കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ ഇലക്ഷൻ: ഫ്രറ്റേണിറ്റിക്ക് മുന്നേറ്റം

അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജിൽ പി.ജി റെപ്രസന്റേറ്റീവായി വിജയിച്ച ഫ്രറ്റേണിറ്റി സ്ഥാനാർത്ഥി ആഷിഖിന്റെ വിജയാഹ്ലാദത്തിൽ നിന്ന്

പാലക്കാട്: കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ ഇലക്ഷനിൽ ജില്ലയിൽ ഫ്രറ്റേണിറ്റിക്ക് മുന്നേറ്റം. ഒറ്റപ്പാലം എൻ.എസ്.എസ് ട്രൈനിങ് കോളേജ്, അകലൂർ മൗണ്ട്സീന ആർട്സ് ആന്റ് സയൻസ് കോളേജ്, കാഞ്ഞീരപ്പുഴ ദേവമാത കോളേജ് എന്നിവിടങ്ങളിൽ ഫ്രറ്റേണിറ്റി യു.യു.സി സ്ഥാനാർത്ഥികൾ വിജയിച്ചു. അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജിൽ എസ്.എഫ്.ഐയുടെ ഫുൾ പാനൽ വിജയത്തിന് തടയിട്ട് ഏക പ്രതിപക്ഷാംഗമായി ഫ്രറ്റേണിറ്റി സ്ഥാനാർത്ഥി ആഷിഖ്, പി.ജി റെപ്രസന്റേറ്റീവായി വിജയിച്ചു. മൗണ്ട്സീന കോളേജിൽ വൈസ് ചെയർപേഴ്സൻ, തേർഡ് ഇയർ റെപ്, 4 ക്ലാസ് റെപ്രസന്റേറ്റീവ് പോസ്റ്റുകൾ തുടങ്ങിയവയിലും ഫ്രറ്റേണിറ്റി വിജയിച്ചു.

വിക്ടോറിയ കോളേജ്, ചിറ്റൂർ ഗവ.കോളേജ് എന്നിവിടങ്ങളിലടക്കം ജില്ലയിലെ കാമ്പസുകളിൽ ഏകാധിപത്യ പ്രവണതകൾക്കെതിരെ ശക്തമായ പോരാട്ടവും പ്രചരണവും ഫ്രറ്റേണിറ്റിക്ക് നടത്താൻ സാധിച്ചുവെന്ന് ജില്ല പ്രസിഡന്റ് ഫിറോസ്.എഫ്.റഹ്മാൻ പറഞ്ഞു. നെന്മാറ നേതാജി കോളേജിൽ എസ്.എഫ്.ഐ ഏകാധിപത്യത്തിന് വെല്ലുവിളിയുയർത്തി ഏക എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച് ഫ്രറ്റേണിറ്റി സ്ഥാനാർത്ഥി സുമയ്യ മികച്ച പ്രകടനം കാഴ്ചവെച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനിലും ഫ്രറ്റേണിറ്റി ജില്ലയിൽ മുന്നേറ്റം നടത്തി. പുലാപ്പറ്റ എം.എൻ.കെ.എം.ജി.എച്ച്.എസ്.എസ്, മലമ്പുഴ ജി.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാന്മാരായി തെരഞ്ഞെടുക്കപ്പട്ടു. ഈ സ്ക്കൂളുകളിലടക്കം ഫ്രറ്റേണിറ്റി പ്രവർത്തകർ ക്ലാസ് റെപ്രസന്റേറ്റീവുകളായും വിജയിച്ചു. സ്ക്കൂളുകളിലും കോളേജുകളിലും ജനാധിപത്യത്തെ ശക്തിപ്പെടുത്താനായി ഫ്രറ്റേണിറ്റി കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുമെന്ന് ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

Print Friendly, PDF & Email

Leave a Comment

More News