ഒരു നാടിനെ ഒന്നാകെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ച് തലവടി ചുണ്ടൻ നീരണിഞ്ഞു

പുതുവത്സര സമ്മാനമായി തലവടി ഗ്രാമത്തിന് തലവടി ചുണ്ടൻ. ഉത്സവഛായ പകർന്ന് നീരണിയൽ ചടങ്ങ്.

എടത്വ: നൂറ്റാണ്ടുകളായി ജലോത്സവ രംഗത്ത് സമഗ്ര സംഭാവന ചെയ്തു വരുന്ന കുട്ടനാട് താലൂക്കിലെ തലവടി പഞ്ചായത്തിൽ നിന്നും ഒരു ചുണ്ടൻ വള്ളം വേണമെന്ന ജലോത്സവ പ്രേമികളുടെ സ്വപ്നം യാഥാർത്യമായി. മൂന്ന് കരകളിലായി തടിച്ചു കൂടിയ പതിനായിരക്കണക്കിന് ജലോത്സവ പ്രേമികളെ സാക്ഷിയാക്കി തലവടി നീരണിഞ്ഞു. ചെണ്ടമേളങ്ങളുടെയും ആർപ്പുവിളികളുടെയും വഞ്ചിപ്പാട്ടുകളുടെയും അകമ്പടിയോടെ 11.30 നും 11.54 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ നീരണിഞ്ഞപ്പോൾ ഒരു നാടിൻ്റെ സ്വപ്നമാണ് പൂവണിഞ്ഞത്.

നീരണിയലിനോടനുബന്ധിച്ച് രാവിലെ 10 മണിക്ക് സമിതി പ്രസിഡൻ്റ് കെ.ആർ. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനം തലവടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ട്രഷറാർ പി.ഡി. രമേശ് കുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. രക്ഷാധികാരിമാരായ ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന, റവ. ഫാദർ ഏബ്രഹാം തോമസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. വർക്കിംഗ് പ്രസിഡൻ്റ് വി. അരുൺകുമാർ ജേഴ്സി പ്രകാശനവും ഓവർസീസ് കോർഡിനേറ്റർ ഷിക്കു അമ്പ്രയിൽ ലോഗോ പ്രകാശനവും ചെയ്തു. മുഖ്യ ശില്പി സാബു നാരായണൻ ആചാരിയെ ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ ആദരിച്ചു. നിർമ്മാണ കമ്മിറ്റി ഭാരവാഹികളെ ചുണ്ടൻ വള്ള അസോസിയേഷൻ പ്രസിഡൻ്റ് ആർ.കെ. കുറുപ്പ് ആദരിച്ചു.

തലവടി ചുണ്ടൻ ശില്പി സാബു നാരായണൻ ആചാരി, ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ എന്നിവരെ ആദരിച്ചു. കളിവള്ള ശില്പികളെ വർക്കിംഗ് ചെയർമാൻ അജിത്ത്കുമാർ പിഷാരത്ത്, ഓഹരി ഉടമകളെ അഡ്വ.സി.പി സൈജേഷ്, ചുണ്ടൻ വള്ള നിർമ്മാണത്തിന് (മാലിപ്പുര) വസ്തു വിട്ടു നല്‍കിയ ഡോ. പുത്തൻവീട്ടിൽ സണ്ണിയെ എക്സിക്യൂട്ടീവ് അംഗം ജെറി മാമ്മൂട്ടിലും ഫാൻസ് അസോസിയേഷൻ അംഗങ്ങളെ എക്സിക്യൂട്ടീവ് അംഗം വിൻസൻ പൊയ്യാലുമാലിൽ എന്നിവരും ആദരിച്ചു. വർക്കിംഗ് ചെയർമാൻ ജോജി ജെ വൈലപ്പള്ളി സ്വാഗതവും ജനറൽ കൺവീനർ ഡോ. ജോൺസൺ വി. ഇടിക്കുള കൃതജ്ഞതയും നിർവഹിച്ചു. ചടങ്ങിൽ തലവടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കൊച്ചുമോൾ ഉത്തമൻ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ സുജിമോൾ സന്തോഷ്, അംഗങ്ങളായ സാറാ കുട്ടി ഫിലിപ്പോസ്, ബിനു സുരേഷ്, സുജ സ്റ്റീഫൻ, പ്രിയ അരുൺ, ബിന്ദു ഏബ്രഹാം, തലവടി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.ഈ ഏബ്രഹാം കരിമ്പിൽ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പി.വി. ഉത്തമൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബിജു പാലത്തിങ്കൽ, ബിജു കൊച്ചമ്മനം, ദി ഫോർത്ത് ടി.വി. ഡയറക്ടർ റിക്സൺ ഉമ്മൻ, ഓവർസീസ് കോർഡിനേറ്റർ മധു ഇണ്ടംതുരുത്തിൽ, റിനു ജി.എം എന്നിവർ പ്രസംഗിച്ചു. തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ പ്രസിഡൻ്റ് കനീഷ് കുമാർ, സെക്രട്ടറി ബിനോയി മംഗലത്താടിയിൽ, ഗോകുൽ എന്നിവർ ചേർന്ന് സാബു ആചാരിക്കും ജോമോൻ ചക്കാലയ്ക്കും ഉപഹാരം നല്‍കി. വിവിധ ചുണ്ടൻ വള്ള സമിതി ഭാരവാഹികൾ സംബന്ധിച്ചു.

2022 ഏപ്രിൽ 14ന് ആണ് 120-ൽ അധികം വർഷം പഴക്കമുള്ള തടി കുറുവിലങ്ങാട്ട് നിന്നും മാലിപ്പുരയിൽ എത്തിച്ചത്. കോയിൽമുക്ക് സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ ഉളികുത്ത് കർമ്മം ഏപ്രിൽ 21ന് നടന്നിരുന്നു. നീരേറ്റുപുറം പമ്പ ബോട്ട് റേസ് ഫിനിഷിംഗ് പോയിൻ്റിൽ ഡോ. വർഗ്ഗീസ് മാത്യുവിന്റെ പുരയിടത്തിൽ താത്കാലികമായി ഉള്ള മാലിപ്പുരയിൽ വെച്ച് ആണ് തലവടി ചുണ്ടൻ വളളം നിർമ്മിച്ചത്.127 അടി നീളവും 52 അംഗുലം വീതിയും 18 അംഗുലം ഉൾതാഴ്ചയും ഉള്ളതാണ്. 83 തുഴച്ചിൽക്കാരും 5 പങ്കായകാരും, 9 നിലക്കാരും ഉൾപ്പെടെ 97 പേർക്ക് കയറുവാൻ സാധിക്കും.

പ്രദർശന തുഴച്ചിൽ ആദ്യം തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ നേതൃത്വത്തിൽ തലവടി ഗ്രാമത്തിലെ തുഴച്ചിൽക്കാരുടെ നേതൃത്വത്തിൽ നടന്നു.

തുടർന്ന് നിലവിലെ ഹാട്രിക്ക് ജേതാവായ പളളാത്തുരുത്തി ബോട്ട് ക്ലബിൻ്റെ നേതൃത്വത്തിൽ നടന്ന പ്രദർശന തുഴച്ചിൽ കാണികളെ ആവേശഭരിതരാക്കി.

Print Friendly, PDF & Email

Leave a Comment

More News