അപ്രതീക്ഷിതമായി രണ്ടര കോടിയോളം രൂപ ബാങ്ക് അക്കൗണ്ടിലെത്തി; ആ പണം ധൂര്‍ത്തടിച്ച് ആഡംബര ജീവിതം നയിച്ച യുവാക്കള്‍ ഒടുവില്‍ പോലീസിന്റെ പിടിയിലായി

തൃശൂർ: ഒറ്റരാത്രികൊണ്ട് യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിയത് 2.44 കോടി രൂപ! പണം എങ്ങനെയോ അബദ്ധത്തില്‍ വന്നു ചേര്‍ന്നതാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ആ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ച യുവാക്കള്‍ ഒടുവില്‍ പോലീസിന്റെ പിടിയിലുമായി. ആദ്യം അവര്‍ ചെയ്തത് 4 ആപ്പിൾ ഐഫോണുകൾ വാങ്ങുകയായിരുന്നു. പിന്നീട് അവരുടെ പേരിലുള്ള ബാങ്ക് വായ്പകള്‍ തിരിച്ചടച്ചും ഓൺലൈൻ വ്യാപാരം നടത്തിയും പണം ചിലവഴിച്ചു. അബദ്ധം പറ്റിയത് ബാങ്ക് അറിഞ്ഞപ്പോഴേക്കും യുവാക്കളുടെ അക്കൗണ്ടിൽ ഒരു രൂപ പോലും അവശേഷിച്ചിരുന്നില്ല. ഇതോടെ ബാങ്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. തൃശൂർ അരിമ്പൂർ സ്വദേശികളായ നിധിൻ, മനു എന്നീ യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്.

ഏതാനും ദിവസം മുൻപാണു സംഭവം. വർഷങ്ങളായി ഓൺലൈൻ ട്രേഡിങ് നടത്തുന്നവരാണു യുവാക്കൾ. ഇതിലൊരാൾ മൊബൈൽ ഫോൺ ഷോറൂമിലെ ജീവനക്കാരനുമാണ്. സ്വകാര്യ ബാങ്കിന്റെ സെർവർ മെർജിങ് നടപടികൾ നടക്കുന്ന സമയത്ത് യുവാക്കളിലൊരാളുടെ അക്കൗണ്ടിലേക്ക് 2.44 കോടി രൂപ അബദ്ധത്തിൽ എത്തുകയായിരുന്നു. അത്യപൂർവമായി ഇത്തരം സംഭവങ്ങൾ നടക്കാറുണ്ടെങ്കിലും മിക്കവാറുംപേർ ബാങ്കിനെ വിവരമറിയിച്ചു തെറ്റുതിരുത്തുകയാണു പതിവ്.

എന്നാൽ, യുവാക്കൾ രണ്ടുപേരും ചേർന്ന് ആദ്യം ചെയ്തത് തങ്ങളുടെ പേരിലുണ്ടായിരുന്ന വ്യക്തിഗത ലോണുകൾ ഒന്നിച്ച് അടച്ചുതീർക്കുകയാണ്. ഇതിനു ശേഷം രണ്ടുപേരും കൂടി ആപ്പിൾ ഐഫോണിന്റെ ഏറ്റവും പുതിയ മോഡലിലുള്ള 4 ഫോണുകൾ വാങ്ങി. ഓഹരിവിപണിയിലായിരുന്നു അടുത്ത കമ്പം. ബാങ്ക് പണം തിരിച്ചെടുക്കും മുൻപു പണം ചെലവാക്കിത്തീർക്കാൻ വേണ്ടി ഇരുവരും മത്സരിച്ചു.

വിവിധ അക്കൗണ്ടുകളിൽ നിന്നായി ലക്ഷക്കണക്കിന് രൂപയാണ് ഓഹരി വിപണിയിലും ഓൺലൈൻ വ്യാപാരത്തിലുമായി നിക്ഷേപിച്ചത്. പുതിയ ബാങ്കുകളിൽ ഓൺലൈൻ അക്കൗണ്ട് തുറക്കുകയും 19 ബാങ്കുകളിലെ 54 അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. 171 ഇടപാടുകൾ ഓൺലൈനായി നടത്തി. ഒടുവിൽ ബാങ്ക് പിഴവ് മനസ്സിലാക്കി പോലീസിൽ പരാതി നൽകിയതോടെയാണ് യുവാക്കള്‍ കുടുങ്ങിയത്. ഇവർക്കെതിരെ മറ്റ് കേസുകളൊന്നുമില്ലെന്ന് സൈബർ ക്രൈം എസ്എച്ച്ഒ ബ്രിജുകുമാർ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News