‘മര്യാദപുരുഷനായ രാമനെ അറിയില്ല, രാവണനാണ് നമ്മുടെ നായകൻ’ എന്ന റാപ്പർ വേടന്റെ, സ്പോട്ട്ലൈറ്റ് യൂട്യൂബ് ചാനലിൽ നടത്തിയ പ്രസ്താവന മര്യാദ കെട്ടതും വലിയൊരു വിഭാഗം ജനത്തെ വ്രണപ്പെടുത്തുന്നതുമാണെന്ന്, കവിയും പ്രതിഭാവം എഡിറ്ററുമായ സതീഷ് കളത്തിൽ ഫേസ് ബുക്കിലൂടെ പ്രതികരിച്ചു.
പ്രതിഭാവം ഓൺലൈനിലെ ‘വോക്കൽ സർക്കസ്’ എഐ കാർട്ടൂൺ കോളത്തിൽ ‘ദോഷൈകദൃക്ക്’ എന്ന പേരിൽ ചെയ്ത തന്റെ കാരിക്കേച്ചർ, ‘രാവണപ്പുരാണം’ ഷെയർ ചെയ്തുകൊണ്ടാണു പ്രതികരണം നടത്തിയത്.
അടുത്തുതന്നെ പുറത്തിറങ്ങാൻ പോകുന്ന വേടന്റെ, ‘പത്ത് തല’ എന്ന റാപ്പിന്റെ പ്രചോദനം കമ്പരാമായണമാണെന്നു പറയുന്ന വേടന്, കമ്പരാമായണത്തിന്റെ യഥാർത്ഥ പേര് ‘രാമാവതാരം’ എന്നാണെന്ന ബോദ്ധ്യമെങ്കിലും ഉണ്ടാകേണ്ടതായിരുന്നു.
പന്ത്രണ്ടാം നൂറ്റാണ്ടിലെ തമിഴ് കവി കമ്പർ, സംസ്കൃതത്തിൽ നിന്നോ മറ്റോ, വിവർത്തനമായോ പുനഃരാഖ്യാനമായോ ചെയ്ത, വേടന് അറിവുള്ള ആ കമ്പരാമായണത്തിലും രാമൻ തന്നെയാണു ഹീറോ. അതിലും രാമൻ രാവണനെയാണ് ഇല്ലായ്മ ചെയ്തത്.
ഏതെങ്കിലും ഒരു പൊളിറ്റിക്കൽ കറക്റ്റ്നെസിനു വേണ്ടിയാണെങ്കിൽ പോലും, കലയിൽ വസ്തുതകളെ വളച്ചൊടിക്കുന്ന പ്രവണത ആശാസ്യകരമല്ല. രാമനോ രാമായണമോ; സത്യമോ മിത്തോ ആകട്ടെ, ‘രാമൻ രാവണനെ കൊല്ലുന്ന കഥ’ എന്നതും ‘തിന്മയെ നന്മ വെല്ലുന്ന’ മറ്റൊരു പൊളിറ്റിക്കൽ കറക്റ്റ്നെസാണ്.
രാമൻ ഉത്തമനായ പുരുഷനാകുന്നതും രാവണൻ അങ്ങനെ അല്ലാതാകുന്നതും സീത എന്ന സ്ത്രീയെ കേന്ദ്രീകരിച്ചാണ്. കമ്പരാമായണംമാത്രമല്ല, അനവധി ഭാഷകളിൽ പുറത്തിറങ്ങിയ വാല്മീകീ രാമായണ പരിഭാഷകളിലും രാവണനിഗ്രഹത്തിനു പ്രധാന കാരണം ‘സീതാപഹരണം’ തന്നെയാകാനാണു സാധ്യത.
അതുകൊണ്ടുകൂടിയാണ്, രാംലീല മൈതാനത്ത് ഇന്നും രാവണ പെരുമ്പാടൻ കൊല ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അതും ഒരു പൊളിറ്റിക്കൽ കറക്റ്റ്നെസിന്റെ ഭാഗമാണ്. സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ, സാധാരക്കാരായ മനുഷ്യരെപോലും കാലങ്ങളോളം വേട്ടയാടിയ ഒരു ‘സാമൂഹ്യ വിപത്ത്’ ഉന്മൂലനം ചെയ്യപ്പെട്ടതിന്റെ ആഘോഷംകൂടിയാണത്. അതിൽ വെറുക്കപ്പെടാൻ എന്തിരിക്കുന്നു?; യാതൊന്നുമില്ല.
കമ്പരാമായണം പ്രചോദിപ്പിച്ച വേടന് ഇതൊന്നും അറിയാതിരിക്കാൻ വഴിയില്ല. സീതയെ അറിയാതിരിക്കാനും തരമില്ല. അഥവാ ഇതൊന്നും അറിയില്ലെങ്കിൽതന്നെ, സീതയെയെങ്കിലും അറിയുക… മറക്കാതിരിക്കുക.
