ബന്ധം എന്ന “കുന്തം” (ലേഖനം): കുരിയാക്കോസ് മാത്യു

ബന്ധങ്ങൾക്ക്‌ യാതൊരു വിലയും ഇല്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ ഓരോരുത്തരും കടന്നു പോകുന്നത്. കുറച്ചുകൂടി ചുരുക്കിപ്പറഞ്ഞാൽ “കറിവേപ്പില” പോലെ. ഉപയോഗം കഴിഞ്ഞു വലിച്ചെറിയുക. ബന്ധം എന്നത് ഒരു “കുന്തം” ആയി മാറിയിക്കുകയാണ് ഇന്ന് നമുക്ക്, ഈ ബന്ധം എന്ന കുന്തം കൊണ്ട് അതിദാരുണമായി മുറിവേൽക്കുന്നവരും, പിടഞ്ഞു വീഴുന്നവരും കുറച്ചൊന്നുമല്ല നമ്മുടെ ഇടയിൽ. ഇത് കൂടുതലും കടന്നു കൂടിയിരിക്കുന്നത് കുടുംബ ബന്ധങ്ങളിലാണ്. മിക്കവാറും കുടുബ ബന്ധങ്ങളിൽ നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവരെ സ്വന്തം നേട്ടങ്ങൾക്കും കാര്യസാധ്യതക്കും വേണ്ടി മാത്രം ഉപയോഗിച്ച് അവസ്സാനം പിച്ചി ചീന്തി വലിച്ചെറിയുന്നു. സ്വന്തം ഇഷ്ടങ്ങൾക്കു വേണ്ടിയും താൽപര്യങ്ങൾക്കു വേണ്ടിയും മനുഷ്യൻ ഏറ്റവും ഉറ്റവരെയും ഉടയവരെയും തള്ളി പറയുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന കാലഘട്ടമാണ്. മനുഷ്യന് ഏറ്റവും നല്ല നിലയിൽ ജീവിക്കാൻ വേണ്ടിയുള്ള എല്ലാ ചുറ്റുപാടുകളും ദൈവം തന്നു, എന്നാൽ നാമൊക്കെയും അത് ദുരുപയോഗം ചെയ്തു തോന്നിയവാസം ജീവിക്കുന്നു. വായിൽ തോന്നുന്നത് പറയുന്നു, ആരുണ്ട് ചോദിക്കാൻ എന്ന മനോഭാവത്തോടെയാണ് നമ്മുടെയൊക്കെ പെരുമാറ്റവും പ്രവർത്തിയും.

ഏതാണ്ട് മൂന്ന് വർഷത്തോളമായി” കോവിഡ്” എന്ന മഹാഭീകരൻ ലോകത്തെ മുഴുവൻ കീഴടക്കിയിട്ട്. ലോകത്തിന്റെ ഒരറ്റം മുതൽ ഈ മഹാ ഭീകരൻ സംഹാര താണ്ഡവം ആടി, കോടി കണക്കിന് മനുഷ്യ ജീവൻ നഷ്ട്ടപെട്ടു. ഒരു ലോക മഹായുദ്ധം വരുത്തുന്നതിന്റെ നൂറു മടങ്ങു നാശം മനുഷ്യ സമൂഹത്തിനു നേരിട്ടു. ആ മഹാമാരിയുടെ തുടക്കത്തിലൊക്കെ നമുക്ക് ലോകം ഒരിക്കലും കട്ടിട്ടില്ലാത്ത ഭീതിയും ആശങ്കയും ഉണ്ടായി. എന്നാൽ ഇന്ന് അതിൽ നിന്നൊക്കെ നാം ദൈവത്തിന്റെ കരുണയാൽ കര കയറിക്കൊണ്ടിരിക്കുകയാണ്. ഇനി ഇതിലും ഭീകരമായതു എന്തെങ്കിലും ഉണ്ടാകുമോ എന്ന് ലോകത്തിൽ ആർക്കും പ്രവചിക്കാൻ പറ്റില്ല.

