ടോക്കിയോ: ജപ്പാന്റെ ചാന്ദ്ര ദൗത്യം വീണ്ടും പരാജയപ്പെട്ടു. ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങുന്നതിനിടെ തങ്ങളുടെ ആളില്ലാ ലാൻഡർ തകർന്നു വീണതായി ജപ്പാന്റെ സ്വകാര്യ ബഹിരാകാശ സ്ഥാപനമായ ഐസ്‌പേസ് സ്ഥിരീകരിച്ചു. രണ്ട് വർഷത്തിനിടെ ചന്ദ്രനിൽ ഇറങ്ങാനുള്ള ജപ്പാന്റെ രണ്ടാമത്തെ ശ്രമമാണിത്. 2023-ൽ, ജപ്പാന്റെ ചാന്ദ്ര ലാൻഡർ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് തകർന്നുവീണിരുന്നു.
റെസിലിയൻസ് എന്ന് പേരുള്ള ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ട് ഏതാനും മണിക്കൂറുകൾക്ക് ശേഷം, തങ്ങളുടെ ദൗത്യം പരാജയപ്പെട്ടതായി ഐസ്‌പേസ് കമ്പനി അറിയിച്ചു. “2025 ജൂൺ 6 ന് രാവിലെ 8 മണിക്ക് ശേഷം ലാൻഡറുമായി ആശയവിനിമയം സ്ഥാപിക്കാൻ കഴിഞ്ഞില്ല. അതിനാൽ ദൗത്യം പൂർത്തിയായില്ല ” എന്ന് കമ്പനി പറഞ്ഞു. “നിലവിൽ വിജയകരമായ ചന്ദ്രനിൽ ഇറങ്ങാനുള്ള സാധ്യതയില്ലെന്ന് കണ്ടതിനാൽ, ഇതുവരെ ലഭിച്ച ടെലിമെട്രി ഡാറ്റ വിശകലനം ചെയ്ത് ലാൻഡിംഗ് പരാജയത്തിന്റെ കാരണം കണ്ടെത്തുക എന്നതാണ് ഞങ്ങളുടെ മുൻഗണന” എന്ന് ഐസ്‌പേസിന്റെ സ്ഥാപകനും സിഇഒയുമായ തകേഷി ഹകമാഡ പറഞ്ഞു.
2025 ജനുവരിയിൽ സ്പേസ്എക്സ് ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് ജപ്പാൻ റെസിലിയൻസ് ലാൻഡറിനെ ബഹിരാകാശത്തേക്ക് അയച്ചത്. ഇത് ഏകദേശം അഞ്ച് മാസം ചന്ദ്ര ഭ്രമണപഥത്തിൽ ചെലവഴിച്ചു. മെയ് മാസത്തിൽ ബഹിരാകാശ പേടകം ചന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ചു, തുടർന്ന് ചന്ദ്രന്റെ വടക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മേരെ ഫ്രിഗോറിസ് എന്ന സ്ഥലത്ത് ഇറങ്ങേണ്ടതായിരുന്നു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:47 ന് ലാൻഡിംഗ് പ്ലാൻ ചെയ്തിരുന്നു, ഇത് ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് കാഴ്ചക്കാർ തത്സമയം സംപ്രേഷണം ചെയ്തു. എന്നാല്‍, 100 കിലോമീറ്റർ ഭ്രമണപഥത്തിൽ നിന്ന് റെസിലിയൻസ് ഇറങ്ങാൻ തുടങ്ങിയ ഉടൻ, മിഷൻ കൺട്രോളറുകൾക്ക് ലാൻഡറുമായുള്ള എല്ലാ ബന്ധവും നഷ്ടപ്പെട്ടു.
