ലൈഫ് മിഷൻ കേസ്: സന്തോഷിന്റെയും സ്വപ്‌നയുടെയും 5.38 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

കൊച്ചി: ലൈഫ്‌ മിഷന്‍ അഴിമതി കേസില്‍ കരാറുകാരന്‍ സന്തോഷ്‌ ഈപ്പന്റെയും യുഎഇ മുന്‍ കോണ്‍സുലേറ്റ്‌ ഉദ്യോഗസ്ഥയായ സ്വപ്ന സുരേഷിന്റെയും 5.38 കോടി രൂപയുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും എന്‍ഫോഴ്സ്മെന്റ്‌ ഡയറക്ടറേറ്റ്‌ ഇഡി) കണ്ടുകെട്ടി.

തൃശൂര്‍ വടക്കാഞ്ചേരിയില്‍ ലൈഫ്‌ മിഷന്‍ പദ്ധതിയില്‍ ഫ്ളാറ്റ്‌ നിര്‍മിക്കാനുള്ള കരാറിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കലും
കൈക്കൂലിയും വാങ്ങിയെന്ന ഇഡിയുടെ കേസിലാണ്‌ നടപടി. ഫ്ളാറ്റ്‌ നിര്‍മാണ കരാറുകാരന്‍ യുണിറ്റാക്‌ ഉടമ സന്തോഷ്‌ ഈപ്പന്റെ കൊച്ചിയിലെ വസതിയും സ്വപ്ന സുരേഷിന്റെ ബാങ്ക് അക്കൗണ്ടുകളുമാണ് കണ്ടുകെട്ടിയത്.

ലൈഫ്‌ മിഷന്‍ പദ്ധതിയുടെ മറവില്‍ കേന്ദ്ര സര്‍ക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെ 19 കോടി രൂപയുടെ വിദേശ സഹായം
സ്വീകരിച്ച്‌ നാലര കോടി രൂപ കമ്മീഷനായി തട്ടിയെടുത്ത കേസാണ്‌ ഇഡി അന്വേഷിക്കുന്നത്‌. ഇതില്‍ ഒരു കോടി രൂപ വിദേശത്തേക്ക്‌ കടത്തിയതായി ഇഡി കണ്ടെത്തിയിരുന്നു.

നേരത്തെ ലൈഫ് മിഷൻ കേസുമായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യം നീട്ടിയിരുന്നു. സുപ്രീംകോടതിയാണ് രണ്ട് മാസത്തേക്ക് കൂടി ജാമ്യം നീട്ടിയത്. എം ശിവശങ്കറിന്റെ ആവശ്യപ്രകാരമാണ് നടപടി. ചികിത്സാ പരമായിട്ടുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യ ഹർജി.

Print Friendly, PDF & Email

Leave a Comment

More News