നിരവധി പുരുഷന്മാരെ ഹണി ട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കർണാടക യുവതി ഭുവനേശ്വറിൽ പിടിയിൽ

ഭുവനേശ്വർ: പുരുഷന്മാരെ ഹണി ട്രാപ്പില്‍ കുടുക്കി വഞ്ചിച്ചതിന് രാജസ്ഥാൻ പോലീസ് സംഘം ശനിയാഴ്ച ഭുവനേശ്വറിൽ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു. 42കാരിയായ പ്രീതി ദേശായിയെയാണ് പോലീസ് പിടികൂടിയത്. കർണാടക സ്വദേശിയായ പ്രീതി ഭുവനേശ്വറിലാണ് താമസിച്ചിരുന്നത്.

രാജസ്ഥാൻ സ്വദേശിയായ വ്യവസായിയുമായി സോഷ്യൽ മീഡിയ വഴി സൗഹൃദത്തിലായ യുവതി ഐടി പ്രൊഫഷണലെന്ന വ്യാജേന ഇയാളെ കുടുക്കുകയായിരുന്നു. പിന്നീട് അവർ വിവാഹ നിശ്ചയം നടത്തി. എന്നാൽ, ഇരുവരും ചേര്‍ന്നുള്ള ചില ഫോട്ടോകൾ ഉപയോഗിച്ച് വ്യവസായിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി. ലക്ഷക്കണക്കിന് രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള ഭീഷണി സന്ദേശങ്ങള്‍ അയക്കുകയും, അങ്ങനെ ചെയ്തില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി.

ഭീഷണി സഹിക്കവയ്യാതെ വ്യവസായി വഞ്ചനാക്കുറ്റത്തിന് യുവതിക്കെതിരെ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ രാജസ്ഥാൻ പോലീസും ഒഡീഷ പോലീസും സം‌യുക്തമായി അന്വേഷണം നടത്തുകയും ഭുവനേശ്വറിലെ യുവതിയുടെ അപ്പാർട്ടുമെന്റിൽ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.

നാലോ അഞ്ചോ വ്യവസായികളെ ഹണി ട്രാപ്പില്‍ കുടുക്കി പ്രീതി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായാണ് വിവരം. നേരത്തെ പ്രീതിയുടെ പീഡനം മൂലം കർണാടക സ്വദേശിയായ തുണി വ്യാപാരി ആത്മഹത്യ ചെയ്തിരുന്നു. എന്നാൽ, തട്ടിപ്പിനെക്കുറിച്ച് പോലീസ് ഇതുവരെ ഔദ്യോഗിക വിവരമൊന്നും നൽകിയിട്ടില്ല.

Print Friendly, PDF & Email

Leave a Comment