ക്രിമിനല്‍ കുറ്റം ആരോപിച്ച് യുഎസ് സൈനികനെ റഷ്യന്‍ അധികൃതര്‍ അറസ്റ്റു ചെയ്തു

വാഷിംഗ്ടൺ: ക്രിമിനല്‍ കുറ്റം ആരോപിച്ച് യുഎസ് സൈനികനെ റഷ്യയിൽ അറസ്റ്റ് ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ദക്ഷിണ കൊറിയയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികന്‍ വ്യക്തിപരമായാണ് റഷ്യയിലേക്ക് പോയതെന്ന് യുഎസ് ഗവണ്മെന്റ് പ്രതിനിധികളെ ഉദ്ധരിച്ച് എൻബിസി ന്യൂസ്, സിഎൻഎൻ, എബിസി ന്യൂസ് എന്നിവയുൾപ്പെടെയുള്ള യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാല്‍, വൈറ്റ് ഹൗസിൽ നിന്ന് നേരിട്ട് സ്ഥിരീകരണമൊന്നും ആദ്യം ഉണ്ടായില്ല.

കേസിനെക്കുറിച്ച് ചോദിച്ചപ്പോൾ, യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ജോൺ കിർബി പറഞ്ഞത് “ഞങ്ങൾക്ക് ഈ കേസിനെക്കുറിച്ച് അറിയാം” എന്നു മാത്രമാണ്. കൂടുതൽ വിവരങ്ങൾ നൽകാന്‍ അദ്ദേഹം വിസമ്മതിക്കുകയും ചോദ്യങ്ങള്‍ യുഎസ് പ്രതിരോധ വകുപ്പിന് റഫർ ചെയ്യുകയും ചെയ്തു.

സൈനികനെ ചൈനയും ഉത്തര കൊറിയയുമായുള്ള റഷ്യയുടെ അതിർത്തിക്കടുത്തുള്ള വ്ലാഡിവോസ്റ്റോക്കിൽ നിന്ന് “ക്രിമിനൽ കുറ്റം” ആരോപിച്ചാണ് പിടികൂടിയതെന്ന് യുഎസ് ആർമി വക്താവ് സിന്തിയ സ്മിത്തിനെ ഉദ്ധരിച്ച് എൻബിസി ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

സൈനികന്റെ അറസ്റ്റിനെക്കുറിച്ച് അദ്ദേഹത്തിൻ്റെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് സൈനികന്
റഷ്യയില്‍ ഉചിതമായ കോൺസുലർ പിന്തുണ നൽകുന്നുണ്ട്. സംഭവത്തിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് ഇപ്പോൾ കൂടുതൽ വിശദാംശങ്ങൾ നൽകാൻ കഴിയില്ലെന്ന് സിന്തിയ സ്മിത്ത് പറഞ്ഞു.

Leave a Comment

More News