അസമിലേത് ഹിന്ദുത്വ വംശീയതയുടെ ബുൾഡോസർ രാജ്: സോളിഡാരിറ്റി

പ്രതിഷേധ സംഗമം ജില്ലാ പ്രസിഡന്റ് സാബിക് വെട്ടം ഉദ്ഘാടനം ചെയ്യുന്നു.

കൂട്ടിലങ്ങാടി : അസമിൽ ആയിരക്കണക്കിന് സാധാരണക്കാരുടെ വീടുകൾ ബുൾഡോസർ വെച്ച് ഇടിച്ചു നിരപ്പാക്കുന്നതിനെതിരെ പ്രതിഷേധിച്ച വ്യക്തിയെ വെടിവെച്ചു കൊന്ന പോലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് മലപ്പുറം ജില്ല പ്രസിഡന്റ് സാബിക് വെട്ടം. പൗരത്വ നിയമം എങ്ങനെയാണ് ഒരു ജനവിഭാഗത്തെ വംശീയമായി ഉന്മൂലനം ചെയ്യുകയെന്ന ഹിന്ദുത്വത്തിന്റെ ‘ലൈവ് സ്‌ക്രീനിംഗ്’ ആണ് അസമിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. അതിഭീകരമാം വിധം ഇവയെല്ലാം നോർമലൈസ് ചെയ്യപ്പെടുകയും പലപ്പോഴും ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരാതിരിക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ പൊതുബോധം നിശ്ശബ്ദത കൊണ്ട് മൂടപ്പെട്ടിരിക്കുന്ന അപകടകരമായ സാഹചര്യമാണുള്ളത്. ഈ നിശ്ശബ്ദതയെ ഭേദിച്ച് വംശീയതക്കെതിരായ പോരാട്ടത്തിൽ എല്ലാ ജനാധിപത്യവിശ്വാസികളും ഒരുമിച്ചു നിന്ന് പോരാടണമെന്നും അദ്ദേഹം പറഞ്ഞു. ‘ഹിന്ദുത്വ വംശീയതയുടെ ബുൾഡോസർ രാജുകൾ തകരട്ടെ’ തലക്കെട്ടിൽ അസമിലെ മുസ്‌ലിം വംശഹത്യക്കെതിരെ സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി കൂട്ടിലങ്ങാടിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എച്ച് അഷ്റഫ് നന്ദി പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് ഏരിയ ജോ. സെക്രട്ടറി ജാബിർ പടിഞ്ഞാറ്റുമുറി, അംജദ് നസീഫ് മൊട്ടമ്മൽ, ഷബീർ വടക്കാങ്ങര, റബീ ഹുസൈൻ തങ്ങൾ എന്നിവർ നേതൃത്വം നൽകി.

 

Leave a Comment

More News