ഡാളസ്: പരിശുദ്ധ കന്യകാ മറിയാമിന്‍റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടന്‍ സെന്‍റ് മേരീസ് മലങ്കര യാക്കോബായ സുറിയാനി പള്ളിയിലെ പ്രധാന തിരുനാളായ പരിശുദ്ധ കന്യകാമറിയാമിന്‍റെ ശൂനോയോ പെരുന്നാള്‍ ആഗസ്റ്റ് 16, 17 (ശനി, ഞായര്‍) തീയതികളില്‍ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുന്നു.
ആഗസ്റ്റ് 10-ാം തീയതി വിശുദ്ധ കുര്‍ബാനാനന്തരം പെരുന്നാളിന്‍റെ കൊടികയറി. വികാരി റവ.ഫാ. പോള്‍ തോട്ടക്കാട്ടാണ് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചത്.
മരിച്ച് ഗത്സമന്‍ തോട്ടത്തില്‍ അടക്കം ചെയ്യപ്പെട്ട കന്യകാ മറിയാമിന്‍റെ ശരീരം മൂന്നാം ദിവസം മാലാഖമാരാല്‍ ഉയരത്തിലേക്ക് എടുക്കപ്പെട്ടതിന്‍റെ ഓര്‍മ്മയായി എല്ലാ വര്‍ഷവും ആഗസ്റ്റ് മാസം 15-ാം തീയതി വാങ്ങിപ്പ് പെരുന്നാള്‍ കൊണ്ടാടുന്നു.
ഈ വര്‍ഷത്തെ പെരുന്നാളിന്‍റെ പ്രധാന അതിഥി മൂവാറ്റുപുഴ-അങ്കമാലി മേഖലകളുടെ ചുമതലയുള്ള മെത്രാപ്പോലീത്ത അഭിവന്ദ്യ മോര്‍ അന്തീമോസ് മാത്യൂസ് തിരുമേനിയാണ്. 16-ാം തീയതി ശനിയാഴ്ച സന്ധ്യാപ്രാര്‍ത്ഥനാനന്തരം അഭിവന്ദ്യ തിരുമേനിയുടെ വചനശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.
17-ാം തീയതി രാവിലെ പ്രഭാതപ്രാര്‍ത്ഥനാനന്തരം അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന നടത്തപ്പെടുന്നു. കുര്‍ബാനയോടനുബന്ധിച്ച് കന്യകാമറിയാമിന്‍റെ നാമത്തില്‍ മദ്ധ്യസ്ഥപ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധ കുര്‍ബാനാനന്തരം വാദ്യമേളങ്ങളോടെ പള്ളിക്കുചുറ്റും പ്രത്യേക പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. അതിനുശേഷം നടക്കുന്ന സ്നേഹവിരുന്നോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കുന്നതാണ്.
ഇടവക ഒന്നടങ്കം ചേര്‍ന്ന് നടത്തുന്ന ഈ പെരുന്നാളിലേക്ക് നേര്‍ച്ചകാഴ്ചകളോടെ വന്ന് സംബന്ധിപ്പാന്‍ വികാരി റവ.ഫാ. പോള്‍ തോട്ടക്കാട്ട് കര്‍ത്തൃനാമത്തില്‍ ഏവരേയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വൈസ് പ്രസിഡണ്ട് സാജുമോന്‍ മത്തായി 972 603 8585, സെക്രട്ടറി ലിജോ ജോര്‍ജ് 214 793 6746, ട്രഷറര്‍ ബിനു ഇട്ടി 201 993 9383 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