ഇത്രയും ഒക്കെ കണ്ടിട്ടും എന്തെ നമ്മൾ നമ്മെ തന്നെ ഒന്ന് വിശകലനം ചെയ്യാത്തത്. നമ്മുടെയൊക്കെ ക്രൂരമായ പ്രവർത്തികളും, എന്തിനു ഹൃദയത്തിലെ നിഗൂഢ ചിന്തകൾ പോലും ഒരു സമയത്തു കോവിഡും അല്ലെങ്കിൽ ഇതുപോലുള്ള പ്രകൃതിക്ഷോഭങ്ങൾ ഒക്കെ ആയിട്ടു തിരുത്തിച്ചു നമ്മളിൽ തന്നെ എത്തിചേരും എന്നുള്ള കാര്യം നമ്മൾ ആരും വിസ്മരിക്കരുത്. കാരണം, ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞിരിക്കുന്നത് നെഗറ്റീവ് എനെർജിയാണ്.

ആരാണ് ഇതിനു ഉത്തരവാദികൾ? നാമോരോരുത്തരും ആണ്. ഒരിക്കലും കേട്ടിട്ടില്ലാത്ത രോഗങ്ങൾ പോലും മാറി മാറി നമ്മുടെ ഇടയിലേക്ക് കടന്നു വരുകയാണ്. മനുഷ്യൻ സ്വന്തം സഹജീവികളെ കശാപ്പു ചെയ്യുന്നതിന് ഒരു മടിയും ഇല്ല. നിസ്സാരം ഒരു ഉറുമ്പിനെ കൊല്ലുന്ന ലാഘവത്തോടെയാണ് മനുഷ്യൻ വിലയേറിയ മനുഷ്യജീവൻ നഷ്ടപ്പെടുത്തുന്നത്. ചുരുക്കി പറഞ്ഞാൽ വന്യ മൃഗങ്ങളെക്കാൾ ക്രൂര സ്വഭാവം മനുഷ്യ ഹൃദയങ്ങളിൽ കടന്നു കൂടി. ഉദാഹരണത്തിന്, ഒരു വന്യ ജീവി സിംഹമോ, കരടിയോ അല്ലെങ്കിൽ മറ്റേതു മൃഗമോ അത് മറ്റൊരു ജീവിയെ കൊല്ലുന്നെങ്കിൽ അതു അതിന്റെ വിശപ്പടക്കാൻ വേണ്ടി മാത്രം ആണ്. കാരണം നമ്മെ പോലെ മറ്റേതെങ്കിലും തരത്തിൽ കൃഷി ചെയ്തോ അല്ലാതെയോ ആഹാരം കണ്ടെത്താൻ അവക്ക് പറ്റില്ല . പക്ഷേ ചില അപൂർവം സാഹചര്യങ്ങളിൽ വന്യ ജീവികൾ അതിന്റെ സഹ ജീവികളോട് കാണിക്കുന്ന സ്നേഹം നാമൊക്കെയും പലപ്പോഴും യു ട്യൂബ് പോലുള്ള ഓൺലൈൻ മാധ്യമങ്ങളിൽ കാണാറുണ്ട് . മനുഷ്യരായ നമ്മെ ഒക്കെ അത്ഭുത പെടുത്തുന്ന തരത്തിൽ മൃഗങ്ങൾക്കു വിവേകം ഉണ്ടെന്നുള്ള കാര്യം നാം മറന്നു പോകരുത്.

