ശ്രദ്ധ കൊലക്കേസ്: ഇരയെ കൊല്ലുമ്പോൾ അഫ്താബ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പോലീസ്

ന്യൂഡൽഹി: ശ്രദ്ധ വാക്കര്‍ വധക്കേസില്‍ അറസ്റ്റിലായ അഫ്താബ് അമിൻ പൂനവല്ല കൊലപാതകം നടന്ന ദിവസം കഞ്ചാവ് അമിതമായി ഉപയോഗിച്ചിരുന്നു എന്ന് സമ്മതിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

മെയ് 18ന് വീട്ടുചെലവുകൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് ചില സാധനങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ചും ശ്രദ്ധയുമായി തർക്കമുണ്ടായതായി ചോദ്യം ചെയ്യലിൽ പ്രതി പോലീസിനോട് പറഞ്ഞതായി ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

തർക്കത്തിന് ശേഷം അഫ്താബ് വീട്ടിൽ നിന്ന് ഇറങ്ങി കഞ്ചാവ് സിഗരറ്റ് വലിച്ച് മടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. “തിരിച്ചു വന്നപ്പോൾ ശ്രദ്ധയും അഫ്താബും വീണ്ടും വഴക്കുണ്ടാക്കുകയും ശ്രദ്ധ ആക്രോശിക്കാൻ തുടങ്ങിയെന്നും, തുടര്‍ന്ന് പ്രകോപിതനായ അയാൾ ശ്രദ്ധയെ ശ്വാസം മുട്ടിക്കുന്ന തരത്തിൽ ക്രൂരമായി കഴുത്തു ഞെരിക്കുകയും ചെയ്തു,” പോലീസ് വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

രാത്രി 09.00 നും 10.00 നും ഇടയിലാണ് ഇരയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് അഫ്താബ് രാത്രി മുഴുവൻ മൃതദേഹത്തിനടുത്തിരുന്ന് കഞ്ചാവ് വലിച്ചു എന്ന് പോലീസ് പറഞ്ഞു.

താന്‍ കഞ്ചാവിന് അടിമയാണെന്ന് അഫ്റ്റാബ് സമ്മതിച്ചതായും, ശ്രദ്ധയുടെ മൃതദേഹത്തിന്റെ ചില കഷണങ്ങൾ ഡെറാഡൂണിലും ഉപേക്ഷിച്ചതായി അയാള്‍ വെളിപ്പെടുത്തി. എന്നാൽ, പോലീസ് എല്ലാ ദിശകളിലും കേസ് അന്വേഷിക്കുന്നുണ്ടെന്നും പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ അഫ്താബ് കഥകള്‍ കെട്ടിച്ചമച്ചതാകാം എന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം, മൃതദേഹം മുറിക്കാന്‍ ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താനായിട്ടില്ല. വീട്ടിൽ നിന്ന് കണ്ടെടുത്ത വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.

അഞ്ച് ദിവസത്തെ കസ്റ്റഡിക്ക് ശേഷം അഫ്താബ് അമിൻ പൂനാവാലയെ വീഡിയോ കോൺഫറൻസിംഗ് വഴി വ്യാഴാഴ്ച ഡൽഹി കോടതിയിൽ ഹാജരാക്കി. കോടതി ഇയാളുടെ പോലീസ് കസ്റ്റഡി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി.

തന്റെ ലൈവ്-ഇൻ പങ്കാളിയായ ശ്രദ്ധ വാക്കറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതും മൃതദേഹം 35 കഷണങ്ങളാക്കിയതുമാണ് അഫ്താബിനെതിരെയുള്ള കുറ്റം. ശ്രദ്ധയുടെ പിതാവ് വികാസ് വാക്കർ നൽകിയ പരാതിയിൽ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ശനിയാഴ്ച ഇയാളെ അറസ്റ്റ് ചെയ്തത്.

Print Friendly, PDF & Email

Leave a Comment

More News