കടലു കടന്നുവന്ന കറിയാച്ചായന്‍ (ചിത്രീകരണം) ജോണ്‍ ഇളമത

ഓര്‍ക്കാപ്പുറത്താണ് കറിയാച്ചനൊരു കുറിവീണത്. പെങ്ങടെ മോള് പെണ്ണമ്മേടെ ഫോണ്‍വിളി..

“അച്ചായനവിടെ ഇനി ഒറ്റക്ക് നിന്നിട്ട് എന്തോടുക്കാനാ!”

“കാര്യം പറേടി, പെണ്ണമ്മെ!”

റോയിച്ചന്‍ പറഞ്ഞു..

“അച്ചായനെ നമ്മുക്കങ്ങോട്ടൊന്ന് വരുത്താന്ന്!”

“അതെന്താടി അങ്ങനൊരു തോന്നല്‍!”

“അച്ചായനിഷ്ടമില്ലേ?”

“എന്തൊരു ചോദ്യം, എന്നെ നീ കൊണ്ടുപോകുമോടീ, നേരാന്നോ പറഞ്ഞെ!”

“പിന്നല്ലതെ!”

എന്തോ ഒരു സൂത്രം പോലെ അച്ചായനുതോന്നി. കണ്ടറിയാതെ ജീവിച്ച അച്ചായന്, നീല്‍ ആംസ്‌ട്രോംഗ് ചന്ദ്രനിലേക്ക് പൊറപ്പെടാന്‍ പോയ ആവേശം പോലെ തന്നെ തോന്നി. പത്താം ക്ലാസി പഠിച്ചോണ്ടിരുന്ന അന്നു പഠനം നിര്‍ത്തി പൊറപ്പെട്ടു പോയതാ. അതൊരു ജേര്‍ണിയായിരുന്നു. ഡല്‍ഹി, ബോംബെ, കല്‍ക്കട്ട, മദ്രാസ് എന്നിവിടങ്ങളില്‍ ഒരു ഓള്‍ ഇന്ത്യാ ടൂര്‍. കറങ്ങി ധൂര്‍ത്തടിച്ച് നടത്തിയ യാത്ര. അതിനൊരു കാരണോണ്ടാരുന്നു. ധാരാളം സൊത്തൊണ്ടായിരുന്നിട്ടും പിശുക്കി ജീവിക്കാന്‍ പ്രേരിപ്പിച്ച അപ്പനോടൊരു വൈരാഗ്യ ബുദ്ധി! ദൈവം തമ്പുരാന്‍ കൈനിറിയെ സമ്പത്തു കൊടുത്തിട്ടും അടിച്ചു പൊളിച്ചു ജീവിക്കാനറിയാത്ത തത്വശാസ്ത്രത്തോടു തോന്നിയ വെറുപ്പാണ് അന്നത്തെ ഉല്ലാസ ജേര്‍ണ്ണിക്കാവേശം പകര്‍ന്നത്. തിന്നും കുടിച്ചും രസിച്ചും എല്ലാടൊമൊന്ന് കറങ്ങി.

ഒള്ളതു പറയാമല്ലോ, മൂത്ത പെങ്ങളെ കെട്ടിക്കാം വെച്ചിരുന്ന അമ്പതു പവന്റെ ആഭരണോം, അക്കാലത്തെ അന്തസിന് പെങ്ങളെ കെട്ടിക്കാം വെച്ചിരുന്ന വലിയ തുക അമ്പതിനായിരം രൂപേം ഇസ്‌ക്കി എടുത്തോണ്ടാരുന്നു ആ യാത്ര.