അമേരിക്ക പോലുള്ള രാജ്യങ്ങളിൽ കാഴ്ച ഇല്ലാത്തവരെ വഴി കാട്ടുന്നതും അവരുടെ എല്ലാ സഹായവും ചെയ്യുന്നതും അവരുടെ കൂടെയുള്ള “നായ്ക്കൾ” ആണ്. നമ്മൾ പലപ്പോഴും ഉപയോഗിക്കുന്ന ഒരു നെഗറ്റീവ് വാക്കാണിത്. എന്നാൽ, എന്നെ ഒരുപാടു ചിന്തിപ്പിച്ചിട്ടുണ്ട് ,കാരണം ഈ വാക്ക് ഏറ്റവും അനുയോജ്യമായത് നമുക്കൊക്കെ തന്നെയല്ലേ എന്ന്. ഇന്ന് ഒരു കാഴ്ചയില്ലാത്തവനെ വഴി കാണിക്കാൻ ഒരാളെ ഏർപ്പെടുത്തിയാൽ അവന്റെ പോക്കറ്റിൽ ഉള്ളത് അടിച്ചുമാറ്റി അവന്റെ ഉടുതുണി കൂടി അഴിച്ചെടുത്തു അവന് വല്ല പൊട്ട കിണറ്റിലും തള്ളിയിടും. ഇതേ സ്ഥിതിയിയാണ് ഇന്ന് നമ്മുടെ കേരളത്തിൽ. പട്ടി, പൂച്ച ഇതുപോലുള്ള ജീവികളെ ഒക്കെ വളർത്തുന്നവരെ നമ്മളിൽ ചിലർക്കൊക്കെ വെറുപ്പുണ്ടായിരിക്കും. എന്നാൽ ഇവയൊന്നും തരുന്ന സ്നേഹത്തിന്റെ ഒരു ശതമാനം പോലും തരാൻ നമ്മളിൽ നല്ലൊരു ശതമാനത്തിനും സാധിക്കുന്നില്ല എന്നതാണ് സത്യം.

ഒരിക്കൽ നമ്മുടെ ഒരു ടി.വി ചാനലിൽ കണ്ട ഒരു കാര്യം പലപ്പോഴും മറക്കാൻ പറ്റുന്നില്ല. നമ്മുടെ നാട്ടിൽ ഒരു പാവപ്പെട്ട ലോട്ടറി കച്ചവടക്കാരൻ, അദ്ദേഹം ലോട്ടറി വിൽക്കാൻ പോകുമ്പോൾ എന്നും ഒരു തെരുവ് നായ്ക്ക് ഒരു പൊതി ചോറ് വാങ്ങി കൊടുക്കാറുണ്ടായിരുന്നു. കുറെ ദിവസ്സങ്ങൾ കഴിഞ്ഞപ്പോൾ പിന്നെ ആ നായ ആ അദ്ദേഹം ലോട്ടറി വിൽക്കാൻ പോകുന്നേടത്തെല്ലാം അദ്ദേഹത്തിൻെറ കൂടെ നടക്കും. അത് കുറച്ചൊന്നുമല്ല മൈലുകളോളം. വേറൊന്നുമല്ല. ആ മനുഷ്യൻ ആ ജീവിയോട് കാണിച്ച സ്നേഹത്തിന്റെ നന്ദി. ഇത് നാം ഓരോരുത്തരും മനസ്സിലാക്കിയാൽ ഈ ജീവിയെക്കാൾ കഷ്ടം ആണ് ഇന്ന് നാം ഓരോരുത്തരും.

