ഫ്രറ്റേണിറ്റി മൂവ്മെന്റ് അവകാശ പ്രക്ഷോഭ യാത്രക്ക് തുടക്കം കുറിച്ചു

പാലക്കാട്‌: പ്ലസ് വൺ സീറ്റ് പ്രതിസന്ധി, അധിക സ്ഥിരം ബാച്ചുകൾ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അവകാശ പ്രക്ഷോഭ യാത്ര ഇന്നലെ പാലക്കാട്‌ സ്റ്റേഡിയം സ്റ്റാൻഡിൽ രാവിലെ 8:30 യോടെ ആരംഭിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സാബിർ അഹ്സൻ ഉദ്ഘാടനം നിർവഹിച്ചു.

മലബാർ മേഖലയിലെ ജില്ലകളോട് നിരന്തരമായി സർക്കാറുകൾ തുടരുന്ന വിദ്യാഭ്യാസ അവകാശനിഷേധങ്ങൾക്കെതിരെയും, ജില്ലയിൽ നിലനിൽക്കുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്നും ,പ്രൊഫ: വി കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് ഉടനെ നടപ്പിലാക്കണമെന്നുള്ള ആവശ്യങ്ങളാണ് ഉന്നയിച്ചത്. പ്രക്ഷോഭയാത്രയുടെ ഭാഗമായി, മലബാറിലെ പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധിയെ ആസ്പദമാക്കി വിദ്യാർത്ഥികൾ തെരുവ് നാടകം അവതരിപ്പിച്ചു. പാലക്കാട്‌, കൊടുവായൂർ, ആലത്തൂർ, വടക്കഞ്ചേരി, ഒറ്റപ്പാലം, പത്തിരിപ്പാല എന്നിവിടങ്ങളിലൂടെ കടന്നുപോയിട്ടുള്ള ‘അവകാശ പ്രക്ഷോഭ യാത്ര’ ഇന്ന് തൃത്താല, പട്ടാമ്പി, വല്ലപ്പുഴ, ചെർപ്പുളശ്ശേരി, മണ്ണാർക്കാട് എത്തിയ ശേഷം വൈകിട്ട് 5 മണിയോടെ അലനല്ലൂർ ടൗണിൽ സമാപിക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി റസീന ആലത്തൂർ, വൈസ് പ്രസിഡന്റ്‌ നൗഷാദ് മണ്ണൂർ, സെക്രട്ടറി സുൽഫീക്കർ കൊടുവായൂർ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Comment

More News