വീണ്ടും ഭ്രാന്താലയം? (കവിത): ജയൻ വർഗീസ്

നായകൾ, നായകൾ
നമ്മളാം നായകൾ ?
നാട് കടിച്ചു മുടിക്കുന്ന നായകൾ
ജാതികൾ കേറിക്കളിക്കുന്ന പേയ് വിഷ
മാടി ക്കുരക്കുന്ന നാടിന്റെ ‘നായ‘ കർ

സാമൂഹ്യ സേവന മേലെഴുത്തിൽ കീഴി –
ലാരെയും മാന്തുന്ന ചാവാലി നായകൾ.
സാമൂഹ്യ സമ്പത്ത് കട്ടും കടിച്ചും സ്വ
മാളം നിറയ്ക്കും പെരുച്ചാഴി നായകൾ.

ആരെയുമോടിച്ചു കോമ്പല്ലുകൾ കോർത്ത്
ചോര കുടിച്ചു ഭരിക്കുന്ന ‘നായ‘ കർ
നാല് കാശൊപ്പിച്ചടിച്ചു പൊളിക്കുവാ –
നാരുടെ പാദവും നക്കി മോങ്ങുന്നവർ.

നാട് നന്നാക്കാ നിറങ്ങി സിനിമയിൽ
കോടികൾ കൊയ്ത് മുറുമ്മുന്ന നായകൾ,
ബീവറേജിന്റെ ലഹരിക്ക്‌ ടച്ചിങ്ങായ്
സ്ത്രീ ശരീരങ്ങളെ വച്ച് മാറുന്നവർ.

സ്ക്രീനിലെ താര വീര്യങ്ങളെയുൾക്കൊണ്ടു
ക്രീഡിച്ചു മക്കളെ പെറ്റു കൂട്ടുന്നവർ.
നാളെയീ മക്കൾക്കൊരേ ലക്ഷ്യമിൻഡ്യയിൽ
ലോക ജന സംഖ്യയൊന്നാമതാക്കുക!

കന്നി തുലാ മാസ ഗന്ധങ്ങൾ പേറുന്ന-
യെന്തിനും പോരുന്ന ന്യൂജെൻ സിനിമയിൽ
നാവിന്റെ യറ്റത്തൊലിക്കും വിഷ ജല-
മാരാധകർക്കോ യമൃതിന്റെ തുള്ളികൾ

നേരായ ധാർമ്മിക ജീവിത പാതയിൽ
സാദരം വന്ന് പിറക്കാത്ത യുണ്ണികൾ
മാതാ പിതാക്കൾക്കളെ വേദനയൂട്ടുന്ന
ശാപ ജന്മങ്ങളാം പേയ് വിഷ നായകൾ.

നാക്കുകൾ നീട്ടി വിഷജലമിറ്റിച്ച്
പേപ്പട്ടികൾ വാഴും നാടും നഗരവും
ഭ്രാന്താലയം തന്നെ, ‘ദൈവത്തിൻ നാടെ‘
നതാരുടെ സ്വപ്നം? -നടക്കാത്ത സ്വപ്നമോ?

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News