വാഷിംഗ്ടണ്‍: തന്റെ പിന്തുണയില്ലായിരുന്നെങ്കിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2024 ലെ തിരഞ്ഞെടുപ്പിൽ തോൽക്കുമായിരുന്നുവെന്ന് ടെസ്ല സിഇഒ ഇലോൺ മസ്ക് വ്യാഴാഴ്ച (ജൂൺ 5) അവകാശപ്പെട്ടു. ട്രംപ് ഭരണകൂടത്തെയും അതിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ നികുതി നയത്തെയും വിമർശിച്ചുകൊണ്ട് ട്രംപ് തന്നോട് “നന്ദികേട്” കാണിച്ചുവെന്ന് മസ്ക് പറഞ്ഞു.
ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്മെന്റ് ((DOGE) മേധാവി സ്ഥാനത്ത് നിന്ന് അടുത്തിടെ രാജിവച്ച തന്റെ മുൻ മുതിർന്ന ഉപദേഷ്ടാവ് മസ്കിൽ താൻ നിരാശനാണെന്ന് ട്രംപ് പറഞ്ഞപ്പോഴാണ് അതിനെ ഖണ്ഡിച്ച് ഇലോണ്‍ മസ്ക് തിരിച്ചടിച്ചത്.
“ഇലോണിൽ എനിക്ക് വളരെ നിരാശയുണ്ട്. ഞാൻ ഇലോണിനെ വളരെയധികം സഹായിച്ചിട്ടുണ്ട്. അദ്ദേഹം എന്നെക്കുറിച്ച് വളരെ നല്ല കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, വ്യക്തിപരമായി എന്നെക്കുറിച്ച് ഒരിക്കലും മോശമായി ഒന്നും പറഞ്ഞിട്ടില്ല, പക്ഷേ അടുത്ത ഘട്ടം അതാണെന്ന് എനിക്ക് ഉറപ്പുണ്ട്,” വ്യാഴാഴ്ച ഓവല്‍ ഓഫീസില്‍ മാധ്യമ പ്രവർത്തകരോട് സംസാരിച്ച ട്രംപ്, ഇലക്ട്രിക് വാഹന (ഇവി) നികുതി ഇളവുകൾ വെട്ടിക്കുറയ്ക്കുന്ന തന്റെ നികുതി നയത്തിൽ മസ്ക് നിരാശനായിരുന്നു എന്ന് ട്രംപ് അവകാശപ്പെട്ടു.
എന്നാല്‍, ട്രംപിന്റെ അവകാശവാദം മസ്ക് ഉടൻ നിഷേധിച്ചു. “ഞാനില്ലായിരുന്നെങ്കിൽ 2024ലെ തിരഞ്ഞെടുപ്പില്‍ ട്രംപ് തോൽക്കുമായിരുന്നു, ഡെമോക്രാറ്റുകൾ ഹൗസ് നിയന്ത്രിക്കുമായിരുന്നു, റിപ്പബ്ലിക്കൻമാർ 51-49 ന് സെനറ്റ് നേടുമായിരുന്നു,” അദ്ദേഹം എക്സിൽ എഴുതി. ട്രംപ് നന്ദികേട് കാണിച്ചു എന്നും മസ്ക് പറഞ്ഞു.
ട്രംപിന്റെ പഴയ പ്രസ്താവനകളെ മസ്ക് ആയുധമാക്കി. 2013-ൽ ട്രംപിന്റെ ഒരു ട്വീറ്റ് അദ്ദേഹം റീട്വീറ്റ് ചെയ്തു, അതിൽ ട്രംപ് ഇങ്ങനെ എഴുതി, “റിപ്പബ്ലിക്കന്മാർ കടപരിധി ഉയർത്തുന്നത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഞാൻ ഒരു റിപ്പബ്ലിക്കനാണ്, എനിക്ക് നാണക്കേടാണ്!” മസ്ക് ഇതിനെ “ബുദ്ധിപരമായ വാക്കുകൾ” എന്നാണ് അഭിപ്രായപ്പെട്ടത്.
‘ബിഗ് ബ്യൂട്ടിഫുൾ ബില്ലി’ലെ ഇലക്ട്രിക് വാഹന ക്രെഡിറ്റ് വെട്ടിക്കുറയ്ക്കലിനെക്കുറിച്ച് മസ്കിന് ഇതിനകം തന്നെ അറിയാമായിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടു. “പെട്ടെന്ന് അദ്ദേഹത്തിന് ഒരു പ്രശ്നമുണ്ടായി, ഞങ്ങൾ ഇലക്ട്രിക് വാഹന ക്രഡിറ്റ് വെട്ടിക്കുറയ്ക്കുമെന്ന് അദ്ദേഹം കണ്ടെത്തിയപ്പോഴാണ് പ്രശ്നം ആരംഭിച്ചത്” എന്ന് ട്രംപ് പറഞ്ഞു. എന്നാല്‍, ഈ അവകാശവാദം നിരസിച്ച മസ്ക്, “അത് തെറ്റാണ്, ആ ബിൽ ഒരിക്കൽ പോലും എന്നെ കാണിച്ചിട്ടില്ല, രാത്രിയുടെ ഇരുട്ടിലാണ് അത് വളരെ വേഗത്തിൽ പാസാക്കിയത്. കോൺഗ്രസിലെ ആർക്കും തന്നെ അത് വായിക്കാൻ അവസരം ലഭിച്ചിട്ടില്ല!” എന്ന് തിരിച്ചടിച്ചു.
മസ്കിനോടുള്ള അടുപ്പവും ഡെമോക്രാറ്റുകൾക്കുള്ള പിന്തുണയും കാരണം നാസ മേധാവിയായി താൻ ആദ്യം തിരഞ്ഞെടുത്ത ജാരെഡ് ഐസക്മാനെ നിരസിക്കുകയായിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി. “എനിക്ക് അത് ന്യായമായി തോന്നിയില്ല. അയാൾക്ക് (മസ്കിന്) ആ വ്യക്തിയെ വേണം, പക്ഷേ ഞങ്ങൾ വേണ്ടെന്ന് പറഞ്ഞു,” ട്രംപ് പറഞ്ഞു.
