രാജസ്ഥാൻ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് പഴയ വാഹനങ്ങളെ നവീകരിച്ച് ഇ-ബൈക്കുകളാക്കുന്നു

ജോധ്പൂർ: രാജസ്ഥാനിലെ ജയ്പൂർ ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പ്, പെട്രോളിൽ ഓടുന്ന പഴയ സ്കൂട്ടറുകൾ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നു. ജോധ്പൂർ നഗരത്തിൽ അടുത്തിടെ നടന്ന രാജസ്ഥാൻ ഡിജിഫെസ്റ്റിൽ നടന്ന പ്രദർശനത്തിലാണ് 67 വയസ്സുകാരിയുടെ ഐഡിയയിലുദിച്ച ആശയം ജനശ്രദ്ധ നേടിയത്.

രാജസ്ഥാൻ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് പഴയ വാഹനങ്ങളെ നവീകരിച്ച് ഇ-ബൈക്കുകളാക്കിയത് നോർത്ത് ഇലക്ട്രിക് ഓട്ടോമൊബൈൽസ് കമ്പനിയുടെ സ്ഥാപകയായ മധു കിരോഡിയാണ്. ഭർത്താവിന്റെ പഴയ സ്‌കൂട്ടർ ഉപയോഗിക്കാൻ ആലോചിച്ചപ്പോഴാണ് തന്റെ മനസ്സിൽ ഈ ആശയം ഉദിച്ചതെന്ന് മധു പറയുന്നു.

“ഇത് എന്റെ ഭർത്താവിന്റെ സ്‌കൂട്ടറായിരുന്നു. ഞങ്ങൾക്ക് വളരെയധികം ആത്മബന്ധമുള്ള സ്കൂട്ടര്‍. ഇത് സംരക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചു, എന്റെ കുട്ടികളോട് ഇത് ഇലക്ട്രിക് സ്‌കൂട്ടറാക്കി മാറ്റാമോ എന്ന് ചോദിച്ചു. അവർ അത് ചെയ്തു. പിന്നീട് അത്തരം കൂടുതൽ വാഹനങ്ങൾ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാൻ തുടങ്ങി. അവസാനം ഞങ്ങൾ അതിൽ നിന്ന് ഒരു സ്റ്റാർട്ടപ്പ് നിർമ്മിച്ചു, ”മധു പറയുന്നു.

ഈ പരിവർത്തനത്തിന് പിന്നിൽ പ്രവർത്തിച്ച മധുവിന്റെ മകൻ ആനന്ദ് കിരോഡി നിലവിൽ ഒരു ബഹുരാഷ്ട്ര കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. ജോലിയേക്കാൾ നൂതനമായ മനോഭാവത്തെ വിലമതിക്കുന്ന അമ്മയുടെ സമീപനത്തെ തുടർന്ന്, പെട്രോളില്‍ ഓടിക്കുന്ന വാഹനത്തെ ഇലക്ട്രിക് വാഹനമാക്കി മാറ്റുന്നത് അദ്ദേഹം വിജയകരമായി നടത്തി. ജോലിക്കായി യുകെയിലായിരുന്നപ്പോൾ ഇത്തരം പരിവർത്തനത്തിനുള്ള അടിസ്ഥാന പരിശീലനം ലഭിച്ചിരുന്നതായി ആനന്ദ് പറയുന്നു.

ഫെബ്രുവരിയിലാണ് ഞങ്ങൾ സ്വന്തം വാഹനം മാറ്റാന്‍ ആരംഭിച്ചത്. അത് എന്റെ പിതാവിന്റെ 1975 മോഡല്‍ ബജാജ് സ്കൂട്ടർ ആയിരുന്നു. അതിൽ വിജയിച്ചപ്പോൾ ഞങ്ങൾ ഒരു സ്പ്ലെൻഡർ ബൈക്കും മറ്റൊരു 2009 മോഡൽ സ്കൂട്ടറും നവീകരിച്ചു. അതിനുശേഷമാണ് ഒരു സ്റ്റാർട്ടപ്പ് ആയി മാറിയത്. പലരും ഞങ്ങളെ സമീപിക്കാൻ തുടങ്ങി. നിങ്ങളുടെ പഴയ വാഹനം പാഴാകാൻ അനുവദിക്കുകയോ പുതിയത് വാങ്ങുകയോ ചെയ്യേണ്ടതില്ല. അതിനെ ഒരു പുതിയതാക്കി മാറ്റുക, വളരെ കുറഞ്ഞ ചിലവില്‍ ഒരു ഇലക്ട്രിക് വാഹനമാക്കി,” ആനന്ദ് പറഞ്ഞു.

ഈ പരിവർത്തനത്തിനായുള്ള ചെലവുകളിലേക്ക് കൂടുതൽ വെളിച്ചം വീശിക്കൊണ്ട്, പഴയ സ്കൂട്ടറുകളും മോട്ടോർ സൈക്കിളുകളും 30,000 രൂപയ്ക്ക് മാറ്റാമെന്ന് ആനന്ദ് പറയുന്നു. ഒരു ഇലക്ട്രിക് സ്കൂട്ടർ ഒറ്റത്തവണ ചാർജ് ചെയ്താൽ 60 കിലോമീറ്റർ സഞ്ചരിക്കാം. മോട്ടോർ സൈക്കിളാകട്ടേ 120 കിലോമീറ്റർ സഞ്ചരിക്കുന്നു. ഒരു തവണ ചാർജ് ചെയ്യുന്നതിനുള്ള ചെലവ് ശരാശരി 11 രൂപയിൽ താഴെയാണ്. പരിവർത്തനം ചെയ്ത വാഹനങ്ങൾ അവ ഉപയോഗിക്കാൻ തയ്യാറായിക്കഴിഞ്ഞാൽ രജിസ്റ്റർ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

“സ്കൂട്ടറിന്റെ മുൻ ഉടമയുടെ പേരിലാണ് രജിസ്ട്രേഷൻ നടത്തുന്നത്. ഉടമയ്ക്ക് പഴയ വാഹന നമ്പർ ഉപയോഗിക്കാം, പക്ഷേ പച്ച നമ്പർ പ്ലേറ്റ് ഉപയോഗിച്ച്,” ആനന്ദ് കൂട്ടിച്ചേർത്തു.

ഡിജിഫെസ്റ്റിൽ കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയ ഈ സംരംഭം അധികം വൈകാതെ തന്നെ ജനപ്രിയമായ ഒന്നായി മാറി. നൂറു കണക്കിനാളുകൾ തങ്ങളുടെ പഴയ പെട്രോൾ വാഹനങ്ങളുമായി ഡിജിഫെസ്റ്റിലെത്തി ഇലക്ട്രിക് വാഹനമാക്കി മാറ്റുന്നുണ്ട്. ഇലക്‌ട്രിക് വാഹനങ്ങളുടെ ആവശ്യത്തിലും ഉപയോഗത്തിലും സമീപകാലത്ത് വർദ്ധിച്ചുവരുന്ന വളർച്ചയ്‌ക്കൊപ്പം, ഈ സംരംഭം അതിന്റെ സാമ്പത്തികവും പരിസ്ഥിതി ബോധമുള്ളതുമായ സമീപനത്തിന് അഭിനന്ദനം അർഹിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News