ധൻഖർ എപ്പോഴും സർക്കാരിന്റെ പക്ഷം പിടിച്ചു; ഉപരാഷ്ട്രപതിയുടെ രാജിയെക്കുറിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെ

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ രാജിക്ക് പിന്നിലെ കാരണം തനിക്കറിയില്ലെന്നും, അത് അദ്ദേഹവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കാര്യമാണെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാജ്യസഭാ ചെയർമാനായിരിക്കെ പ്രതിപക്ഷത്തിന് അവരുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കാൻ അവസരം ധൻഖർ നൽകാറുണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജൂലൈ 21 ന് ധൻഖർ രാജി വെച്ചത്.

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ പെട്ടെന്നുള്ള രാജിയോട് പ്രതികരിച്ച കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, ഈ തീരുമാനത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് തനിക്ക് അറിയില്ലെന്ന് പറഞ്ഞു. ഈ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധൻഖറും തമ്മിലുള്ളതാണെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു. രാജ്യസഭാ ചെയർമാൻ എന്ന നിലയിൽ ധൻഖർ എപ്പോഴും സർക്കാരിന്റെ പക്ഷം ചേർന്നാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും, പ്രതിപക്ഷത്തിന് സംസാരിക്കാൻ അവസരം നൽകാറുണ്ടായിരുന്നില്ലെന്നും ഖാർഗെ അവകാശപ്പെട്ടു.

കർഷകർക്ക് അനുകൂലമായി സംസാരിച്ചതിനാണോ ധൻഖർ രാജിവെക്കേണ്ടിവന്നതെന്ന് മല്ലികാർജുൻ ഖാർഗെയോട് ചോദിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം. “എനിക്ക് ഈ കാര്യങ്ങൾ സ്ഥിരീകരിക്കാൻ കഴിയില്ല. അദ്ദേഹം എപ്പോഴും സർക്കാരിനൊപ്പമാണ് നിന്നിരുന്നത്. യഥാർത്ഥ കാരണം അദ്ദേഹത്തിന് മാത്രമേ പറയാൻ കഴിയൂ” എന്ന് ഖാര്‍ഗെ മറുപടി നൽകി. കർഷകർ, ദരിദ്രർ, സ്ത്രീകൾ, ദലിതർ, രാജ്യത്തിന്റെ വിദേശനയം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ കോൺഗ്രസ് ചർച്ച ആവശ്യപ്പെട്ടപ്പോഴെല്ലാം ധന്‍‌ഖര്‍ ഞങ്ങള്‍ക്ക് സംസാരിക്കാൻ അവസരം തന്നില്ല,” ഖാർഗെ പറഞ്ഞു.

സ്ത്രീകൾക്കെതിരായ പീഡനം, ദലിതർക്കെതിരായ അതിക്രമങ്ങൾ, വർഗീയ അക്രമം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷം നോട്ടീസ് നൽകിയപ്പോൾ, ഉപരാഷ്ട്രപതിയും രാജ്യസഭയുടെ ചെയർമാനുമായ ധൻഖർ ഒരു അവസരവും നൽകിയില്ലെന്നും, രാജ്യസഭയിൽ പ്രതിപക്ഷത്തിന് സംസാരിക്കാനുള്ള അവസരം നിഷേധിച്ചെന്നും ഖാർഗെ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ശബ്ദം ആവർത്തിച്ച് അടിച്ചമർത്തപ്പെട്ടുവെന്നും, സർക്കാര്‍ പക്ഷത്തിന് മാത്രമാണ് ധന്‍‌ഖര്‍ മുൻഗണന നൽകിയതെന്നും ഖാർഗെ പറഞ്ഞു.

ജൂലൈ 21 ന് വൈകുന്നേരമാണ് ധൻഖർ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജി വെച്ചത്. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി, തന്റെ ആരോഗ്യത്തിന് മുൻഗണന നൽകാൻ ആഗ്രഹിക്കുന്നുവെന്നാന് അദ്ദേഹം രാജിയിൽ സൂചിപ്പിച്ചത്. പ്രസിഡന്റ് ദ്രൗപതി മുർമുവിന് ഒരു കത്ത് എഴുതിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പെട്ടെന്നുള്ള ഈ തീരുമാനം ഇതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന ചർച്ചകൾക്ക് രാഷ്ട്രീയ വൃത്തങ്ങളിൽ തുടക്കമിട്ടിട്ടുണ്ട്.

ധൻഖറിന്റെ രാജിയെക്കുറിച്ച് വിവിധ ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. സർക്കാരും ഉപരാഷ്ട്രപതിയും തമ്മിലുള്ള ആഭ്യന്തര പ്രശ്നമാണ് അതിനു പിന്നിലെന്ന് പ്രതിപക്ഷം വിശേഷിപ്പിക്കുമ്പോൾ, ഔദ്യോഗികമായി ആരോഗ്യപരമായ കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. ഈ സംഭവത്തെക്കുറിച്ച് ഖാർഗെ ചോദ്യങ്ങൾ ഉന്നയിക്കുകയും ഇത് ജനാധിപത്യത്തെ ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറയുകയും ചെയ്തു. ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 

 

Leave a Comment

More News