സവര്‍ണ സംവരണം: സുപ്രീം കോടതി വിധി പിന്നാക്ക സമൂഹങ്ങളോടുള്ള ഇരട്ട അനീതി

കോഴിക്കോട്: 103-ാം ഭരണഘടന ഭേദഗതിയിലൂടെ നിലവില്‍ വന്ന സവര്‍ണ സംവരണത്തിന് സാധുത നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ അഞ്ച് അംഗ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി ഭരണഘടനയുടെ അന്തസത്തക്ക് തന്നെ വിരുദ്ധമായതും ഇന്ദിര സാഹ്നി കേസടക്കമുള്ള സുപ്രീം കോടതിയുടെ തന്നെ സുപ്രധാനമായ വിധികളുടെ നഗ്നമായ ലംഘനവും പിന്നാക്ക സമൂഹങ്ങളോടുള്ള കടുത്ത വഞ്ചനയും നീതിനിഷേധവുമാണെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

ചരിത്രപരമായും സാമൂഹികപരമായും പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ ഭരണഘടന അനുശാസിച്ച വ്യവസ്ഥയായ സംവരണം മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങള്‍ക്ക് കൂടി നല്‍കുന്നതോടെ സംവരണം എന്ന ആശയത്തെ തന്നെ അട്ടിമറിക്കുകയാണ് സുപ്രീം കോടതി ചെയ്തിരിക്കുന്നത്.

പിന്നാക്ക സമുദായങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട സംവരണം തന്നെ പൂര്‍ണ്ണമായി പ്രയോഗവത്കരിക്കാതിരിക്കുകയും വിദ്യാഭ്യാസ-ഉദ്യോഗ തലങ്ങളില്‍ ഇപ്പോഴും വലിയ പ്രാതിനിധ്യക്കുറവ് നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തന്നെയാണ് സാമൂഹിക അധികാര മേഖലയില്‍ അധിക പ്രാതിനിധ്യം അനുഭവിക്കുന്ന സവര്‍ണ വിഭാഗങ്ങള്‍ക്ക് കൂടി സംവരണം നടപ്പിലാക്കുന്നത് എന്നത് പിന്നാക്ക സമുദായങ്ങളോടുള്ള ഇരട്ട അനീതിയാണ്. ചരിത്രപരമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നു എന്ന സംവരണത്തിന്റെ അന്തസത്ത ഉറപ്പുവരുത്തുന്ന തരത്തില്‍ സവര്‍ണ വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കുറിച്ച് യാതൊരു പഠനങ്ങളോ കണക്കുകളോ നിലവിലില്ലാതെ അശാസ്ത്രീയമായി നടപ്പിലാക്കിയ സംവിധാനമാണ് മുന്നാക്ക സംവരണം.

കഴിഞ്ഞ 75 കൊല്ലക്കാലമായി നിലവിലുള്ള സംവരണ വ്യവസ്ഥയുടെ രീതികളില്‍ മാറ്റം വരേണ്ടതുണ്ടെന്നും സവര്‍ണ്ണ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കുന്നത് നിലവിലെ 50% സംവരണ വ്യവസ്ഥയെ ബാധിക്കില്ലെന്നുമുള്ള സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധിയിലെ പരാമര്‍ശം യുക്തിക്ക് നിരക്കാത്തതും ജനറല്‍ ക്വാട്ട എന്നാല്‍ മുന്നാക്ക വിഭാഗങ്ങള്‍ക്ക് മാത്രമുള്ളതാണെന്ന തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണ്.

പിന്നാക്ക സമുദായങ്ങളുടെ അവകാശങ്ങളെ നിഷേധിക്കുന്നതുമായ ഈ വിധി കേവലം നിരാശ സമ്മാനിക്കുന്ന ഒന്നായി മനസ്സിലാക്കാതെ പിന്നാക്ക സമുദായങ്ങള്‍ ഒന്നിച്ച് അണിനിരക്കാനും മണ്ഡല്‍ പ്രക്ഷോഭങ്ങളുടക്കമുള്ള സാമൂഹിക നീതിക്ക് വേണ്ടിയുള്ള ജനാധിപത്യ സമരങ്ങളുടെ തുടര്‍ച്ചയെ സാക്ഷാത്കരിക്കാനുള്ള സന്ദര്‍ഭമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധിയിലൂടെ സംഭവിച്ച സംവരണ അട്ടിമറിക്കെതിരെ മുഴുവൻ സംവരണ വിഭാഗങ്ങളും നീതിക്ക് വേണ്ടി നിലകൊള്ളുന്നവരും ഒരുമിച്ച് നിന്നുള്ള സാമൂഹിക-രാഷ്ട്രീയ-നിയമ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന് വരേണ്ടതുണ്ടെന്നും എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം അധ്യക്ഷത വഹിച്ചു.

Print Friendly, PDF & Email

Leave a Comment

More News