ഒടുവി ഒന്നൊന്നര കൊല്ലം കഴിഞ്ഞപ്പം കാശു തീര്‍ന്നു. ഇനി എന്തോ ചെയ്യും. പട്ടിണിയായി, വിശപ്പായി! ഒന്നു രണ്ട് ഹോട്ടലിലൊക്കെ പാത്രം കഴുകി. അപ്പോള്‍ ആത്മീയത ഒഴുകി. ‘മുടിയനായ പുത്രന്റെ’ ഉപമ. മൂത്ത ഒരു ചേട്ടനൊണ്ട്. അവനാണെ അപ്പനേക്കായി പിശുക്കന്‍, അപ്പന്റെ താക്കോല്‍ കൂട്ടത്തിന്റെ സൂക്ഷിപ്പുകാരന്‍. പിശുക്കന്മാര്‍ ചെലവാക്കത്തില്ല. അവര്‍ ബാങ്ക് ബാലന്‍സ്‌ കണ്ട് ഹരം പൂണ്ടിരിക്കുന്നവരാണ്.

എന്തായാലും ഗത്യന്തരമില്ലതെ തിരികെ വീട്ടിലെത്തി. ‘മുടിയനായ പുത്രന്‍’ അപ്പന്റെ കാലില്‍ വീഴണം, മാപ്പപേക്ഷിക്കണം. പിശുക്കനെങ്കിലും ഭക്തനായ അപ്പന്‍, മൂപ്പെത്താത്ത കാളക്കുട്ടിയൈ അറത്തു സ്വീകരിച്ചില്ലെങ്കിലും, സദ്യഒരുക്കയില്ലെങ്കിലും, വാദ്യക്കാരെ വിളിച്ച് പാട്ടുകച്ചേരി നടത്തിയില്ലങ്കിലും, ഭരതനാട്യം നടത്തുന്ന മീനാക്ഷിയെകൊണ്ട് നൃത്തം ചവിട്ടിച്ചില്ലേലും ക്ഷമിച്ച്, തിരികെ ഒന്നു സ്വീകരിച്ചാ മതിയായിരുന്നു. പിന്നെ ചേട്ടന്‍, അവന്‍ ദുഷ്ടനും അറുപിശുക്കനുമല്ലേ! തന്റെ കൂടെ വീതം തട്ടിഎടുക്കാനേ അവന്‍ ശ്രമിക്കൂ. അവന്‍ പോട്ടെ, അവനെ നമ്പീട്ടും കാര്യോന്നുമില്ല.

എന്തിനു പറയട്ടെ, അപ്പന്‍ അമ്പിനും വില്ലിനും അടുത്തില്ല. പകരം പൊറങ്കാലുകൊണ്ട് ഒരു തൊഴിയാ തന്നത്. എന്നിട്ട് ഒരു ആക്രോശോം! തെണ്ടീ നീ ‘മുടിയാനായ പുത്ര’ന്റെ ഉപമേം കൊണ്ട് എന്നെ കൈയിലെടുക്കാമെന്നു കരുതിയോ! തൊള്ളികൊണ്ട് തൊടച്ചാ ഞാനിത്രേടമെത്തിയത്, എല്ലാം നീ നശപ്പിച്ചു. എന്റെ അഭിമാനം വരെ! എന്റെ സമ്പത്തു മഴുവന്‍ മൂത്തവനായ നിന്റെ സഹോദരന്റെ പേരില്‍ എന്നേ ഞാനെഴുതികൊടുത്തു. അവന്‍ ചെലവാക്കത്തില്ല, ഒള്ളതു പെരുപ്പിക്കത്തേ ഒള്ളൂ!

അമ്പിനും വില്ലിനും അടുക്കാതെ അപ്പനും ചേട്ടനും വന്നപ്പം ഒരു കളി കളിച്ചു. പൊതുജന പ്രക്ഷോഭം. പഞ്ചായത്തു മെമ്പറുടെ നേതൃത്തത്തിലങ്ങു കാച്ചി. നിരാഹാര സത്യാഗ്രഹം! മെമ്പര്‍ ഒരു നാരങ്ങാ വെള്ളം തന്ന് ഉദ്ഘാടനം ചെയ്തു. നാട്ടുകാര്
കുഞ്ഞു കുട്ടി, മഹിള, മഹാന്മാരടെ മുഴുവം സപ്പോര്‍ട്ടും! മുദ്രാവാക്യം മുഴങ്ങി.

