കുളത്തില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കവേ അമ്മയും മകളും മുങ്ങി മരിച്ചു

തൃശൂർ: കുളത്തില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കവേ അമ്മയും മകളും കുളത്തില്‍ വീണ് മുങ്ങി മരിച്ചു. തൃശൂര്‍ മാളപള്ളിപ്പുറം സ്വദേശി കളപ്പുരയ്ക്കൽ ജിയോയുടെ ഭാര്യ മേരി അനു (37), മകൾ ആഗ്ന (11) എന്നിവരാണ് മരിച്ചത്. മാള പൂപ്പത്തിയില്‍ പാടത്തെ കുളത്തിലേക്ക് വീണ മകളുടെ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ മേരി അനു വെള്ളത്തിൽ വീണു. ആഗ്ന അമ്മയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുളത്തിൽ വീഴുകയായിരുന്നു.

ഇന്നലെ വൈകിട്ട് 5.30ഓടെയാണ് അപകടം നടന്നത്. പൂപ്പത്തിയില്‍ താമസിക്കുന്ന ഇവർ ബന്ധുവീട്ടിൽ നിന്ന് മടങ്ങുകയായിരുന്നു. ചുള്ളൂർ ക്ഷേത്രം റോഡരികിൽ നിൽക്കുമ്പോൾ റോഡിന് സമീപത്തെ വയലിൽ കൃഷിക്കായി കുഴിച്ച കുളത്തിലേക്ക് പോയ ഇളയ കുട്ടിയുടെ ചെരുപ്പ് വെള്ളത്തിൽ വീണു. മകൾ വിളിച്ചതിനെ തുടർന്ന് ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ മേരി അനു കാല്‍ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ട് മൂത്ത മകൾ ആഗ്ന അമ്മയെ രക്ഷിക്കാൻ കുളത്തിലേക്ക് ഇറങ്ങിയെങ്കിലും കുട്ടിയും മുങ്ങുകയായിരുന്നു.

15 അടിയോളം താഴ്ചയുള്ള കുഴിയിലാണ് ഇരുവരും വീണത്. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ചേർന്ന് നടത്തിയ തെരച്ചിലിലാണ് അപകടം മനസിലാകുന്നത്. തുടർന്ന് അഗ്നിരക്ഷാ സേന എത്തി ഇരുവരെയും കരയ്ക്കു കയറ്റി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

Leave a Comment

More News