തിരുവനന്തപുരം: ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി, ഡൽഹി എൻസിആർ മേഖലയിലെ ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിൽ രണ്ട് പുതിയ ഓഫീസുകൾ തുറന്നു. 256 സീറ്റുകളുള്ള ഗുരുഗ്രാം ഓഫീസ് വോക്കോ വാണിജ്യ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. 215 സീറ്റുകളുള്ള നോയിഡ ഓഫീസ് ലോജിക്സ് സൈബർ പാർക്കിലും പ്രവർത്തിക്കും.
ഗുരുഗ്രാമിലെയും നോയിഡയിലെയും ഓഫീസുകൾ യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെന്റ് സെന്റർ ഓപ്പറേഷൻസ് ഗ്ലോബൽ മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ; എച്ച്ആർ ബിസിനസ് സക്സസ് ഇനേബ്ളർ മേധാവി ശരത് രാജ്; ഡൽഹി കേന്ദ്രം മേധാവി ചന്ദ്രശേഖരൻ സുന്ദരേശൻ; മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
“യുഎസ് ടിയുടെ ഡൽഹി എൻസിആറിലെ വിപുലീകരണത്തിൽ ഞങ്ങൾ ആവേശഭരിതരാണ്. ഇത് ഇന്ത്യയുടെ ഉത്തര മേഖലയിൽ ഞങ്ങളുടെ ശ്രദ്ധേയമായ സാന്നിധ്യം അടയാളപ്പെടുത്തുന്നു. നോയിഡയിലും ഗുരുഗ്രാമിലും ഓഫീസുകളുള്ളതിനാൽ, മേഖലയിലുടനീളം ഐടി മേഖലയിൽ ഉണ്ടാകുന്ന മികച്ച വളർച്ചയിൽ യു എസ് ടി സുപ്രധാന പങ്ക് വഹിക്കുമെന്ന് ഉറപ്പുണ്ട്. ഈ വിപുലീകരണം ഞങ്ങളുടെ കഴിവുകളെ കൂടുതൽ ശക്തിപ്പെടുത്തും, ഒപ്പം ഉപഭോക്തൃ കമ്പനികൾക്ക് മികവോടെയുള്ള സേവനങ്ങൾ നല്കാൻ ഞങ്ങൾക്ക് കഴിയുമെന്നും വിശ്വാസമുണ്ട്,” യുഎസ് ടി ഡൽഹി കേന്ദ്രം മേധാവി ചന്ദ്രശേഖരൻ സുന്ദരേശൻ പറഞ്ഞു.
നോയിഡ ക്യാമ്പസിനുള്ളിൽ ഒരു ടർഫും കഫറ്റീരിയയും സജ്ജീകരിച്ചിട്ടുണ്ട്. ഗുരുഗ്രാം ഓഫീസിലും സമാനമായ സൗകര്യങ്ങൾ ഒരുക്കും. ടെലികോം, ആരോഗ്യ സംരക്ഷണം, റീട്ടെയിൽ, ഹൈടെക് എഞ്ചിനീയറിംഗ്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള ഉപഭോക്തൃ സ്ഥാപനങ്ങൾക്ക് ഡൽഹി എൻസിആർ ഓഫീസുകളിൽ നിന്ന് യുഎസ് ടി സേവനങ്ങൾ നൽകും.
ഡിജിറ്റൽ പരിവർത്തനത്തിലും സാങ്കേതിക സേവനങ്ങളിലും ആഗോള തലത്തിൽത്തന്നെ ഒന്നാം സ്ഥാനം ഉറപ്പിച്ചുകൊണ്ട് ഇന്ത്യയിലുടനീളം തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുക എന്നതാണ് യുഎസ് ടി ലക്ഷ്യമിടുന്നത്. അടുത്തകാലത്ത്, ബെംഗളൂരുവിൽ 300 സീറ്റുള്ള നാലാമത്തെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയുണ്ടായി. ജീവനക്കാർക്ക് സൗകര്യപ്രദമായ ജോലിസ്ഥലങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലീകരണം സാധ്യമാക്കുന്നത്. 2025 മാർച്ചിൽ, പൂനെയിൽ 1,000 സീറ്റുള്ള ഓഫീസ് ഉദ്ഘാടനം ചെയ്തിരുന്നു. കഴിഞ്ഞ വർഷം, ഡിസൈൻ എക്സ്പീരിയൻസ് സെന്ററിനൊപ്പം ബെംഗളൂരുവിൽ രണ്ടാമത്തെ ഓഫീസും തുറന്നു. കൊച്ചിയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 3,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതികളോടെ, തങ്ങളുടെ രണ്ടാമത്തെ സ്വന്തം കാമ്പസിനും കമ്പനി നിർമാണം തുടങ്ങിക്കഴിഞ്ഞു.
യുഎസ് കമ്പനിയായ യു എസ് ടിയുടെ ഇന്ത്യ ആസ്ഥാനം 1999 മുതൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നു. ഇതു കൂടാതെ ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, പൂനെ, മുംബൈ, ചെന്നൈ, കോയമ്പത്തൂർ, ഡൽഹി എൻസിആർ, അഹമ്മദാബാദ്, ഹൊസൂർ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ ഓഫീസുകൾ സ്ഥാപിച്ച് രാജ്യത്തുടനീളം തങ്ങളുടെ സാന്നിധ്യം ഗണ്യമായി വികസിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ 20,000-ത്തിലധികം ജീവനക്കാരാണ് പ്രവർത്തിക്കുന്നത്.