‘അറുപിശുക്കാ അവരാച്ചാ (കറിയാച്ചന്റെ അപ്പന്‍), ക്രൂരത ഞങ്ങളു പൊറുക്കൂലാ, മരണം വരെ സമരം ചെയ്യും, തുല്യ നീതി മക്കള്‍ക്ക്’!

ബാര്‍ബര്‍ ഗോപാലന്‍ രാത്രി സെക്കന്റ്‌ ഷോ സിനിമ കഴിഞ്ഞു വരുന്നവരുടെ ഉറക്കം കെടുത്തുന്ന ദേവയാനി, തെണ്ടിതിരിഞ്ഞ് കുളിക്കാതെ, പല്ലു തേക്കാതെ പാറിപറന്ന മുടീം താടീമൊള്ള നിമിഷ കവി ശമുവേല്… എന്നിവര്‍ മുന്നിരയില്‍ നിന്ന് ആവേശപൂര്‍വ്വം മുദ്രാവാക്യങ്ങള്‍ മുഴക്കിയപ്പോള്‍ അപ്പനും ചേട്ടനും പേടിച്ച് എലിപോലെ വിറച്ച്, പകുതി വീതം വെച്ചു കിട്ടി. പക്ഷ, അതും ദര്‍ബാറടിച്ചു കളഞ്ഞു കുളിച്ചു. ഒടുവി ആറ്റ്‌വക്കത്ത് പൊറം പോക്കില്‍ ഒരു കൂര വെച്ച് എളിയവനായി വിഭാര്യനായി (മദ്യപാനം കാരണം മക്കളൊണ്ടാകുന്നേനു മുമ്പുതന്നെ ഭാര്യ വിട്ടു പോയി) കഴിയവേയാണ് പെണ്ണമ്മേടെ വിളി അമേരിക്കേന്ന്. ഭാഗ്യം വരുകാണേ ഇങ്ങനെ വരണം. ഗതികെട്ട് കുത്തുപാള എടുക്കുന്നേനു മുമ്പ് ശ്രീകൃഷ്ണന്‍ കുചേലനെ വിളിച്ച മാതിരി ഒരുവിളി! ഇതാ സാക്ഷാല്‍ ഭാഗ്യം! പക്ഷേ, എല്ലാ ഭാഗ്യത്തിന്റേം മുമ്പി ചെലപ്പം ഒരു ചതിക്കുഴി കാണാം!

കറിയാച്ചന്‍ ചോദിച്ചു…

“പെണ്ണമ്മെ, നിനക്കെങ്ങാനം തെറ്റിപോയതാണോ!”

“അല്ലച്ചായാ, റോയിച്ചന്‍ പറഞ്ഞിട്ടാ. എന്റെ ഭര്‍ത്താവെ!”

“അപ്പം ഞാനവിടെ വന്നിട്ട് എന്തോടുക്കാനാ!”

“സുഖമായി ഇവിടെ താമസിക്കാം”

എന്തെങ്കിലും എന്നെക്കൊണ്ടൊരു പ്രയോജനം നിങ്ങക്കക്കൊണ്ടോ!”

“വലുതായിട്ടൊന്നുമില്ല. ഞങ്ങക്കൊരു കൂട്ട്!” എന്നിട്ടവള് കൂട്ടിച്ചേര്‍ത്തു

“അതുപിന്നെ, ഇവിടെ ഹസ്ബന്റും ഭാര്യേം ജോലി ചെയ്യുന്നോര് എടക്കെട ക്കൊക്കെ ഒന്ന് വെക്കേഷനുപോകും, റിലാക്‌സാകാന്‍! അപ്പോ വീട്ടിലൊരാള് അത്രതന്നെ!”

