വല്യുപ്പാടെ പീഡനം സഹിക്കവയ്യാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; കാപ്പാട് സ്വദേശി 62-കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കൊയാലാണ്ടി പൊയിൽകാവിൽ 19 കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി കുറിപ്പെഴുതി വെച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ ഉമ്മയുടെ പിതാവിനെ അറസ്റ്റു ചെയ്ത് പോക്സോ ചുമത്തി ജയിലിലടച്ചു. കാപ്പാട് സ്വദേശി അബൂബക്കറിനെ (62) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. 17-ാം തീയതി ശനിയാഴ്ച ഉച്ചയോടെയാണ് പള്ളിക്കുനി സ്വദേശിനിയായ റിഫ എന്ന 19കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മൂടാടി മലബാർ കോളജ് ഡിഗ്രി വിദ്യാർഥിനിയായിരുന്നു പെണ്‍കുട്ടി. ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം തൊട്ട് ഇയാള്‍ പേരക്കുട്ടിയെ പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പെൺകുട്ടിയുടെ മാതാവിനെ ചോദ്യം ചെയ്തതോടെയാണ് 62 കാരന്‍റെ ലൈംഗിക പീഡനത്തെക്കുറിച്ച് പോലീസിന് ബോദ്ധ്യപ്പെട്ടതും അറസ്റ്റ് രേഖപ്പെടുത്തിയതും. മകള്‍ വീടിനകത്ത് കെട്ടി തൂങ്ങി എന്ന് മനസിലാക്കിയ ഉമ്മ മറ്റാരെയും അറിയിക്കാതെ വടകരയിലായിരുന്ന പിതാവിനെ വിളിച്ചു വരുത്തുകയാണ് ചെയ്തത്.

ഇയാള്‍ വീട്ടിലെത്തി വാതിൽ ചവിട്ടി തുറന്ന് റിഫയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെന്നാണ് ഉമ്മയുടെ വിശദീകരണം. അവിടെ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതോടെയാണ് പീഡന വിവരം പുറത്തായത്. പെണ്‍കുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പ് വല്ല്യുപ്പ എടുത്തു മാറ്റി എന്ന വിവരത്തെ തുടർന്നാണ് പൊലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്.

Print Friendly, PDF & Email

Leave a Comment

More News