കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യൻ മധ്യപ്രദേശില്‍ നിന്ന് രാജ്യ സഭയിലേക്ക് മത്സരിക്കും

ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ മധ്യപ്രദേശത്തില്‍ നിന്നു രാജ്യസഭയിലേക്ക് മത്സരിക്കും. ജോർജ് കുര്യനെ കൂടാതെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് ഒമ്പത് സ്ഥാനാർഥികളുടെ പേരും ബി.ജെ.പി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു രാജസ്ഥാനിൽ നിന്നും മത്സരിക്കും.

സെപ്റ്റംബര്‍ മൂന്നിനാണ് 12 സീറ്റുകളിലേക്കുള്ള രാജ്യസഭ ഉപതെരഞ്ഞെടുപ്പ്. നമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഓഗസ്റ്റ് 14നു ആരംഭിച്ചിരുന്നു. നാളെയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം.

കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, സര്‍ബാനന്ദ സോനോവാള്‍, ജോതിരാദിത്യ സിന്ധ്യ എന്നിവരുള്‍പ്പെടെയുള്ള സിറ്റിങ് അംഗങ്ങള്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാജ്യസഭയില്‍ ഒഴിവു വന്നത്.

1980-കളിലായിരുന്നു ജോർജ് കുര്യൻ ബി.ജെ.പിയിൽ ചേരുന്നത്. വിദ്യാർഥി മോർച്ചയിൽ കൂടിയായിരുന്നു ബി.ജെ.പി. പ്രവേശം. യുവമോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. മൂന്ന് വർഷത്തോളം ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാനായി പ്രവർത്തിച്ചിരുന്നു. അപ്രതീക്ഷിതമായിരുന്നു മൂന്നാംമോദി സർക്കാരിലെ ജോർജ് കുര്യന്റെ മന്ത്രിപദം.

അതേസമയം, കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചിരുന്നു. മൂന്നു ഘട്ടങ്ങളിലായിട്ടായിരിക്കും ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ഒന്നാം ഘട്ടം സെപ്റ്റംബര്‍ 18നും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും.

ഒക്ടോബര്‍ നാലിനായിരിക്കും ജമ്മു കശ്മീരിലെ വോട്ടണ്ണല്‍ നടക്കുക. ഹരിയാനയിൽ ഒക്ടോബര്‍ ഒന്നിന് ഒറ്റഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിന് തന്നെയായിരിക്കും ഹരിയാനയിലെയും വോട്ടെണ്ണല്‍ നടക്കുക.

Leave a Comment

More News