“അത്രേ ഒള്ളോ!”

“പിന്നല്ലാതെ!”

“ഞാന്‍ ദിവസോം വീശുന്നോനാ!”

“എന്തോന്നാ?”

“മദ്യം!”

“അതല്ലേ, ഇവിടെ അലമാരി നിറച്ച് ഇരിക്കുന്നെ!”

ഭാഗ്യം! സാക്ഷാല്‍ ഭാഗ്യദേവത പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അശരരണരേയും, പാവപ്പെട്ട തെണ്ടികളേയും, സാധാരണ ഗതിയില്‍ കടക്ഷിക്കാത്ത ഈ ഭാഗ്യദേവദയെപ്പറ്റി ഓര്‍ത്തപ്പോള്‍ അവറാച്ചായന്റെ നയനങ്ങളില്‍ നിന്ന് ആനന്ദാശ്രൂ പൊഴിഞ്ഞു വീണു.

ഒരു മാസത്തിനുള്ളില്‍ അഞ്ചു വര്‍ഷത്തേക്ക് വിസാ വന്നു. ഡ്രസിനു പണവും, പ്ലെയിന്‍ ഫെയറും പെണ്ണമ്മ അയച്ചുകാടുത്തു. മുഷിഞ്ഞ കൈലിയും, കക്ഷം വേര്‍ത്ത കൈ ബെന്യനും മാറ്റി പാന്റും, കളസവും, പോരാഞ്ഞ് ടൈയ്യും ചാര്‍ത്തി. ബിസിനസുകാര് കൊണ്ടുനടക്കുന്ന സൂട്ട്‌കേസും പിടിച്ച് നെടുമ്പാശ്ശേരീന്‍ പ്ലെയ്ന്‍ കേറുമ്പം സിനിമായിലെ ഒരു സൂപ്പര്‍ സ്റ്റാറ് അമേരിക്കക്ക് പരിപാടിക്ക് പോണ ഗമ തോന്നി കറിയാച്ചായന്. ഇത് വെറും തുക്കട ജേര്‍ണ്ണി അല്ല, “ഉലകം ചുറ്റും വാലിബന്‍”!

സംഭവത്തിന്റെ ഗൗരവം മനസ്സിലായത്, ന്യൂയോര്‍ക്കിലെത്തി വെട്ടിലായപ്പോള്‍. എങ്കിലും കറിയാച്ചായന്‍ ആശ്വസിച്ചു. സാരമില്ല, ഇംഗ്ലീഷിലൊരു ചെല്ലുണ്ടല്ലോ, “നോ ഗയിന്‍, വിത്തൗട്ട് എനി പെയിന്‍”, അങ്ങനാണല്ലോ ലോകം. എങ്കിലും ആശ്വസിച്ചു. നാട്ടി തെണ്ടിതിരിഞ്ഞു നടന്ന തനിക്ക് ഒരു പെഗ്ഗ് അടിക്കാന്‍ എത്ര ബുദ്ധിമുട്ടാരുന്നു. ഇവിടെ ബ്രാണ്ടിക്കു ബ്രാണ്ടി, വിസ്‌ക്കിക്ക് വിസ്‌ക്കി, റമ്മിനു റം, അക്കാര്യം കുശാല്, ആ മനഃപ്രയാസം തീര്‍ന്നു.

