എലിസബത്ത് രാജ്ഞിക്ക് അവസാനമായി വിടപറയാൻ ബ്രിട്ടനും ലോകവും തയ്യാറെടുക്കുന്നു

ലണ്ടന്‍: ബ്രിട്ടനും ലോക നേതാക്കളും ലോകമെമ്പാടുമുള്ള രാജകുടുംബങ്ങളും തിങ്കളാഴ്‌ച എലിസബത്ത് രാജ്ഞിയോട് അവരുടെ യുഗത്തിലെ അവസാനത്തെ ഉന്നത വ്യക്തിത്വത്തിന് അന്തിമ യാത്രയയപ്പ് നൽകും.

ലണ്ടനിലെ ചരിത്രപ്രസിദ്ധമായ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ രാജ്ഞിക്ക് വിട ചൊല്ലാന്‍ ലക്ഷക്കണക്കിന് ആളുകളാണ് ക്യൂവിൽ നിന്നത്. ആഗോള നേതാക്കള്‍ ഉള്‍പ്പെടെ 10 ലക്ഷം പേര്‍ സംസ്‌കാര ചടങ്ങിന് ലണ്ടനിലെത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഞായറാഴ്‌ച (സെപ്‌റ്റംബര്‍ 18) ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്‌ടപതി ദ്രൗപദി മുർമു, രാജ്ഞിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്ന വെസ്റ്റ്മിൻസ്റ്റർ ഹാളിൽ എത്തി ആദരാഞ്ജലി അർപ്പിച്ചു.

ലണ്ടനിലെ ലാൻകാസ്റ്റർ ഹൗസിൽ ആക്‌ടിങ് ഹൈക്കമ്മിഷണർ സുജിത് ഘോഷിനൊപ്പം എത്തിയാണ് മുർമു അനുശോചന പുസ്‌തകത്തിൽ ഒപ്പുവച്ചത്. മുര്‍മുവിന് പുറമെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ ലണ്ടനിലെത്തിയിട്ടുണ്ട്. ഇന്ന് പ്രാദേശിക സമയം രാവിലെ 11 മണിക്ക് ലണ്ടനിലെ വെസ്‌റ്റ്‌മിന്‍സ്റ്റർ ആബിയിലാണ് സംസ്‌കാര ചടങ്ങുകള്‍.

വിൻഡ്‌സര്‍ കൊട്ടാരത്തിലെയും വെസ്റ്റ്മിൻസ്റ്റർ ആബിയിലെയും സംസ്‌കാര ചടങ്ങുകള്‍ക്കിടെ ശബ്‌ദശല്യം ഉണ്ടാകാതിരിക്കാന്‍ ഹീത്രോ വിമാനത്താവളത്തിലെ 100 വിമാനങ്ങളാണ് റദ്ദാക്കിയത്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്, ന്യൂസിലാന്‍ഡ് പ്രസിഡന്‍റ് ജസീന്ത ആര്‍ഡണ്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്‌റ്റിന്‍ ട്രൂഡോ, ജർമന്‍ പ്രസിഡന്‍റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മയര്‍, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌ന്‍ തുടങ്ങിയ പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.

സ്കോട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽ സെപ്‌റ്റംബര്‍ എട്ടിനായിരുന്നു എലിസബത്ത് രാജ്ഞിയുടെ അന്ത്യം. 96 വയസായിരുന്നു. രാജ്ഞിയുടെ വേനല്‍ക്കാല വസതിയാണ് ബാൽമോറൽ കൊട്ടാരം. 2021 ഒക്‌ടോബര്‍ മുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. മൂത്ത മകന്‍ ചാള്‍സാണ് (73) ബ്രിട്ടന്‍റെ പുതിയ രാജാവ്.

Print Friendly, PDF & Email

Leave a Comment

More News