പ്രണയത്തില്‍ നിന്ന് കാമുകന്‍ പിന്മാറി; കോളേജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി; കാമുകന്‍ അറസ്റ്റില്‍

കാസർഗോഡ്: പ്രണയത്തില്‍ നിന്ന് കാമുകന്‍ പിന്മാറിയതറിഞ്ഞ് കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകൻ അറസ്റ്റിൽ. കാഞ്ഞങ്ങാട് സ്വദേശിനി നന്ദയുടെ സുഹൃത്തും അലാമിപ്പള്ളി സ്വദേശിയുമായ അബ്ദുൾ ഷുഹൈബാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് നന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഷുഹൈബിന്റെ ഭീഷണിയെ തുടർന്നാണ് നന്ദന ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ രാത്രിയാണ് ഷുഹൈബിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് നന്ദയെ കണ്ടെത്തിയത്.

ജീവനൊടുക്കുന്നതിന് മുമ്പ് നന്ദ ഷുഹൈബിന് വീഡിയോ കോള്‍ ചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഷുഹൈബും നന്ദയും കുറച്ചുനാളായി അടുപ്പത്തിലായിരുന്നു എന്നും അടുത്തിടെ ഇവരുടെ ബന്ധത്തില്‍ വിള്ളലുണ്ടായി എന്നും പറയപ്പെടുന്നു.

ഷുഹൈബ് അകല്‍ച്ച കാണിച്ചെന്നു മാത്രമല്ല നന്ദയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും, തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നുമാണ് പൊലീസ് പറയുന്നത്. കാഞ്ഞങ്ങാട് സി കെ നായര്‍ ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു നന്ദ.

 

Leave a Comment

More News