ആത്മീയതയില്‍ ആനന്ദം കണ്ടെത്തുന്ന പിതാക്കന്മാര്‍

ആത്മീയ ജീവിതത്തിന്‍റെ അതിവിശുദ്ധി കാത്തുസൂക്ഷിക്കുന്ന രണ്ട് ആത്മീയാചാര്യന്മാര്‍ ഈ അടുത്ത കാലത്ത് തങ്ങളുടെ ഭൗതീകാധികാരങ്ങള്‍ എല്ലാം വിട്ടൊഴിഞ്ഞ് സന്യാസ ജീവിതത്തിന്‍റെ ലാളിത്യത്തിലേക്കും എളിമയിലേക്കും വിനയത്തിലേക്കും താപസ ജീവിതത്തിലേക്കുമായി പോകുകയാണ്. അല്ല പൊയ്ക്കഴിഞ്ഞിരിക്കുന്നു. സീറോ മലബാര്‍ സഭയുടെ പാലാ രൂപതയുടെ സഹായ മെത്രാപ്പോലീത്താ മാര്‍ ജേക്കബ്ബ് മുരിക്കനും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊല്ലം രൂപതാ മെത്രാപ്പോലീത്തയായ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തയുമാണ് ഭൗതീകാധികാരവും ഭദ്രാസന ചുമതലകളും സ്ഥാനത്യാഗം ചെയ്തുകൊണ്ട് സന്യാസ ജീവിതത്തിന്‍റെ ഏകാന്തതയിലേക്ക് പോകുന്നത്.

അധികാരമെന്നത് ആത്മീയര്‍ക്കുപോലും ആവേശമാണ്. ആഡംബരം അവര്‍ക്കും ഒരു അലങ്കാരം കൂടിയാണ്. ആത്മീയതയുടെ ലാളിത്യം വാക്കുകളില്‍ കൂടി അനസ്യൂതമൊഴുകുമ്പോഴും അന്തരംഗങ്ങളില്‍ അധികാരവും ആഡംബരവും അവര്‍ ആസ്വദിക്കുന്നുണ്ട്. എല്ലാ മതങ്ങളും പഠിപ്പിക്കുന്നതും പ്രബോധിപ്പിക്കുന്നതും ലാളിത്യവും എളിമയും അനാര്‍ഭാട ജീവിതവുമൊക്കെയാണെങ്കിലും വിശ്വാസികളെ നയിക്കുന്നവര്‍ അത് പിന്‍തുടരാറില്ലായെന്നതാണ് യാഥാര്‍ത്ഥ്യം.

എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തമായി തങ്ങളുടെ ജീവിതം കൊണ്ട് മാതൃകയായിരിക്കുകയാണ് മാര്‍ ജേക്കബ് മുരിക്കന്‍ തിരുമേനിയും സഖറിയാസ് മാര്‍ അന്തോണിയോസ് തിരുമേനിയും. പാരമ്പര്യം കൊണ്ടും പൗരാണിക അടിത്തറകൊണ്ടും പ്രശസ്തികൊണ്ടും പഴമകൊണ്ടും ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന രണ്ട് ഭദ്രാസനങ്ങളാണ് സീറോ മലബാര്‍ സഭയുടെ ഏറ്റവും പ്രശസ്തമായ പാലാ രൂപത. ആഗോള കത്തോലിക്കാ സഭയില്‍ ഏറ്റവും കൂടുതല്‍ വൈദീകരും മെത്രാന്മാരുമുള്ള രൂപത. ഭാരതത്തില്‍ നിന്ന് ആദ്യമായി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്ന രൂപതയാണ്. അതുകൂടാതെ രണ്ട് വിശുദ്ധര്‍ സ്ഥിതി ചെയ്യുന്ന രൂപത കൂടിയാണ് പാലാ രൂപത. പൗരാണിക ക്രൈസ്തവ പാരമ്പര്യവും കത്തോലിക്കാ പാരമ്പര്യത്തിന്‍റെ ഈറ്റില്ലവും കൂടിയാണ് പാലാ രൂപത. അങ്ങനെ ഏറ്റവും തിളക്കമാര്‍ന്ന രൂപതയായ പാലാ രൂപതയുടെ മെത്രാപ്പോലീത്ത സ്ഥാനത്തു നിന്നാണ് മാര്‍ ജേക്കബ് മുരിക്കന്‍ തിരുമേനി സ്ഥാനത്യാഗം ചെയ്യാന്‍ പോകുന്നത്. കത്തോലിക്ക സഭയ്ക്ക് ബിഷപ്പുമാര്‍ക്ക് വിരമിക്കല്‍ പ്രായം നിശ്ചയിച്ചിട്ടുണ്ട്. എഴുപത്തിയഞ്ച് കഴിയുന്ന ദിവസം വത്തിക്കാനില്‍ നിന്ന് വിരമിക്കല്‍ ഉത്തരവ് പുറപ്പെടുവിക്കും. ആ ദിവസം മുതല്‍ അവര്‍ സ്ഥാനമൊഴിയണമെന്നാണ് സഭയുടെ ചട്ടം.

