ഗവർണർ രണ്ടും കല്പിച്ച്; മാധ്യമങ്ങളെ കണ്ട് നിര്‍ണ്ണായക രേഖകള്‍ പുറത്തു വിടുമെന്ന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ മാധ്യമങ്ങളെ കാണാനൊരുങ്ങി ഗവർണർ. ചില സുപ്രധാന രേഖകളും ദൃശ്യങ്ങളും വാർത്താസമ്മേളനത്തിൽ പുറത്തുവിടുമെന്നും ഗവർണർ പറഞ്ഞു. അദ്ദേഹം നാളെ (തിങ്കളാഴ്ച) രാവിലെ 11.45ന് രാജ്ഭവനിൽ മാധ്യമങ്ങളെ കാണും.

സംസ്ഥാനത്തെ സർവ്വകലാശാലകളുടെ കാര്യങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ എഴുതിയ കത്ത് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്ന് ഗവർണർ പറഞ്ഞു. അങ്ങനെ പറഞ്ഞ സര്‍ക്കാരാണ് ഇപ്പോൾ സർവകലാശാലകളുടെ നിയന്ത്രണം കൈക്കലാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2019 ഡിസംബറിൽ കണ്ണൂർ സർവകലാശാലയിൽ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് ഉദ്ഘാടനം ചെയ്യാൻ പോയപ്പോൾ അവിടെ നേരിട്ട സംഭവത്തിന്‍റെ ചില വീഡിയോ ക്ലിപ്പുകൾ പുറത്തുവിടുമെന്നും ഗവർണർ അറിയിച്ചിട്ടുണ്ട്.പരസ്യമായി സംസാരിക്കാതിരിക്കാൻ, തന്നെ ഭയപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് താൻ അവിടെ നേരിട്ടതെന്നും സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കരുതെന്ന് മുഖ്യമന്ത്രി പൊലീസിനോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News