വ്യാജ മദ്യവും ലഹരി വസ്തുക്കളുടെ ഉപയോഗവും തടയുന്നതിന് കര്‍ശന പരിശോധന നടത്തും: അഡീ. ജില്ലാ മജിസ്ട്രേറ്റ്

പത്തനം‌തിട്ട: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളിൽ വ്യാജമദ്യത്തിന്റെയും ലഹരിമരുന്നുകളുടെയും ഉപയോഗം തടയാൻ എക്സൈസ്, പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബി രാധാകൃഷ്ണൻ പറഞ്ഞു. കളക്ടറേറ്റിൽ നടന്ന ജില്ലാ വ്യാജമദ്യ നിയന്ത്രണ സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ലഹരി ഉപയോഗം വർധിക്കുന്നതായി പരാതിയുള്ള ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ പരിശോധന കർശനമാക്കും. എക്സൈസ്, പൊലീസ് വകുപ്പുകളുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ അതിഥി തൊഴിലാളി ക്യാമ്പുകളിൽ പരിശോധന നടത്തും. ക്രിസ്മസ് അവധിയോടനുബന്ധിച്ച് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന എൻഎസ്എസ് ക്യാമ്പുകളിൽ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും എഡിഎം അറിയിച്ചു. വ്യാജമദ്യത്തിന്റെയും ലഹരി മരുന്നുകളുടെയും ഉപയോഗം തടയുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു.

യോഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ്, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ രാജീവ് ബി നായര്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എ. വിദ്യാധരന്‍, റാന്നി ഫോറസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി.പി. പ്രദീപ്, റാന്നി റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. റെജി, അടൂര്‍ എക്‌സൈസ് സിഐ കെ.പി. മോഹന്‍, മല്ലപ്പള്ളി എക്‌സൈസ് സിഐ ഐ. നൗഷാദ,് ഡിഇഒ പി.ആര്‍. ഷീലാകുമാരിഅമ്മ, വിവിധ സന്നദ്ധസംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News