മാര്‍ മുരിക്കന്‍ തിരുമേനി വൃക്ക ദാനം ചെയ്ത് ഏറെ മാതൃക കാട്ടിയ വ്യക്തി കൂടിയാണ്. അതും അന്യമതസ്ഥനായ ഒരു പാവപ്പെട്ട വ്യക്തിക്ക്. പേരും പ്രശസ്തിയുമൊന്നും ആഗ്രഹിക്കാതെ ചെയ്ത ആ മഹത്തായ പ്രവര്‍ത്തിയെക്കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ പോലും അതിനൊരു മറുപടിപോലും പറയാന്‍ ഇഷ്ടമില്ലാത്ത വ്യക്തിത്വത്തിന് ഉടമയായ മാര്‍ ജേക്കബ് മുരിക്കന്‍ തിരുമേനി ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന പ്രളയ കാലത്ത് ജനങ്ങളോടൊപ്പം പ്രവര്‍ത്തിച്ച് പുനരധിവാസത്തിനും രക്ഷാപ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കിയ വ്യക്തികൂടിയാണ്. കല്പനയില്‍ കൂടി ജനങ്ങളെയും വിശ്വാസികളെയും സഹായിക്കുകയെന്നതല്ല മറിച്ച് കൈയ്യും മെയ്യും മറന്ന് അവരോടൊപ്പം പ്രവര്‍ത്തിക്കുകയെന്ന മാതൃകയാണ് അദ്ദേഹം ചെയ്തത്. ആഡംബര ജീവിതമില്ലാതെ ലാളിത്യത്തില്‍ ഊന്നിയുള്ള അദ്ദേഹം വള്ളിചെരുപ്പും വിലകുറഞ്ഞ വസ്ത്രങ്ങളുമാണ് ഉപയോഗിക്കുന്നത്. ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്ന അദ്ദേഹത്തെ നമുക്ക് യോഗിയെന്ന് എല്ലാ അര്‍ത്ഥത്തിലും വിളക്കാം.

ഓര്‍ത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത സ്ഥാനത്തു നിന്നും ഈ അടുത്തകാലത്ത് സ്വയം വിരമിച്ച സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തായും ഇതിന് സമാനമായ വ്യക്തി ജീവിതത്തിന് ഉടമയാണ്. ഓര്‍ത്തഡോക്സ് സഭയില്‍ വൈദീകര്‍ക്ക് വിരമിക്കല്‍ പ്രായം നിശ്ചയിച്ചിട്ടുണ്ടെങ്കിലും മെത്രാപ്പോലീത്തമാര്‍ക്ക് അങ്ങനെയില്ല. പ്രായാധിക്യം മൂലമോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ വിരമിക്കുന്നതൊഴിച്ചാല്‍ അവര്‍ക്ക് ആരോഗ്യമുള്ള കാലത്തോളം മെത്രാപ്പോലീത്താ സ്ഥാനത്ത് തുടരാം. ആ സ്ഥാനത്ത് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ സ്വയം വിരമിച്ച് ദയറാ ജീവിതത്തിലേക്കുമായി ഒതുങ്ങിക്കഴിഞ്ഞിരിക്കുന്നത്. മാര്‍ ജേക്കബ് മെത്രാനെപ്പോലെ ലാളിത്യത്തിന്‍റെയും സഹനത്തിന്‍റെയും ജീവിതവിശുദ്ധിയുടെയും ഉടമയാണ് മാര്‍ അന്തോണിയോസ് മെത്രോപ്പീലാത്ത. ആര്‍ഭാടമോ ആഡംബരമോ ഇല്ലാത്ത തിരുമേനി ഇന്ത്യക്ക് പുറത്ത് സഞ്ചരിക്കാത്ത ഏക ക്രൈസ്തവ മതമേലദ്ധ്യക്ഷനാണെന്നു തന്നെ പറയാം. വളരെ വ്യക്തമായി പറഞ്ഞാല്‍ അദ്ദേഹത്തിന് ഇന്നുവരെ പാസ്പോര്‍ട്ടില്ല. ഇതൊക്കെയാണെങ്കിലും മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഭദ്രാസനമാണ് തിരുമേനി മെത്രാപ്പോലീത്തയായി പ്രവര്‍ത്തിച്ച കൊല്ലം ഭദ്രാസനം. സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ മുന്‍നിരയില്‍ നിന്നിരുന്ന ഒരു കുടുംബത്തില്‍ നിന്നാണ് തിരുമേനി കഷ്ടപ്പാടുകളും സഹനവും ഏറെ വേണ്ട ദയറാ ജീവിതം തെരഞ്ഞെടുക്കുന്നത്.

