത സമയങ്ങളിലായി 30 സെന്റീമീറ്റർ വീതമാണ് തുറന്നത്. മൊത്തം 1876 ക്യുസെക്സ് വെള്ളമാണ് തുറന്നുവിട്ടത്. 2021 ഒക്ടോബറിലാണ് അവസാനമായി അണക്കെട്ട് തുറന്നത്.

ഉച്ചയ്ക്ക് ഒരു മണിയോടെ മൂന്ന് ഷട്ടറുകള്‍ തുറന്നിരുന്നു. രാവിലെ 11.30ന് ഷട്ടറുകള്‍ തുറക്കുമെന്നാണ് തമിഴ്‌നാട് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെ മഴ കുറഞ്ഞിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. ഇതോടെ ജലനിരപ്പ് റൂള്‍കര്‍വിലേക്ക് എത്താതിരുന്നതിനാലാണ് ഷട്ടറുകള്‍ തുറക്കാന്‍ വൈകിയത്.

ഉച്ചയ്ക്ക് ഒരുമണിക്ക് മൂന്ന് ഷട്ടറുകളും മൂന്നിന് മൂന്ന് ഷട്ടറുകളും അഞ്ചിന് നാല് ഷട്ടറുകളും ഉയർത്തിയാണ് തമിഴ്നാട് വെള്ളം തുറന്ന് വിട്ടത്. പെരിയാറിന്റെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് കേരളസര്‍ക്കാര്‍ എല്ലാ മുന്‍ കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി പെരിയാര്‍ തീരനിവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. വള്ളക്കടവ്,ചപ്പാത്ത്, ഉപ്പുതറ, വണ്ടിപ്പെരിയാര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കാന്‍ മൈക്ക് അനൗണ്‍സ്‌മെന്റ് അടക്കം നടത്തി. പൊതുജനങ്ങള്‍ പെരിയാര്‍ തീരപ്രദേശങ്ങളില്‍ കുളിക്കാനിറങ്ങുന്നതും മീന്‍പിടുത്തം നടത്തുന്നതും, സെല്‍ഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കര്‍ശനമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

“മുല്ലപ്പെരിയാർ അണക്കെട്ടിലെ നീരൊഴുക്ക് റൂൾ കർവിലെത്തുകയും ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം തുറന്ന് 534 ക്യുസെക്‌സ് വെള്ളം തുറന്നുവിടുകയും ചെയ്യുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്. ജലനിരപ്പ് 136 അടിയിലെത്തുന്നതായി കേരളം തമിഴ്നാട് ജലവിഭവ മന്ത്രിക്ക് കത്തയച്ചിരുന്നു. സാഹചര്യം കണക്കിലെടുത്ത് കൂടുതൽ വെള്ളം എടുക്കാൻ ഞങ്ങൾ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. വെള്ളം തുറന്നുവിടുന്നതിന് 24 മണിക്കൂർ മുമ്പ് ഞങ്ങളെ അറിയിക്കാനും രാത്രിയിൽ കൂടുതൽ വെള്ളം തുറന്നുവിടുന്ന സാഹചര്യം ഒഴിവാക്കാനും ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു,” ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് മഞ്ജുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24X7 അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റും ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്. (ഫോണ്‍ നമ്പര്‍ 04869253362, മൊബൈല്‍ 8547612910) അടിയന്തിര സാഹചര്യങ്ങളില്‍ താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ (04869232077, മൊബൈല്‍ 9447023597) എന്നിവയും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News