എം എ യൂസഫലി പത്തനാപുരം ഗാന്ധി ഭവന് നിര്‍മ്മിച്ചു നല്‍കിയ ‘സ്നേഹ ഭവനം’ മൂന്നു അമ്മമാര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു

പത്തനാപുരം: വ്യവസായി എം.എ യൂസഫലി ഗാന്ധിഭവനിലെ അമ്മമാർക്ക് നിര്‍മ്മിച്ചു നല്‍കിയ ‘സ്നേഹവീട്’ ഉദ്ഘാടനം ചെയ്തു. സ്വന്തം സമ്പാദ്യത്തില്‍ നിന്ന് അശരണരായ അമ്മമാർക്ക് സ്‌നേഹത്തിന്റെ വീടൊരുക്കി നല്‍കിയ യൂസഫലി ലോകത്തിന് തന്നെ വീണ്ടും മാതൃകയായി.

പതിനഞ്ച് കോടിയിലധികം രൂപ ചെലവിട്ട് ഗാന്ധിഭവനിലെ അമ്മമാർക്കായി നിർമിച്ച ബഹുനില മന്ദിരം ഇതോടെ അമ്മമാര്‍ക്ക് സ്വന്തമായി. ഗാന്ധിഭവനില്‍ നടന്ന ലളിതമായ ചടങ്ങിൽ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന്റെ സാന്നിധ്യത്തിൽ എം എ യൂസഫലി ശിലാഫലകം അനാച്ഛാദനം ചെയ്തു. തുടർന്ന് ഗാന്ധിഭവനിലെ അന്തേവാസികളായ അമ്മമാരായ അമ്മിണി, ഹൗസത്ത് ബീവി, പൊന്നമ്മ എന്നിവർ ചേര്‍ന്ന് നാട മുറിച്ച് ഉദ്ഘാടന കര്‍മ്മം നിര്‍‌വ്വഹിച്ചു. അവര്‍ക്കൊപ്പം യൂസഫലിയും ഗാന്ധിഭവനിൽ പ്രവേശിച്ചു.

വീൽ ചെയറിലിരുന്നിരുന്ന അമ്മമാരായ മാലതിയെയും ബേബി സുജാതയെയും യൂസഫലിയും പുനലൂർ സോമരാജനും ചേർന്ന് സമീപത്തെ മുറിയിലേക്ക് കൊണ്ടുപോയതോടെ ഗൃഹപ്രവേശന ചടങ്ങുകൾ പൂർത്തിയായി.

എല്ലാ നല്ല കാര്യങ്ങളും ഹൃദയത്തിൽ നിന്നാണ് ചെയ്യുന്നതെന്നും അമ്മമാർക്കുള്ള പുതിയ കെട്ടിടം അത്തരത്തിലൊന്നാണെന്നും എംഎ യൂസഫലി മാധ്യമങ്ങളോട് പറഞ്ഞു. കെട്ടിടത്തിലെ വൈദ്യുതിക്കും മറ്റ് അറ്റകുറ്റപ്പണികൾക്കുമായി പ്രതിമാസം ഒരു ലക്ഷത്തോളം രൂപ താന്‍ തന്നെ വഹിക്കുമെന്നും, ആ തുക സെക്രട്ടറി പുനലൂര്‍ സോമരാജന് എല്ലാ മാസവും കൃത്യമായി ലഭിച്ചിരിക്കും എന്നും യൂസഫലി പറഞ്ഞു. തന്റെ മരണശേഷവും ഗാന്ധി ഭവന് ആവശ്യമായ സഹായ സഹകരണങ്ങള്‍ തുടരുന്ന രീതിയിലാണ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിഭവനിലെ അന്തേവാസികളായ പിതാക്കന്മാർക്കും സമാനമായ കെട്ടിടം നിർമിക്കുമെന്ന് യൂസഫലി അറിയിച്ചു.

2019 മേയ് 4 ന് ശിലാസ്ഥാപനം നടത്തി നിര്‍മ്മാണം ആരംഭിച്ച മന്ദിരത്തില്‍ അത്യാധുനിക സൗകര്യങ്ങളെല്ലാമുണ്ട്. അമ്മമാര്‍ക്ക് പരസഹായമില്ലാതെ ക്രമീകരിക്കാവുന്ന അഡ്ജസ്റ്റബള്‍ സൈഡ് റെയില്‍ കിടക്കകള്‍, ഫര്‍ണീച്ചറുകള്‍ രണ്ട് ലിഫ്റ്റുകള്‍, ലബോറട്ടറി, ഫാര്‍മസി, ലൈബ്രറി, വിനോദസൗകര്യങ്ങള്‍, പ്രാര്‍ത്ഥനാമുറികള്‍, ഡൈനിംഗ് ഹാള്‍, കിടപ്പുരോഗികള്‍ക്ക് പ്രത്യേക പരിചരണസംവിധാനങ്ങള്‍, ഡോക്ടര്‍മാരുടെ പരിശോധനാ മുറികള്‍, തീവ്രപരിചരണ വിഭാഗങ്ങള്‍, ആധുനിക ശുചിമുറി ബ്ലോക്കുകള്‍, മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍, ഓഫീസ് സംവിധാനങ്ങള്‍ എന്നിങ്ങനെയാണിവ.

ഒരേസമയം 250 പേര്‍ക്ക് താമസിക്കാം. എം എ യൂസഫലിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു എല്ലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും. പത്തനാപുരം കുണ്ടയത്ത് കല്ലടയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഗാന്ധിഭവന്‍ അഭയകേന്ദ്രത്തിന് സമീപത്തായി ഒരേക്കര്‍ ഭൂമിയില്‍ നാല്‍പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്.

2016 ഓഗസ്റ്റ് മാസം ഗാന്ധിഭവന്‍ സന്ദര്‍ശിച്ചത് മുതലാണ് അന്തേവാസികളായ അമ്മമാരെ യൂസഫലി ചേര്‍ത്ത് പിടിച്ചത്. അമ്മമാരുടെ ബുദ്ധിമുട്ടുകളും, സ്ഥലപരിമിതിയുമെല്ലാം നേരിട്ട് കണ്ട് ബോധ്യപ്പെട്ട അദ്ദേഹം അമ്മമാര്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ മന്ദിരം നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ആറ് വർഷത്തിനിടെ, കൊവിഡ് പ്രതിസന്ധിയിലുൾപ്പെടെ, ഗാന്ധിഭവനിലെ അമ്മമാരുടെയും മറ്റ് അന്തേവാസികളുടെയും ചികിത്സയ്ക്കും ഭക്ഷണത്തിനുമായി യൂസഫലി ഏഴ് കോടിയിലധികം രൂപ നൽകി. ഓണം, റംസാൻ, വിഷു, ക്രിസ്മസ് എന്നിങ്ങനെയുള്ള വിശേഷ ദിവസങ്ങളിലെല്ലാം യൂസഫലിയുടെ കരുതല്‍ ഈ അമ്മമാരെ തേടിയെത്തും.

Print Friendly, PDF & Email

Leave a Comment

More News