ഏകദേശം മുപ്പതു വര്‍ഷത്തോളം ഭദ്രാസന ഭരണം നിര്‍വ്വഹിച്ച ശേഷമാണ് തിരുമേനി സ്ഥാനത്യാഗം ചെയ്യുന്നത്. അതും ഏറ്റവും മികച്ചതും പ്രൗഢിയുമുള്ള ഒരു ഭദ്രാസത്തില്‍ നിന്ന്. അധികാരത്തിന്‍റേതായ ആഡംബരം തിരുമേനി ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ലായെന്നത് അദ്ദേഹത്തിന്‍റെ ജീവിതം തുറന്നു കാട്ടുന്നു. വിലകൂടിയ വാഹനങ്ങളോ വസ്ത്രങ്ങളോ ഒരിക്കലും തിരുമേനി ഇഷ്ടപ്പെട്ടിരുന്നില്ല. പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ആനന്ദം കണ്ടെത്തുന്ന ശ്രേഷ്ഠാചാര്യന്‍.

വിരമിക്കാന്‍ വര്‍ഷങ്ങള്‍ ബാക്കിയിരിക്കെയാണ് അധികാരം വിട്ടൊഴിയാനുള്ള തീരുമാനമെടുത്തത്. ഇരുസഭകളില്‍ മാത്രമല്ല ഇതര സഭകളിലും വളരെ അപൂര്‍വ്വമായി തന്നെയാണ് ഇങ്ങനെയൊരു സംഭവം. സ്ഥാനത്തിരിക്കുന്നവരെ എങ്ങനെ ആ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ചിന്തിക്കുന്ന വിശ്വാസികളുടെ മുന്‍പില്‍ അധികാരത്തിനു മുന്നില്‍ അകലം പ്രാപിച്ചിരിക്കുകയാണ് മാര്‍ ജേക്കബ് മുരിക്കന്‍ തിരുമേനിയും മാര്‍ അന്തോണിയോസ് തിരുമേനിയും. ഒപ്പം അവര്‍ ഒരു മാതൃക കൂടിയായി തീര്‍ന്നിരിക്കുന്നു. അധികാരത്തോട് ആര്‍ത്തിയുള്ള ഇന്നത്തെ ആത്മീയ നേതൃത്വങ്ങള്‍ക്ക് ഇത് ഒരധികപ്പറ്റാകാമെങ്കിലും വിശ്വാസികള്‍ ഇതിനെ ലാളിത്യത്തിന്‍റേയും എളിമയുടെയും പര്യായമായി തന്നെയാണ് കാണുന്നത്.

താപസ ശ്രേഷ്ഠരായ പിതാക്കന്മാര്‍ ആത്മീയതയിലും പ്രാര്‍ത്ഥനയിലും സഭകളെ നയിച്ചിരുന്ന കാലമുണ്ടായിരുന്നു. ജീവിത വിശുദ്ധികൊണ്ട് സഭയെ നയിക്കാന്‍ വിശ്വാസികള്‍ തെരഞ്ഞെടുക്കുകയായിരുന്നു. എന്നാലും അധികാരം അവര്‍ക്ക് ഒരിക്കലും ആവേശമായിരുന്നില്ല. എന്നാല്‍ അങ്ങനെയുള്ള നേതൃത്വം എങ്ങനെയോ എവിടെയോ നഷ്ടമായിക്കൊണ്ടിരിക്കുന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നന്മയുടെ വിശുദ്ധിയുടെ സഹനത്തിന്‍റെ ലാളിത്യത്തിന്‍റെ പ്രാര്‍ത്ഥനയുടെ ആത്മീയതയുടെ ഒരു തലമുറയുടെ ശേഷിച്ചിരിക്കുന്നവര്‍ ഇന്നും നമ്മുടെയിടയിലുണ്ടെന്നത് ഈ പിതാക്കന്മാരെ കാണുമ്പോഴാണ് പലപ്പോഴും ചിന്തിക്കുന്നതു തന്നെ.

അധികാരമില്ലാത്ത ഒരു ജീവിതമെന്നതാണ് ഇവരുടെ വിശ്രമ ജീവിതമെങ്കിലും പ്രാര്‍ത്ഥന നിറഞ്ഞ ഒരു കാലമായിരിക്കുമെന്നത് സംശയമില്ലാത്തതാണ്. കൂടുതല്‍ സമയം പ്രാര്‍ത്ഥനയ്ക്കും നിശബ്ദ സേവനത്തിനായും വിനിയോഗിക്കുമ്പോള്‍ അത് ലോകസമാധാനത്തിനും നന്മക്കായും ഭവിക്കുമെന്ന് പ്രത്യാശിക്കാം. പ്രാര്‍ത്ഥന നിറഞ്ഞ ആശംസകള്‍ ഈ പിതാക്കന്മാരുടെ വിശ്രമജീവിതത്തിന് നേരുന്നു. നന്മ നിറഞ്ഞവരുടെ ജീവിതം തിന്മ നിറഞ്ഞ ലോകത്തെ ശുദ്ധീകരിക്കുമെന്നതിന് യാതൊരു സംശവുമില്ല. അങ്ങനെയുള്ളവരില്‍ കൂടിയാണ് മാനവരാശിയുടെ നിലനില്‍പു തന്നെ.

Print Friendly, PDF & Email

Leave a Comment

More News