മലപ്പുറം നേരിടുന്നത് ഭീകര വിവേചനം; പുതിയ ജില്ല അനിവാര്യം: വെൽഫയർ പാർട്ടി

മലപ്പുറം: പുതിയ ജില്ല വേണ്ട എന്ന വിജയരാഘവന്റെ പ്രസ്താവന, സിപിഎം മലപ്പുറത്തോട് സ്വീകരിച്ചു കൊണ്ടിരിക്കുന്ന മനോഭാവത്തിന്റെ പ്രതികരണമെന്ന് വെൽഫയർ പാർട്ടി നാസർ കീഴുപറമ്പ്. അടിസ്ഥാന സൗകര്യങ്ങളുടെയും ഭരണസംവിധാനങ്ങളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ മലപ്പുറം നേരിടുന്നത് ഭീകര വിവേചനമാണ്.

മലപ്പുറം ജില്ലയോട് കേരളം ഭരിച്ച ഇടതു- വലതു മുന്നണികൾ പതിറ്റാണ്ടുകളായി തുടരുന്ന വികസന വിവേചന ഭീകരതയാണ് പുതിയ ജില്ല എന്ന ആവശ്യം ശക്തമാക്കുന്നത്.

മലപ്പുറം ജില്ലയുടെ വികസനകാര്യമുന്നയിക്കുമ്പോൾ മതത്തോട് ചേർത്തു കെട്ടി വക്രീകരിക്കാനുള്ള ഇടതുപക്ഷത്തിന്റെ കുടിലബുദ്ധി മലപ്പുറത്തെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. മലപ്പുറത്തിന്റെ വികസനത്തിന് പുതിയ ജില്ല എന്ന ആവശ്യം ശക്തമാക്കി വെൽഫെയർ പാർട്ടി ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകും.

സ്വാതന്ത്ര്യത്തിനു മുമ്പും സ്വാതന്ത്ര്യാനന്തരവും ജില്ലാ രൂപീകരണ കാലം തൊട്ടും മലപ്പുറത്തോടുള്ള ഭരണകൂട വിവേചനം വ്യക്തമാണ്. വിദ്യാഭ്യാസ – ആരോഗ്യ – തൊഴിൽ മേഖലയിലും ഭരണസംവിധാനങ്ങളുടെ എണ്ണത്തിലും ജനസംഖ്യാനുപാതികമായ നീതി മലപ്പുറത്തോട് ഇക്കാലം വരെയും ഭരണകൂടങ്ങൾ പുലർത്തിയിട്ടില്ല.

ഹയർസെക്കൻഡറി സീറ്റുകളുടെ അപര്യാപ്തതയുമായി ബന്ധപ്പെട്ട് ഒന്നര പതിറ്റാണ്ടിലേറെയായി മലപ്പുറത്തെ സമരമുഖം സജീവമാണ്. വിദ്യാഭ്യാസമേഖലയിൽ സ്കൂൾ തലം മുതൽ യൂണിവേഴ്സിറ്റി തലം വരെയുള്ള വിഷയങ്ങളിൽ ഈ വിവേചനം വ്യക്തമാണ്. കേരളത്തിൽ സർക്കാർ തലത്തിൽ എൻജിനീയറിങ് കോളേജും ബി.എഡ് കോളേജും ഇല്ലാത്ത ഏക ജില്ല മലപ്പുറമാണ്. കേരളത്തിലെ സർക്കാർ – എയ്ഡഡ് കോളേജുകളുടെ കണക്കെടുത്താൽ 70 ശതമാനത്തിലധികവും തെക്കൻ കേരളത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ആരോഗ്യ മേഖലയിൽ ജില്ലയിലെ പൊതുസംവിധാനങ്ങളുടെ അവസ്ഥ ആശാവമല്ല. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ജീവനക്കാരുടെ കാര്യത്തിലും മലപ്പുറം ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളും അപര്യാപ്തത അനുഭവിക്കുന്നുണ്ട്. മഞ്ചേരി മെഡിക്കൽ കോളജിനുള്ളത് 21.86 ഏക്കർ ഭൂമിയാണ്.അതേസമയം മഞ്ചേരി മെഡിക്കൽ കോളേജിനൊപ്പം പ്രഖ്യാപിച്ച കോന്നി മെഡിക്കൽ കോളജിന് 50 ഏക്കർ ഭൂമിയാണ് സർക്കാർ എടുത്തു നൽകിയത്. കേരളത്തിലെ മിക്ക മെഡിക്കൽ കോളേജുകൾക്കും നൂറിലധികം ഏക്കർ ഭൂമിയുണ്ട് എന്നതും മലപ്പുറത്തോടുള്ള വിവേചനത്തിന്റെ നേർചിത്രമാണ്. എന്നാൽ മഞ്ചേരി മെഡിക്കൽ കോളേജിന്റെ വികസനത്തിനുവേണ്ടി ഇനി ഒന്നും ചെയ്യാനില്ല എന്നാണ് ആരോഗ്യമന്ത്രി വീണ ജോർജ് പ്രസ്താവിച്ചത്.

