ഉയർന്ന നിലവാരമുള്ള സാർവത്രിക വിദ്യാഭ്യാസ പദ്ധതികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അയ്യങ്കാളി ഉൾപ്പടെയുള്ള നവോത്ഥാന നായകർ ഉയർത്തിപ്പിടിച്ച സാർവത്രിക വിദ്യാഭ്യാസം ഉയർന്ന നിലവാരത്തോടെയാണ് സർക്കാർ സമൂഹത്തിൽ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഊരോട്ടമ്പലം ഗവ. യുപി സ്കൂൾ അയ്യങ്കാളി – പഞ്ചമി മെമ്മോറിയൽ സ്കൂൾ എന്നാക്കി പുനർനാമകരണം ചെയ്യുന്നതിന്റെ പ്രഖ്യാപനവും എൽപി, യുപി സ്കൂളുകളിൽ പുതുതായി നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

1914-ലെ പഞ്ചമിയുടെ വിദ്യാലയ പ്രവേശനം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന ദിനമാണ്. പഞ്ചമിയുടെ പ്രവേശനം അംഗീകരിക്കാന്‍ വിസമ്മതിച്ചവര്‍ സ്കൂൾ തന്നെ കത്തിച്ചു. പക്ഷേ, അത് കത്തിച്ചവർ ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയപ്പെടുകയും പഞ്ചമി ഇന്നും ഓർമ്മിക്കപ്പെടുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് ഊരുട്ടമ്പലം ഗവ. യു പി സ്‌കൂളിനെ അയ്യങ്കാളി പഞ്ചമി സ്‌കൂളായി പുനർനാമകരണം ചെയ്യുന്നത്. അയ്യങ്കാളി ആ കാലഘട്ടത്തിൽ ശ്രീമൂലം പ്രജ സഭയിലുയർത്തിയ സാർവത്രിക വിദ്യാഭ്യാസം എന്ന ആശയത്തിന്റെ പിൻതുടർച്ചയാണ് സംസ്ഥാന സർക്കാർ വിജയകരമായി തുടരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷ യഞ്ജം. അന്ന് ശ്രീമൂലം പ്രജ സഭ ചേർന്ന വി ജെ ടി ഹാൾ ഈ സർക്കാർ അയ്യങ്കാളി ഹാൾ എന്ന് പുനർനാമകരണം ചെയ്തു.

യഥാർത്ഥ സംഭവങ്ങളേക്കാൾ മിത്തുകൾക്ക് പ്രാധാന്യം നൽകുന്ന ഒരു സവിശേഷ സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നത്. ചരിത്രത്തെ ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം പ്രത്യേകതയായി മാറ്റാനുള്ള ശ്രമത്തിൽ ചരിത്രസ്മാരകങ്ങളും ഈ രീതിയിൽ പുനർനാമകരണം ചെയ്യപ്പെടുന്നു. ഈ സാഹചര്യത്തിൽ എണ്ണമറ്റ സമരങ്ങളുടെ ചരിത്രമുള്ള നമ്മുടെ നാട്ടിൽ ജാതിവിവേചനത്തിനെതിരായി പോരാടിയ അയ്യങ്കാളിയുടെ സ്മരണ കെടാതെ സൂക്ഷിക്കണം. യാത്ര നിഷേധിച്ച വഴികളിലൂടെ വില്ലു വണ്ടി യാത്ര നടത്തിയ അവർണർക്കു വേണ്ടി വാദിച്ച അയ്യങ്കാളിയുടെ ജീവിതം അസമത്വത്തിനെതിരായ പോരാട്ടങ്ങൾക്ക് എന്നും പ്രചോദനമാണ്.

നവോത്ഥാന പ്രസ്ഥാനങ്ങൾക്കൊപ്പം സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളും അയിത്തത്തിനും തൊട്ടുകൂടായ്മയ്ക്കും എതിരെ സമാന്തര ധാരകളായി പോരാടി. എന്നാൽ, നവോത്ഥാന പ്രസ്ഥാനം ശക്തമായിരുന്ന രാജ്യത്തിന്റെ പല ഭാഗങ്ങളിലും അത് തുടർന്നില്ല. എന്നാൽ കേരളത്തിൽ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആശയങ്ങൾക്ക് സാമ്പത്തിക ഉള്ളടക്കം നൽകി അസമത്വങ്ങൾക്കെതിരായ സമീപനം സ്വീകരിച്ചു. ഇതിന്റെ ഭാഗമായാണ് 1957 ലെ ഒന്നാം ഇ എം എസ് ഗവൺമെന്റും തുടർന്ന് പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള ഗവൺമെന്റും അധികാരത്തിലെത്തിയത്.

സാക്ഷരതാ കാമ്പയിനും പൊതുവിദ്യാഭ്യാസ യജ്ഞവും ഉൾപ്പെടെ ജനകീയ ഇടപെടലുകളോടെ നാടിനെ സമൂഹമാക്കി മാറ്റാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കൊപ്പം സമൂഹം അണിനിരന്നു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിദ്യാഭ്യാസം മുടങ്ങിയപ്പോൾ കേരളത്തിലെ പൊതുസമൂഹം ഓൺലൈൻ വിദ്യാഭ്യാസം ഏറ്റെടുത്തു. രാജ്യത്ത് പല പരീക്ഷകളും മുടങ്ങിയപ്പോൾ എസ് എസ് എൽ സി പരീക്ഷയടക്കം സമയബന്ധിതമായി വിജയകരമായി പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു. 2016-ൽ സർക്കാർ അധികാരത്തിലെത്തുമ്പോൾ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കും സ്‌കൂൾ അടച്ചുപൂട്ടലും പ്രതിസന്ധി സൃഷ്ടിച്ചു. സ്മാർട്ട് ക്ലാസ് റൂം, മികച്ച കെട്ടിടങ്ങൾ, ലൈബ്രറികൾ, കംപ്യൂട്ടറുകൾ, ലാബുകൾ എന്നീ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതിലൂടെ പത്ത് ലക്ഷം കുട്ടികൾ അധികമായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കെത്തി. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുവിദ്യഭ്യാസ രംഗം കേരളത്തിന്റേതാണെന്നതിൽ നമുക്ക് അഭിമാനിക്കാം.

ഗവ.എൽ.പി സ്‌കൂളുകളുടെ കെട്ടിട നിർമാണത്തിനും സ്‌മാർട്ട് ക്ലാസ് റൂം ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾക്കുമായി 1.87 കോടിയും, പഞ്ചമി മ്യൂസിയം നിർമാണം ഉൾപ്പെടെ ഗവ.യു.പി സ്‌കൂളുകളുടെ വികസനത്തിന് 2.5 കോടിയും സർക്കാർ ചെലവഴിച്ചു. അയ്യങ്കാളിയുടെയും പഞ്ചമിയുടെയും സ്മരണകൾ പുനർനാമകരണത്തിലൂടെ സമൂഹത്തിന്റെ സമഗ്രമായ നവീകരണത്തിന് കരുത്തേകട്ടേ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

Print Friendly, PDF & Email

Leave a Comment

More News