അവതാരകയെ അസഭ്യം പറഞ്ഞ കേസിൽ അറസ്റ്റിലായി മണിക്കൂറുകൾക്ക് ശേഷം നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം ലഭിച്ചു

എറണാകുളം: തിങ്കളാഴ്ച (സെപ്റ്റംബർ 26) തന്റെ വരാനിരിക്കുന്ന ചിത്രമായ ചട്ടമ്പിയുടെ പ്രമോഷനുകൾക്കായി അഭിമുഖം നടത്തുന്നതിനിടെ ഒരു യൂട്യൂബ് ചാനലിലെ വനിതാ അവതാരകയെ ക്യാമറാ സംഘത്തോടൊപ്പം അധിക്ഷേപിച്ചെന്നാരോപിച്ച് മലയാളത്തിലെ പ്രമുഖ നടൻ ശ്രീനാഥ് ഭാസിയെ കൊച്ചിയിൽ വെച്ച് അറസ്റ്റ് ചെയ്തു.

എന്നാല്‍, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 354 എ (1) (IV), 509, 294 ബി വകുപ്പുകൾ പ്രകാരം അറസ്റ്റിലായ നടന് ജാമ്യം ലഭിച്ചു. അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കാനില്ലെന്ന് ശ്രീനാഥ് ഭാസി മാധ്യമങ്ങളോട് പറഞ്ഞു. നടനോട് ഇന്ന് രാവിലെ മരട് സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ താരം സാവകാശം തേടിയതനുസരിച്ച് നാളെ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു. അതിനിടെ, തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ നടന്‍ മരട് പോലീസ് സ്റ്റേഷനിലെത്തുകയും പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

അവതാരകയുടെ പരാതി പ്രകാരം സ്‌ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായതിനാൽ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് വിട്ടത്. കഴിഞ്ഞ ബുധനാഴ്‌ചയാണ് ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന അഭിമുഖത്തില്‍ അവതാരകയുടെ ചോദ്യങ്ങള്‍ ഇഷ്‌ടപ്പെടാത്തതിനെ തുടര്‍ന്ന് ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞത്.

തുടർന്ന് അവതാരക പോലീസിലും വനിതാ കമ്മീഷനിലും പരാതി നൽകി. പരാതിക്കാരിയുടേയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

നടനും ഗായകനുമായ ശ്രീനാഥ് ഭാസി 2011 ൽ ബ്ലെസി സംവിധാനം ചെയ്ത് മോഹൻലാലും അനുപം ഖേറും അഭിനയിച്ച പ്രണയം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. കുമ്പളങ്ങി നൈറ്റ്‌സ്, ഭീഷ്മ പർവ്വം, വീട്, കപ്പേള തുടങ്ങി അൻപതോളം ചിത്രങ്ങളിൽ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. ഒരു ഇടവേളയ്ക്കു ശേഷം തകർപ്പൻ പ്രകടനത്തിലൂടെയാണ് നടന്റെ തിരിച്ചുവരവ്.

 

Print Friendly, PDF & Email

Leave a Comment

More News