സ്വകാര്യ ബസ്സുകള്‍ നിയമം ലംഘിച്ചാല്‍ കനത്ത പിഴയീടാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നഗരത്തിൽ സമയക്രമം പാലിക്കാൻ മരണപ്പാച്ചില്‍ നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നിയമലംഘനത്തിന് കനത്ത പിഴ ചുമത്തണമെന്നും ആവർത്തിച്ചാൽ പിഴ തുക വർധിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. നിയമലംഘനം ആവർത്തിച്ചാൽ വാഹനങ്ങൾ പിടിച്ചെടുക്കണം. വിഷയത്തിൽ സർക്കാർ നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ബസുകളുടെ സമയം മാറ്റണമെന്ന് കോടതി പറഞ്ഞു. ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിക്കുമ്പോഴും സ്വകാര്യ ബസുകൾ തന്നെയും വേട്ടയാടിയിട്ടുണ്ടെന്ന് ജസ്റ്റിസ് അമിത് റാവൽ പറഞ്ഞു. നഗരപ്രദേശങ്ങളിൽ ബസുകൾക്കിടയിൽ അഞ്ച് മിനിറ്റും ഗ്രാമപ്രദേശങ്ങളിൽ 10 മിനിറ്റും ഇടവേള വേണമെന്നും കോടതി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ രണ്ടു ജീവനുകൾ പൊലിഞ്ഞിരുന്നു. ഈ സാഹചര്യത്തിലായിരുന്നു വിഷയം കോടതി പരിഗണിച്ചത്. കൊച്ചി നഗരത്തിൽ ഗോവിന്ദ് എസ്.ഷേണായി എന്ന പതിനെട്ടുകാരനും കളമശേരിയിൽ മുഹമ്മദ് സലിം എന്ന മുപ്പത്തെട്ടുകാരനുമാണ് അടുത്തിടെ ബസുകളുടെ മരണപ്പാച്ചിലിനിടെ കൊല്ലപ്പെട്ടത്. ഹർജി ഈ മാസം 19ന് ഹൈകോടതി വീണ്ടും പരിഗണിക്കും.

Leave a Comment

More News