സിനിമാ-സീരിയൽ-മിമിക്രി താരം സുരേഷ് കൃഷ്ണ അന്തരിച്ചു

രാമപുരം: സിനിമാ-സീരിയല്‍ മിമിക്രി കലാകാരന്‍ രാമപുരം വെട്ടത്തുകുന്നേൽ സുരേഷ് കൃഷ്ണ (53) അന്തരിച്ചു. രാത്രിയിൽ ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

മൂന്ന് പതിറ്റാണ്ടുകളായി മിമിക്രി രംഗത്ത് നിറഞ്ഞു നിന്ന കലാകാരനായിരുന്നു സുരേഷ് കൃഷ്ണ. കൊച്ചി ആസ്ഥാനമായി സ്വന്തമായി ഒരു ട്രൂപ്പും അദ്ദേഹം നടത്തിയിരുന്നു. മെഗാ ഷോകൾക്കും സ്റ്റേജ് ഷോകൾക്കും അദ്ദേഹം പ്രശസ്തനായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അവതരിപ്പിച്ച സുരേഷ് കൃഷ്ണയുടെ പ്രകടനം പൊതുജനശ്രദ്ധ നേടിയിരുന്നു.

കേരളത്തിന് പുറമെ, മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും സുരേഷ് കൃഷ്ണ നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. പാരഡി ഗാനങ്ങൾ ആലപിക്കുന്നതിലും അഭിനയിക്കുന്നതിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും ടെലിവിഷൻ കോമഡി പ്രോഗ്രാമുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എബിസിഡി എന്ന മലയാള സിനിമയിലെ പത്രപ്രവർത്തകന്റെ വേഷം സുരേഷ് കൃഷ്ണ ശ്രദ്ധേയമായിരുന്നു.

ഭാര്യ: ദീപ, പിറവം കാവലം പറമ്പിൽ കുടുംബാംഗം.
മക്കൾ: ജർമ്മനിയിൽ നഴ്സിംഗ് വിദ്യാർത്ഥിയായ ദേവനന്ദ, ദേവകൃഷ്ണ.
അച്ഛൻ: പരേതനായ ബാലൻ,
അമ്മ: ഓമന ബാലൻ.

സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പിറവം പൊതുശ്മശാനത്തിൽ.

Leave a Comment

More News