‘റാപ്പർ വേടനെ’ക്കുറിച്ചുള്ള പാഠഭാഗം കേരള സർവകലാശാല സിലബസ്സിൽ ഉൾപ്പെടുത്തി പഠിപ്പിച്ചത് തികച്ചും അനുചിതവും പ്രതിഷേധാർഹവുമാണ്: കെ ആനന്ദകുമാര്‍

തിരുവനന്തപുരം: സ്ത്രീ പീഡനക്കേസിൽ മുൻ‌കൂർ ജാമ്യത്തിലുള്ള കുറ്റാരോപിതനായ ‘റാപ്പർ വേടനെ’ക്കുറിച്ചുള്ള പാഠഭാഗം കേരള സർവകലാശാല സിലബസ്സിൽ ഉൾപ്പെടുത്തി പഠിപ്പിച്ചത്, തികച്ചും അനുചിതവും പ്രതിഷേധാർഹവുമാണെന്ന് കേരളാ കോൺഗ്രസ്‌ എം സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ അഭിപ്രായപ്പെട്ടു.

സ്ത്രീ പീഡനം ഒരു പുരോഗമന ചിന്തയായി കരുതി സമൂഹത്തെ പിന്നാക്കം നയിക്കുന്നവർക്ക് പ്രേരണ നൽകുന്ന പ്രവർത്തിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ദളിത് സ്നേഹം പറഞ്ഞ് വേടന്റെ പ്രവർത്തികളെ ന്യായീകരിക്കുന്നവർ, മഹാത്മാ അയ്യൻകാളിയും പൊയ്കയിൽ കുമാരഗുരു ദേവനും ദാക്ഷായണി വേലായുധനും പണ്ഡിറ്റ് കറുപ്പനും ബാബാ അംബേദ്കറുമടക്കമുള്ള ഇതിഹാസ നായകർ സൃഷ്ടിച്ച പ്രൗഠവും അഭിമാനകരവുമായ അന്തരീക്ഷത്തെ മലീമസപ്പെടുത്തുകയാണ് ചെയ്യുന്നത്.

വലിയൊരു വിഭാഗം ആളുകളെ ആകർഷിക്കാൻ കഴിയുന്നു എന്നത് ഗുണമേന്മയുടെ മാനദണ്ഡം അല്ല. സമൂഹത്തെ ഗുണപരമായി മുന്നോട്ട് നയിക്കാൻ പ്രാപ്തരായ നിരവധി നായകർ, ദളിത്-പിന്നാക്ക വിഭാഗങ്ങളിലുള്ളപ്പോൾ, ഇത്തരം ആളുകൾക്ക് പിന്തുണയുമായി എത്തുന്നവരുടെ ഉദ്ദേശശുദ്ധി സംശയിക്കപ്പെടേണ്ടതാണെന്നും ആനന്ദകുമാർ പറഞ്ഞു.

Leave a Comment

More News