പക്ഷേ, കാലക്രമണ തീര്‍ന്നൂന്നു കരുതിയ മനഃപ്രയാസം ഒന്നൊന്നായി തലപൊക്കി. ആദ്യം മദ്യനിരോധനം. ഏതു ബ്രാന്‍ഡായാലും സന്ധ്യക്ക് അത്താഴത്തോടൊപ്പം ഒരു പെഗ്ഗ് മാത്രം! വീണ്ടും ചോദിച്ചപ്പോള്‍ ചുട്ട മറുപടി, പെണ്ണമ്മയുടെ വക…

“ഒന്നാമത് ദിവസവും മദ്യം കുടിക്കുന്നവര് ആല്‍ക്കഹോളിക്കറാ! ആ പതിവ് കറിയാച്ചായന്‍ ഉപേക്ഷിക്കണമെന്നാണ് കാര്‍ഡിയോളജിസ്റ്റായ എന്റെ ഭര്‍ത്താവ് റോയിച്ചന്‍ പറേന്നത്. അച്ചായന് ഇവിടെ വന്ന് ഹാര്‍ട്ടറ്റാക് ഒണ്ടാകാന്‍ റോയിച്ചന്‍ സമ്മതിക്കത്തില്ല. പിന്നെ ഞാനാരു ഇന്‍ടേണിസ്റ്റാ, അച്ചായന് കരള്‍ രോഗം വന്ന് ചോര ശര്‍ദ്ദിച്ചു മരിക്കാന്‍ ഞാനും സമ്മതിക്കുകേലാ. നോക്ക് ഞങ്ങളൊക്കെ കുടിക്കുന്നത്, ഒറ്റക്കിരുന്നല്ല, വല്ല പാര്‍ട്ടികള്‍ക്കും മാത്രം.!”

അങ്ങനെ ഇരിക്കെ ഒരു പ്രവാശ്യം പെണ്ണമ്മേടേം റോയിച്ചന്റേം കൂടൊരു മലയാളം സമാജം നടത്തുന്ന ഓണത്തിനു പോയപ്പം, നല്ലൊരു സിംപ്‌ളന്‍ ചെറുപ്പക്കാരനെ കണ്ടു മുട്ടി. എന്റെ നോട്ടം കണ്ട് അവനൊരു ചോദ്യം….

“അച്ചായനെവിടുന്നാ?”

“തലവടി!”

“ജോലി അല്ല ചോദിച്ചെ, സ്ഥലമാ!”

“അതാ പറഞ്ഞെ!”

“ഞാം കണ്ണൂക്കാരനാ”

“അങ്ങനൊരു സ്ഥലമേ കേട്ടിട്ടില്ല”

“അച്ചായന്‍ വെള്ളമടിക്കുമോ, എന്നാ വാ, എന്റെ കാറേലൊണ്ട്, രണ്ടെണ്ണം വിടാന്‍ ഒരുകൂട്ട്!”

ഞങ്ങള് റമ്മും കോക്കും കഴിച്ചോണ്ടിരുന്നപ്പം അവന്‍ എന്നോടൊരു ചോദ്യം?

“അച്ചായന് ജോലി വല്ലോം ഒണ്ടോ?”

“ഒണ്ട്!”

“എന്തോന്ന്?”

“പീഡിയാറ്റ്‌റിസ്റ്റാ!”

“പീഡിയാറ്റിറിസ്‌റ്റോ?”

“അതേ, എന്റെ നീസ് പെണ്ണമ്മ!, അവടെ ഒന്നര വയസ്സൊള്ള മോനെ നേക്കാന്‍ കൊണ്ടുവന്ന ആയ, അങ്ങനാ എന്റെ വിസാ, നാനി!”

ചെറുപ്പക്കാരന്‍ പൊട്ടിച്ചിരിച്ചിട്ട് പറഞ്ഞു…

“ഞാനുമങ്ങനാ, പീഡിയാറ്റ്‌റിസ്റ്റ്! ഞങ്ങടെ ഈ രണ്ടു വയസിടവിട്ട നാലുപിള്ളേരെ നോക്കന്നെ ഞാനാ. അവള് ജേലിക്കു പോകും, അവള് ഡബിള്‍ ഷിഫ്റ്റ് ചെയ്യുന്ന നേഴ്‌സാ!!”

Print Friendly, PDF & Email

Leave a Comment

More News