ഭര്‍തൃഗൃഹത്തിലെ പീഡനം: ഇരട്ടക്കുട്ടികളുടെ അമ്മ ആത്മഹത്യ ചെയ്തു

കോഴിക്കോട്: പറമ്പിൽ ബസാർ സ്വദേശി അനഘയുടെ മരണത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണയ്ക്കും ഗാർഹിക പീഡനത്തിനുമാണ് അനഘയുടെ ഭർത്താവ് ശ്രീജേഷിനെതിരെ ചേവായൂർ പോലീസ് കേസെടുത്തത്.

മൂന്ന് വർഷം മുമ്പാണ് അനഘയും ശ്രീജേഷും വിവാഹിതരായത്. ദമ്പതികൾക്ക് ഇരട്ടക്കുട്ടികളുണ്ട്. അനഘയുടെ മാതാപിതാക്കൾ നിയമപരമായി വേർപിരിഞ്ഞവരാണ്. ഇതിന്റെ പേരിൽ ശ്രീജേഷും അമ്മയും സഹോദരിയും അനഘയെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നു.

ആരെയും വീട്ടിൽ കാണാനോ സ്വന്തം വീട്ടിലേക്ക് വരാനോ അനുവദിക്കാതെ അനഘ ഏറെ മാനസിക പീഡനത്തിന് ഇരയായതായി ബന്ധുക്കൾ പറയുന്നു.

അനഘയുടെ പിറന്നാൾ ദിനത്തിൽ കേക്കുമായി വന്ന സഹോദരനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. തുടർന്ന് കേക്ക് വലിച്ചെറിഞ്ഞു. അനഘ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അമ്മയെയും അനഘയെ കാണാൻ അനുവദിച്ചില്ല. പിന്നീട് ഇരട്ടക്കുട്ടികൾ ജനിച്ച വിവരം അറിഞ്ഞപ്പോഴും ശ്രീജേഷും അമ്മയും അനഘയുടെ ബന്ധുക്കളെ തടഞ്ഞു.

അനഘ എംഎല്‍ടി കോഴ്സ് കഴിഞ്ഞിരുന്നു. ഇതിന്റെ സര്‍ട്ടിഫിക്കറ്റ് എടുക്കാനായി അടുത്തിടെ വീട്ടില്‍ എത്തിയ അനഘ ഭര്‍ത്താവ് ശ്രീജേഷ് മര്‍ദിക്കുന്ന കാര്യവും ശ്രീജേഷിന്റെ അമ്മയുടെ പീഡനങ്ങളും വീട്ടുകാരെ അറിയിച്ചിരുന്നു. മടങ്ങി പോകേണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞെങ്കിലും സഹോദരങ്ങള്‍ വിവാഹം കഴിക്കാത്തതിനാല്‍ താന്‍ വീട്ടില്‍ വന്ന് നില്‍ക്കുന്നത് ശരിയല്ലെന്നും എങ്ങനെയെങ്കിലും ഭര്‍തൃവീട്ടില്‍ അഡ്ജസ്റ്റ് ചെയ്‌തോളാമെന്നും ആയിരുന്നു മറുപടി.

അതേസമയം, ഇനി വീട്ടില്‍ പോയാല്‍ താലി അഴിച്ചുവെച്ച് പോയാല്‍ മതിയെന്ന് ശ്രീജേഷ് അനഘയെ ഭീഷണിപ്പെടുത്തിയിരുന്നു. ബന്ധുക്കളുടെ നമ്പറെല്ലാം ബ്ലോക്ക് ചെയ്തെന്നും ആരോപണമുണ്ട്. ഹൃദ്രോഗിയായ അനഘയുടെ അമ്മയ്ക്ക് മകളെ കാണണം എന്ന് പറഞ്ഞ സമയത്തും ഭര്‍തൃവീട്ടുകാര്‍ അനുവദിച്ചിരുന്നില്ല.

ഒക്‌ടോബർ 27ന് രാവിലെ 11 മണിയോടെ ഭർത്താവിന്റെ വീട്ടിൽ നിന്ന് ഇറങ്ങിയ അനഘയെ ബന്ധുവീട്ടില്‍ കണ്ടവരുണ്ട്. എന്നാൽ ഈ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അതിനാല്‍ തിരിച്ചുപോയി. ഈ വീടിന് സമീപത്തെ റെയിൽവേ ട്രാക്കിലേക്ക് പോയ അനഘയെ ട്രെയിനിടിച്ച് മരിച്ച നിലയിൽ പിന്നീട് കണ്ടെത്തി.

അനഘയുടെ അപപകടത്തില്‍ അസ്വാഭാവിക മരണത്തിന് എലത്തൂര്‍ പോലീസാണ് ആദ്യം കേസെടുത്തത്. പിന്നാലെ അനഘയുടെ മരണത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരേ കേസ് എടുക്കണമെന്നും അനഘയുടെ കുഞ്ഞുങ്ങളെ വിട്ടുകിട്ടണം എന്നും ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയതോടെയാണ് കേസ് ചേവായൂര്‍ സ്റ്റേഷനിലേക്ക് മാറ്റിയത്.

 

Print Friendly, PDF & Email

Leave a Comment

More News