ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ അതീവ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ സെൻട്രൽ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഇയാളുടെ നില ഗുരുതരമാണെന്ന് പറയപ്പെടുന്നു.

മുത്തശ്ശി സൽമാബീവി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിൻ്റെ ഭാര്യ ഷഹീദ, പെൺസുഹൃത്ത് ഫർസാന, ഇളയ സഹോദരൻ അഫ്‌സാൻ, എന്നിവരെയാണ് അഫാന്‍ കൊലപ്പെടുത്തിയത്. മാതാവ് ഷെമിയെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് ആക്രമിച്ചിരുന്നു. മാതാവും കൊല്ലപ്പെട്ടെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്. നീണ്ട നാളത്തെ ചികിത്സയ്ക്കുശേഷമാണ് ഷെമിയുടെ ജീവന്‍ തിരിച്ചുകിട്ടിയത്. ഉമ്മ ഷെമി മകനെതിരെ അടുത്തിടെ മൊഴിയും നൽകിയിരുന്നു.

അതീവ സുരക്ഷയുള്ള യുടി ബ്ലോക്കിലെ ഒരു സെല്ലിലാണ് അഫാനെ താമസിപ്പിച്ചിരുന്നത്. ഞായറാഴ്ച ജയിൽ ദിനചര്യയുടെ ഭാഗമായി ടെലിവിഷൻ കാണാൻ പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍, യുവാവ് ഉദ്യോഗസ്ഥരോട് വാഷ്‌റൂം ഉപയോഗിക്കാൻ അഭ്യർത്ഥിച്ചു. എല്ലാവരുടെയും കണ്ണുവെട്ടിച്ച്, അഫാൻ സമീപത്തുള്ള സ്ഥലത്ത് സൂക്ഷിച്ചിരുന്ന തുണി എടുത്ത് വാഷ്‌റൂമിലേക്ക് പോയി.

നിമിഷങ്ങൾക്കുശേഷം, ജയിൽ വാർഡൻ ശബ്ദം കേട്ട് അകത്തേക്ക് ഓടിയെത്തിയപ്പോൾ അഫാൻ സീലിംഗിൽ തൂങ്ങിക്കിടക്കുന്നത് കണ്ടു. രാവിലെ 11:20 ന് ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവ് അബോധാവസ്ഥയിലായിരുന്നു.

അഫാന്‍ പലപ്പോഴും അപസ്മാരത്തിന്റെ ലക്ഷണങ്ങളും കാണിക്കുന്നുണ്ട്. തലച്ചോറിലെത്തുന്ന ഓക്സിജന്റെ അളവ് കുറയുന്നത് ചികിത്സയെയും ബാധിക്കുന്നു.

കേരളത്തെ നടുക്കിയ ആ ക്രൂരമായ കുറ്റകൃത്യം നടന്നത് 2025 ഫെബ്രുവരി 24 നാണ്.

Leave a Comment

More News