ചിറകടികൾ (യുദ്ധ വിരുദ്ധ കവിത): ജയൻ വർഗീസ്

(ആണവായുധ ഭീഷണിയുടെ അനിശ്ചിതത്വത്തിന്നടിയിൽ ആയുസ്സിന്റെ അരനാഴിക നേരം തള്ളി നീക്കുന്നആധുനിക മനുഷ്യന്, അതിരുകൾ തിരിക്കപ്പെട്ട ഭൂമിയിലെ രാഷ്ട്രീയ (ഉദാഹരണം : റഷ്യൻ – യുക്രയിൻ ) നേതാക്കളുടെ ധാർഷ്ട്യത്തിന്റെ കാൽചുവടുകളിൽ സ്വന്തം ജീവിതം പോലും അടിയറവു വയ്‌ക്കേണ്ടി വരുന്നദയനീയ സാഹചര്യങ്ങളിൽ വിശ്വ മാനവികതയുടെ ചതഞ്ഞരയുന്ന സ്വപ്നങ്ങളുടെ ചിറകടികൾ)

ഉത്തുംഗ വിന്ധ്യ ഹിമവൽ സാനുക്കളെ,
അത്യഗാധങ്ങളാ, മാഴിക്കുടങ്ങളേ,
സുപ്രഭാതങ്ങൾ വിടർത്തും നഭസ്സിന്റെ –
യത്യത്ഭുതങ്ങളെ, ചന്ദ്ര താരങ്ങളേ,

ഇത്തിരിപ്പൂവായ്,യിവിടെയീ ഭൂമി തൻ
മുറ്റത്തു നിന്ന് ചിരിക്കുമീ മാനവ –
വർഗ്ഗത്തിനായി ഞാൻ മാപ്പു ചോദിക്കട്ടെ,
ഹൃദ് മിഴിനീരാൽ കഴുകട്ടെ കാലുകൾ !

നിത്യവും സൂര്യനുദിക്കാതിരുന്നില്ല,
കൃത്യമാ, യെത്താതിരുന്നില്ല രാവുകൾ.
തെറ്റിയും, മുല്ലയും പൂക്കുന്ന കാവുകൾ –
ക്കിക്കിളി യേകാതീരുന്നില്ല കാറ്റുകൾ?

എന്റെ വർഗ്ഗത്തിനായെന്തെന്തു ചാരുത
മന്ദസ്മിതങ്ങൾക്കു ചാർത്തി നീ വിശ്വമേ !
തിന്നും,കുടിച്ചു, മിണചേർന്നും നാളെയെ
പൊന്നിൻ കിനാവിന്റെ തൊട്ടിലി, ലാട്ടിയും,

ജന്മാന്തരങ്ങൾ കൊഴിച്ചിട്ട തൂവലിൽ
‘ വല്യ’ സംസ്‌കാരത്തിൻ കോട്ടകൾ കെട്ടിയും,
രണ്ടായിരത്തിൻ പടികൾ കടന്നുവ –
ന്നിന്നിന്റെ നെഞ്ചിൽ പതുങ്ങിക്കിടക്കവേ,

ഞെട്ടുന്നു, നമ്മൾ നടുങ്ങുന്നു കേവലം
വട്ടനായ് തീരുന്നു മാനവൻ ഭൂമിയിൽ!
ഹൃത്തടം പൊട്ടുന്നു, വേദന യാണവ –
യശ്വമേധങ്ങൾ കുതിക്കുന്നു ചുറ്റിലും?

മെക്സിക്കൻ ഊഷര ഭൂമിയിലാദ്യമായ്
കെട്ടഴിഞ്ഞീ നവ രാക്ഷസനിന്നലെ,
ജപ്പാന്റെ മാറ് പിളർന്നു ചുടു ചോര –
യിറ്റിക്കുടിച്ചു മദിച്ചു രസിച്ചിവൻ?

ബ്രിട്ടനിൽ, റഷ്യയിൽ, ഫ്രെഞ്ചിൽ, ജനതതി
മുട്ടിയുരുമ്മി പുലരുന്ന ചൈനയിൽ,
എത്തിപ്പോയ് ! ദംഷ്ട്രങ്ങളിൽ ചുടുചോര ത –
ന്നുഗ്രത, പൊഖ്‌റാനിൽ, ബുദ്ധന്റെ ഭൂമിയിൽ ?

എന്തിനായ് നമ്മൾ പരസ്പരം ചോര തൻ
ഗന്ധം മണത്തു നശിക്കുന്നു നാടുകൾ?
എന്തിനു സോദരർ തമ്മിൽ തലകീറി
കൊന്നു മുന്നേറാൻ കൊതിക്കുന്നു മാനവർ ?

ആരും ജയിക്കാത്ത പന്തയക്കളിയുടെ
പേരാണ് ‘ യുദ്ധ ‘ മെന്നറിയുവാൻ നമ്മുടെ
‘ഗീത’ യിലില്ലയോ ബോധനം? വേദങ്ങൾ
പാടി നടക്കുന്നതീ സത്യമല്ലയോ?

മാനവൻ ! ഭൂമിതൻ ധന്യത, ദൈവത്തിൻ
സ്നേഹം കടഞ്ഞ യമൃതിന്റെ തുള്ളികൾ !
തോളോട് തോൾ ചേർന്ന് നാളെയെ നന്മയി –
ലൂതിയുരുക്കി യുണർത്തേണ്ട സോദരർ !

ഏതോ പ്രലോഭന നീതി ശാസ്ത്രങ്ങൾ ത –
ന്നൂരാക്കുടുക്കിൽ അകപ്പെട്ടു പോയി നാം.
ആരുടെ നെഞ്ചും പിളർന്നതിനുള്ളിലെ
ചോരയിൽ മുങ്ങിക്കുളിക്കുന്നു ജീവിതം ?

രത്ന ഗർഭങ്ങൾ വഹിക്കുമീ ഭൂമിയിൽ
കുത്തി നിറച്ച ചെകുത്താന്റെ വാളുകൾ,
ദൂരെയെറിഞ്ഞു തിരുത്തുക, മാനവ –
സ്നേഹികൾ, നമ്മുടെ കോരിത്തരിപ്പുകൾ !!

ഉത്തുംഗ വിന്ധ്യ ഹിമവൽ സാനുക്കളേ,
അത്യഗാധങ്ങളാ, മാഴിക്കുടങ്ങളേ,
സുപ്രഭാതങ്ങൾ വിടർത്തും നഭസ്സിന്റെ –
യത്യത്ഭുതങ്ങളെ, ചന്ദ്ര താരങ്ങളേ,

ഇത്തിരിപ്പൂവായ്, യിവിടെയീ ഭൂമി തൻ
മുറ്റത്തു നിന്ന് ചിരിക്കുമീ മാനവ –
വർഗ്ഗത്തിനായി ഞാൻ മാപ്പു ചോദിക്കട്ടെ !
ഹൃദ് മിഴിനീരാൽ കഴുകട്ടെ കാലുകൾ !!

* ‘സൂര്യജന്മം‘ കവിതാസമാഹാരത്തിൽ നിന്ന്

Print Friendly, PDF & Email

Leave a Comment

More News