അപൂർവങ്ങളില്‍ അപൂർവ പ്രസവം!; അലബാമയില്‍ ദമ്പതികള്‍ക്ക് ‘മോമോ ഇരട്ടകള്‍’ പിറന്നു

വാഷിംഗ്ടണ്‍: ഇരട്ട ഗർഭധാരണത്തെക്കുറിച്ച് പറയുമ്പോൾ, ഏറ്റവും അപൂർവവും ഉയർന്ന അപകടസാധ്യതയുള്ളതുമായ തരങ്ങളിലൊന്ന് മോണോഅമ്നിയോട്ടിക്-മോണോകോറിയോണിക് അല്ലെങ്കിൽ ചുരുക്കത്തിൽ “മോമോ” എന്നറിയപ്പെടുന്നു. അലബാമയില്‍ തുടർച്ചയായി ഗർഭം ധരിച്ച ഒരു സ്ത്രീ രണ്ട് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. ഫ്രാങ്കി- ആൽബ ദമ്പതികൾക്കാണ് ജനനങ്ങളിൽ ആകെ ഒരു ശതമാനം മാത്രം സാദ്ധ്യതയുള്ള മോമോ ഇരട്ടകൾ ജനിച്ചത്. ഇവരുടെ ആദ്യത്തെ കണ്മണികളും ഇരട്ടകളായിരുന്നു.

ബർമിംഗ്ഹാമിലെ അലബാമ സർവകലാശാലയുടെ (യുഎബി) ഒരു പത്രക്കുറിപ്പ് അനുസരിച്ച്, തന്റെ ആദ്യ ജോഡിയായ ലൂക്ക എന്ന ആൺകുട്ടിയും ലെവി എന്ന പെൺകുട്ടിയും ജനിച്ച് ആറ് മാസത്തിന് ശേഷം താൻ മറ്റൊരു ഇരട്ടകളെ പ്രതീക്ഷിക്കുന്നതായി ബ്രിട്നി ആൽബ കണ്ടെത്തി.

മോമോ ഇരട്ടകൾ അതിജീവിക്കാനുള്ള സാദ്ധ്യത വളരെ കുറവാണെന്ന് ഡോക്ടർമാർ ആദ്യമേ ദമ്പതികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൽ ഇവർ ആശങ്കാകുലരായിരുന്നു. എന്നാൽ സങ്കീർണതകൾ ഇല്ലാതെ പ്രസവം നടക്കുകയും, പൂർണ്ണ ആരോഗ്യത്തോടെ കുട്ടികളെ ലഭിക്കുകയും ചെയ്തതിന്റെ ആഹ്ലാദത്തിലാണ് അമ്മയായ ആൽബയും അച്ഛനായ ഫ്രാങ്കിയും.

സാധാരണ ഇരട്ടകളിൽ നിന്നും മോമോ ഇരട്ടകളെ വ്യത്യസ്തരാക്കുന്നത്, ഇവർക്ക് ഒരേ കോറിയോണിക്- അമ്നിയോട്ടിക് സഞ്ചികളായിരിക്കും എന്നതാണ്. അതായത് ഇവർക്ക് പ്ലാസന്റയും അമ്നിയോട്ടിക് സഞ്ചിയും ഒന്ന് മാത്രമേ ഉണ്ടായിരിക്കൂ. സാധാരണ ഇരട്ടകൾക്ക് ഇവയെല്ലാം വെവ്വേറെ ആയിരിക്കും.

പൊക്കിൾക്കൊടി കുട്ടികളെ കുരുക്കി മരണത്തിന് കാരണമാകുമെന്നതാണ് മോമോ ഇരട്ടകൾ നേരിടുന്ന പ്രധാന വെല്ലുവിളി. മാസം തികയാതെയുള്ള പ്രസവത്തിനുള്ള സാധ്യതയും കൂടുതലാണ്. സാധാരണയായി, അത്തരം സന്ദർഭങ്ങളിൽ ശസ്ത്രക്രിയയിലൂടെയാണ് പ്രസവം നടത്തുന്നത്.

ഫ്രാങ്കി-ആൽബ ദമ്പതികളുടെ മോമോ ഇരട്ടകൾ ഇപ്പോൾ പൂർണ ആരോഗ്യവാരാണ്. ലിഡിയ, ലിൻലി എന്നാണ് ഇവരുടെ പേര്. ലെവിയും ലൂക്കയും എപ്പോഴും കൂടെയുണ്ടാകുമെന്ന് മാതാപിതാക്കൾ പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News