കര്‍ഷക ദിനാചരണം ബഹിഷ്‌കരിക്കും; ചിങ്ങം ഒന്ന് കര്‍ഷക കരിദിനം: രാഷ്ട്രീയ കിസാന്‍ മഹാ സംഘ്

കൊച്ചി: കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ അതിരൂക്ഷമായി തുടരുമ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന കര്‍ഷകദിനാചരണം പ്രഹസനമാണെന്നും ചിങ്ങം ഒന്ന് (ഓഗസ്റ്റ് 17) കരിദിനമായി കര്‍ഷകര്‍ പ്രതിഷേധിക്കുമെന്നും കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രഖ്യാപിച്ചു.

കേരളത്തിലെ എല്ലാ കര്‍ഷകസംഘടനകളും കരിദിനപ്രതിഷേധത്തില്‍ പങ്കുചേരണമെന്ന് സംസ്ഥാന സമിതി അഭ്യര്‍ത്ഥിച്ചു. ബഫര്‍സോണ്‍, പരിസ്ഥിതിലോല വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് ജനവിരുദ്ധ സമീപനമാണ്. ഒരുലക്ഷം പുതിയ കൃഷിയിടങ്ങള്‍ ചിങ്ങം ഒന്നിന് ഉദ്ഘാടനം ചെയ്യുമെന്ന കൃഷിമന്ത്രിയുടെ വിചിത്രമായ പ്രഖ്യാപനം സ്വയം അപഹാസ്യം ഏറ്റുവാങ്ങും. കൃഷിയിടങ്ങള്‍ കുറയുന്നുവെന്നും വനമേഖല കൂടുന്നുവെന്നും സര്‍ക്കാര്‍ തന്നെ രേഖാസഹിതം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. വന്യമൃഗശല്യം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കര്‍ഷക പെന്‍ഷനും നിര്‍ത്തലാക്കി. കാര്‍ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ച തുടരുന്നു. ഈയവസരത്തില്‍ ഖജനാവ് കൊള്ളയടിച്ച് ഉദ്യോഗസ്ഥര്‍ നടത്തുന്ന കര്‍ഷകദിനത്തില്‍ ആത്മാഭിമാനമുള്ള കര്‍ഷകര്‍ പങ്കെടുക്കരുത്.

കൊച്ചി വി.വി.ടവറില്‍ ചേര്‍ന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന നേതൃസമ്മേളനത്തില്‍ ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ കാര്‍ഷിക വിഷയാവതരണം നടത്തി. ദേശീയ കോര്‍ഡിനേറ്റര്‍ കെ.വി.ബിജു ദേശീയതല കര്‍ഷക പ്രക്ഷോഭങ്ങള്‍ വിശദീകരിച്ചു. സംസ്ഥാന ഭാരവാഹികളായ മുതലാംതോട് മണി, ഡോ ജോസ് കുട്ടി ഒഴുകയില്‍, ജനറ്റ് മാത്യു, ജോയ് കണ്ണംചിറ, ജയപ്രകാശ് ടി.ജെ,അഡ്വ. സുമിന്‍ എസ് നെടുങ്ങാടന്‍, മനു ജോസഫ്, ജോയ് കൈതാരം, പി.ജെ ജോണ്‍ മാസ്റ്റര്‍, ജോര്‍ജ് സിറിയക്, സിറാജ് കൊടുവായൂര്‍, അഡ്വ. ജോണ്‍ ജോസഫ്, വിദ്യാധരന്‍ ചേര്‍ത്തല, ഹരിദാസ് കല്ലടിക്കോട്, പോള്‍സണ്‍ ആലുവ, സണ്ണി തുണ്ടത്തില്‍, മോഹനചന്ദ്രന്‍, ആയാംപറമ്പ് രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News