വര്‍ഷങ്ങള്‍ക്കു മുൻപ് നമ്മുടെ ഇന്ത്യയിൽ ഒരു രീതിയായിരുന്നു ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി മരിക്കണം എന്ന്. “സതി ” എന്നാണ് ആ കാലത്തു അതിനെ വിശേഷിപ്പിച്ചിരുന്നത്. അത് നിർത്തലാക്കിയത്‌ “രാജാ റാം മോഹൻ റായ് ” എന്ന ഭരണകർത്താവാണ് . ഇന്ത്യൻ ഹിസ്റ്ററി പഠിച്ചിട്ടുള്ളവര്‍ സ്കൂളിൽ പഠിച്ചിട്ടുണ്ടാവും ഇത്. കാരണം അത്രത്തോളം ആഴമേറിയ ബന്ധമാണ് ഭാര്യാ-ഭർതൃ ബന്ധത്തിന് അന്നുണ്ടായിരുന്നത്. ഇന്നുള്ള ബന്ധങ്ങൾ എത്ര മാത്രം ആഴമുണ്ടെന്നു നമ്മൾ തന്നെ വിലയിരുത്തുക. ഈ വിലയിരുത്തലുകൾ നമ്മുടെ സമൂഹത്തെ മൊത്തത്തിൽ പറയുന്നതല്ല, എന്നാലും ഏകദേശം നല്ലൊരു ശതമാനവും ബാധകളെ കാറ്റിൽ പറത്തി ജീവിക്കുന്നവരാണ്. നല്ല ഫാമിലികളും, നല്ല വ്യക്തിത്വങ്ങളും ഒക്കെ ധാരളം ഉണ്ട്. പക്ഷേ, നല്ലൊരു ശതമാനവും അധഃപതനത്തിലൂടെയാണ് പോകുന്നത്. നമ്മുടെ ഈ ലോക ജീവിതം കടപ്പാടുകളുടെ ഒരു ലോകമാണ്. കുടുംബ ബന്ധങ്ങളിൽ സമൂഹ ബന്ധങ്ങളിൽ. ഇതൊക്കെ മറന്നാണ് മനുഷ്യന്റെ ഇന്നത്തെ പോക്ക്. നമ്മളെ ഒക്കെ ഓരോ റോക്കറ്റ് ആയി സങ്കല്പിച്ചാൽ ആ റോക്കറ്റ് ഒരു ലക്ഷ്യസ്ഥാനത്തു എത്തണമെങ്കിൽ അതിനു വ്യക്തമായ ഒരു ലക്‌ഷ്യം ഉണ്ടായിരിക്കണം. ലക്ഷ്യം തെറ്റി കഴിഞ്ഞാൽ ആ റോക്കറ്റു ചെന്നെത്തുന്നതും തിരിച്ചു വന്നു വീഴുന്നതും അവസാനം സമുദ്രത്തിന്റെ അടിത്തട്ടിലായിരിക്കും. ഇതേ സ്ഥിതി വിശേഷം ആയിരിക്കും നമുക്ക് ഓരോരുത്തര്‍ക്കും എന്ന് ഓർമ്മിപ്പിച്ചുകൊണ്ടു നിർത്തുന്നു.

Print Friendly, PDF & Email

One Thought to “ബന്ധം എന്ന “കുന്തം” (ലേഖനം): കുരിയാക്കോസ് മാത്യു”

  1. ലില്ലി ജോസഫ്

    നാം നമ്മുടെ സുഹൃത്തുക്കളെ സ്നേഹിക്കുന്നു, നാം അവരോട് എത്ര കൂടുതൽ അടുക്കുന്നുവോ അത്രയധികം അവരെ നമ്മുടെ ജീവിതത്തിൽ ആവശ്യമായി വരുന്നു. എന്നാൽ എന്തിനേയും പോലെ, ഏതു കാര്യവും അമിതമായാല്‍ അത് ദോഷം ചെയ്യുമെന്ന ഗുണപാഠം പലരും മറക്കുന്നു. ചില സൗഹൃദങ്ങൾ സ്വാഭാവികമായും നിരന്തരമായ ആശയവിനിമയം നിലനിർത്തുന്നു, അവിടെ രണ്ട് പേരും ദിവസവും പരസ്പരം അന്വേഷിക്കുന്നു. എന്നാല്‍, സന്ദർശനങ്ങള്‍, വിളിക്കൽ, ടെക്‌സ്‌റ്റ് അയയ്‌ക്കൽ, സോഷ്യൽ മീഡിയ, ഇമെയിൽ അയയ്‌ക്കൽ, വീഡിയോ ചാറ്റിംഗ് എന്നീ അമിതമായ ചുറ്റിക്കറക്കം ചിലപ്പോള്‍ അകല്‍ച്ചയിലേക്ക് നയിക്കാം. അതുകൊണ്ട് എല്ലാ കാര്യങ്ങള്‍ക്കും ഒരു പരിധി വെച്ചാല്‍ പല ബന്ധങ്ങളും നിലനില്‍ക്കും.

Leave a Comment

More News