താലൂക്കുകളുടെയും പഞ്ചായത്തുകളുടെയും വില്ലേജുകളുടെയും വിദ്യാഭ്യാസ ഉപജില്ലകളുടെയും എണ്ണത്തിലും മലപ്പുറത്ത് ജനസംഖ്യാനുപാതികമായ വർദ്ധനവ് ഉണ്ടാവേണ്ടതുണ്ട്. നിലവിൽ കേരളത്തിലെ താലൂക്കുകളുടെ രൂപീകരണ മാനദണ്ഡം അനുസരിച്ച് പുതിയ മൂന്നു താലൂക്കുകൾ മലപ്പുറത്ത് ഉണ്ടാവേണ്ടതുണ്ട്. പൊതുഗതാഗത സംവിധാനങ്ങളുടെ കാര്യത്തിലും മലപ്പുറത്തോടുള്ള ഭീകര വിവേചനം വ്യക്തമാണ്. മറ്റു ജില്ലകളിലെ കെ.എസ്.ആർ.ടി.സിയുടെ സർവീസുമായി താരതമ്യം ചെയ്യുമ്പോൾ കെ.എസ്.ആർ.ടി.സി ജില്ലയിലെ അപൂർവ വസ്തുവാണ്. മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളായ തിരൂരിലും പരപ്പനങ്ങാടിയിലും കുറ്റിപ്പുറത്തും നിർത്താതെ പോകുന്ന 40 ൽ അധികം ട്രെയിനുകൾ ഉണ്ട് .

ജനജീവിതവുമായി ബന്ധപ്പെട്ട സമസ്ത മേഖലയിലും സാമ്പത്തിക മേഖലയിലും തൊഴിൽ മേഖലയിലും ഈ ഭീകര വിവേചനം നിലനിൽക്കുന്നുണ്ട്. വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സർക്കാർതല – പൊതുമേഖല തൊഴിൽ സ്ഥാപനങ്ങളും വാണിജ്യ വ്യവസായ ഫാക്ടറികളും മലപ്പുറം ജില്ലയിൽ വളരെ കുറവാണ്.

കായിക മേഖലയിൽ ജില്ലയോടുള്ള വിവേചനവും അവഗണനയും വിവർണ്ണനാതീതമാണ്. കായിക മേഖലയോട് വലിയ താല്പര്യവും ധാരാളം പ്രതിഭകളുമുള്ള മലപ്പുറം ജില്ലയിൽ പ്രൊഫഷണൽ സ്റ്റേഡിയങ്ങളും കായിക പരിശീലന സൗകര്യങ്ങളും വളരെ കുറവാണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ നികുതി നൽകുന്ന ജില്ലയാണ് മലപ്പുറം. മലപ്പുറത്തിന്റെ വികസന കാര്യം വരുമ്പോൾ മാത്രം ഖജനാവിന്റെ കനം നോക്കുന്ന മാടമ്പി മനസ്സ് മലപ്പുറത്ത് ജനങ്ങളോടുള്ള വെല്ലുവിളിയാണന്നും നാസർ കീഴുപറമ്പ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News