തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; ഓണ പരീക്ഷകൾ മാറ്റിവച്ചു

തൃശൂർ: തൃശൂര്‍ ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 18) അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അംഗന്‍‌വാടികള്‍, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. നാളെ നടക്കാനിരുന്ന ഓണപ്പരീക്ഷകൾ മാറ്റി വെച്ചിട്ടുണ്ട്. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും.

മുൻകൂട്ടി നിശ്ചയിച്ച മറ്റ് പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല. വിദ്യാർത്ഥികൾ വീട്ടിൽ തന്നെ തുടരണമെന്നും ജലാശയങ്ങളിൽ പോകരുതെന്നും അഭ്യർത്ഥിക്കുന്നു. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന് അവധിക്കാലം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ വിദ്യാർത്ഥികളോട് നിർദ്ദേശിച്ചു.

കേരളത്തിന്റെ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരും. തിങ്കളാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര, നദീതീര, തീരദേശ പ്രദേശങ്ങളിലെ താമസക്കാർ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനം അനുവദനീയമല്ലെന്നും അറിയിപ്പില്‍ പറയുന്നു.

Leave a Comment

More News