കേരള സർവകലാശാല സെനറ്റില്‍ നിന്ന് പതിമൂന്ന് ഇടത് അംഗങ്ങളെ ഗവർണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കി

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് സെനറ്റ് പ്രതിനിധിയെ നിയമിക്കണമെന്ന ഗവർണറുടെ അന്ത്യശാസനം മറികടക്കാൻ സിൻഡിക്കേറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന 13 ഇടത് സെനറ്റ് അംഗങ്ങളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കി. യൂണിവേഴ്‌സിറ്റി സെനറ്റിലെ 15 നോമിനേറ്റഡ് അംഗങ്ങളിൽ നിന്ന് 13 ഇടത് പ്രതിനിധികളെ പിരിച്ചുവിട്ടതായി ഗവർണറുടെ ഉത്തരവില്‍ പറയുന്നു.

സർവ്വകലാശാല സെനറ്റ് അംഗങ്ങൾ എന്ന നിലയിൽ അവർക്ക് നൽകിയിട്ടുള്ള ചുമതലകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തിൽ ചാൻസലറുടെ അധികാരം വിനിയോഗിച്ച് ഗവർണർ അവരുടെ അംഗത്വം റദ്ദാക്കിയ ഉത്തരവിൽ പറയുന്നു. ഇതോടെ കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായി ഗവർണറും സർക്കാരും തമ്മിലുള്ള നിയമപോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.

കേരള സർവകലാശാല വൈസ് ചാൻസലറുടെ കാലാവധി അവസാനിച്ചതിനാൽ പുതിയ വൈസ് ചാൻസലറെ കണ്ടെത്താൻ സെനറ്റ് പ്രതിനിധിയെ സെർച്ച് കമ്മിറ്റിയിൽ നിയമിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഗവർണർ വൈസ് ചാൻസലർക്ക് അന്ത്യശാസനം നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒക്ടോബർ 11ന് വൈസ് ചാൻസലർ സെനറ്റ് യോഗം വിളിച്ചത്. ആ യോഗത്തില്‍ നിന്നാണ് എൽഡിഎഫ് അംഗങ്ങൾ വിട്ടു നിന്നത്.

ഇതോടെ ക്വാറം തികയാന്‍ ആവശ്യമായ 19 എന്ന അംഗസംഖ്യ തികഞ്ഞില്ല. ഇതേതുടര്‍ന്ന്‌ യോഗം കൂടാനായില്ല. യു.ഡി.എഫിന്റെ 11 അംഗങ്ങളും വൈസ്‌ ചാന്‍സലര്‍ ഡോ.വി.പി. മഹാദേവന്‍ പിള്ളയും ഗവര്‍ണറുടെ രണ്ട്‌ പ്രതിനിധികളും മാത്രമാണ്‌ യോഗത്തിനെത്തിയത്‌. യോഗം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും എല്‍.ഡി.എഫ്‌
ആരോപിച്ചു.

തൊട്ടുപിന്നാലെയാണ്‌ യോഗത്തില്‍ പങ്കെടുക്കാതെ മാറി നിന്ന 13 പേരെ പിരിച്ചുവിട്ട്‌ ഗവര്‍ണര്‍ ഉത്തരവിറക്കിയത്‌. ജി. മുരളീധരന്‍ പിള്ള, ബി. ബാലചന്ദ്രന്‍, ഡോ.പി. അശോകന്‍, ഡോ. കെ. എസ്‌. ചന്ദ്രശേഖര്‍, ഡോ. കെ. ബിന്ദു, ഡോ. സി.എ. ഷൈല, ഡോ. ബിനു ജി ബീംനാഥ്‌, ആര്‍.എസ്‌. സുരേഷ്ബാബു, ടി.എസ്‌. യമുനാ ദേവി, ജി.കെ. ഹരികുമാര്‍, വി. അജയകുമാര്‍, ഷേയ്ക്‌ പി ഹാരിസ്‌, ജോയ്‌ സുകുമാരന്‍, ജി. പത്മകുമാര്‍ എന്നീ സെനറ്റ്‌ അംഗങ്ങളെയാണ്‌ ഗവര്‍ണര്‍ പുറത്താക്കിയത്‌.

Print Friendly, PDF & Email

Leave a Comment

More News