പ്രവാസികൾ 6 മാസത്തിലധികം വിദേശത്ത് താമസിച്ചാൽ റസിഡൻസി പെർമിറ്റ് റദ്ദാക്കും: കുവൈറ്റ്

കുവൈറ്റ് : ആറ് മാസമോ അതിൽ കൂടുതലോ കാലയളവിൽ രാജ്യത്തിന് പുറത്ത് താമസിക്കുന്ന പ്രവാസികളുടെ താമസം/റസിഡൻസി പെര്‍മിറ്റ് റദ്ദാക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവംബർ ഒന്നു മുതൽ പുതിയ നിബന്ധനകൾ നിലവിൽ വരും.

2022 മെയ് 1 മുതൽ 2022 ഒക്ടോബർ 31 വരെ രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ സാന്നിധ്യ കാലയളവ് കണക്കാക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

മേയ് ഒന്നിന് മുമ്പ് കുവൈറ്റിൽ നിന്ന് പോയവർ, താമസം റദ്ദ് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ നവംബർ ഒന്നിന് മുമ്പ് കുവൈറ്റിലേക്ക് മടങ്ങണം.

കുവൈറ്റ് നിയമപ്രകാരം രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് പരമാവധി ആറ് മാസമാണ് താമസ കാലാവധി. ഇത് നേരത്തെ പ്രാബല്യത്തിൽ ഉണ്ടായിരുന്നെങ്കിലും, മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ, COVID-19 പാൻഡെമിക് പൊട്ടിപ്പുറപ്പെട്ടത് മുതൽ, പ്രവാസികൾക്ക് ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് താമസിക്കാനും അവരുടെ താമസ രേഖകൾ ഓൺലൈനായി പുതുക്കാനും മന്ത്രിസഭ പ്രത്യേക അനുമതി നൽകിയിരുന്നു.

കുവൈറ്റിലെ മൊത്തം ജനസംഖ്യയായ 4.6 ദശലക്ഷത്തിൽ ഏകദേശം 3.4 ദശലക്ഷവും പ്രവാസികളാണ്.

Print Friendly, PDF & Email

Leave a Comment

More News