ഞങ്ങളാണ് കോൺഗ്രസ്: ഡോ. എസ് എസ് ലാല്‍

രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് പാലക്കാട് തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചയാളാണ് ഞാൻ. ഞാൻ പിന്തുണച്ചത് യു.ഡി.എഫ് സ്ഥാനാർത്ഥിയായ കോൺഗ്രസുകാരനെയാണ്. യൂത്ത് കോൺഗ്രസ് പോലൊരു മഹാ പ്രസ്ഥാനത്തിൻ്റെ പ്രസിഡൻ്റിനെയാണ്. വാശിയോടെ ഞാനും പാലക്കാട് പ്രവർത്തിച്ചത് യു.ഡി.എഫ് ജയിക്കാൻ വേണ്ടിയായിരുന്നു. സംസ്ഥാനത്തിൻ്റെ ഭാവിക്ക് അപകടമായ സി.പി.എം -ബിജെപി മുന്നണി പരാജയപ്പെടാനായിരുന്നു. എൻ്റെ വാശി കൂട്ടിയത് തെരഞ്ഞെടുപ്പ് സമയത്ത് ഒരു ചതിയൻ മറുകണ്ടം ചാടി പാർട്ടിയെ തകർക്കാൻ ശ്രമിച്ചതാണ്.

പതിനാലും പതിനഞ്ചും വയസിൽ കെ.എസ്.യുവിലൂടെ കോൺഗ്രസിലെത്തിയ എന്നെപ്പോലെയുള്ള ലക്ഷക്കണക്കിന് മനുഷ്യരുണ്ട് കേരളത്തിൽ. ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാൻ ആഗ്രഹിക്കാതിരിക്കുകയോ അവസരം കിട്ടാതെ പോകുകയോ ചെയ്ത ലക്ഷക്കണക്കിനുള്ള ഈ സാധാരണ മനുഷ്യരാണ് യഥാർത്ഥ കോൺഗ്രസുകാർ. അവരുടെ കഠിനാദ്ധ്വാനത്തിൽ അവരുടെ തന്നെ വിയർപ്പ് കുഴച്ചുണ്ടാക്കിയ ശക്തമായ അടിത്തറയാണ് കോൺഗ്രസിൻ്റേത്. അതിൻ്റെ മുകളിലാണ് കഴിവുള്ള നേതാക്കൾ വളർന്നത്.

ബാല്യത്തിൽത്തന്നെ ഞങ്ങളെ ആകർഷിച്ചത് ഗാന്ധിജിയുടെയും നെഹ്രുവിൻ്റെയും കോൺഗ്രസാണ്. ഞങ്ങളെ ഈ പാർട്ടിയിൽ നിലനിർത്തിയത് ഇന്ത്യയെന്ന രാജ്യം സൃഷ്ടിച്ച കോൺഗ്രസ് പാർട്ടി തുടർന്ന ജനാധിപത്യവും സമാധാനവും സുതാര്യതയും മതേതരത്വവുമൊക്കെയാണ്. രാജ്യത്തെ ജനങ്ങൾ പ്രതീക്ഷയോടെ നോക്കുന്ന രാഹുൽ ഗാന്ധിയുടെ അദ്ധ്വാനം വിജയിക്കാനാണ് രാജ്യത്തെ കോൺഗ്രസുകാർ ഈ പാർട്ടിയിൽ ഇപ്പോഴും കാത്തിരിക്കുന്നത്. ഞങ്ങളുൾപ്പെടെ.

കെ.എസ്.യുക്കാലം മുതൽ ഇന്നുവരെ ആരെയും തെറിവിളിക്കാനോ ആക്രമിക്കാനോ കാല് വെട്ടാനോ ഈ പാർട്ടി പരിശീലിപ്പിച്ചിട്ടില്ല. അവിഹിത ഗർഭമുണ്ടാക്കുമെന്ന് ഒരു പെൺകുട്ടിയെ ഭീഷണിപ്പെടുത്താനും ആരും പഠിപ്പിച്ചിട്ടില്ല. അതിനുള്ള സംവിധാനവും കോൺഗ്രസ് പാർട്ടിയിലില്ല. അത്തരം പരിശീലനത്തിൻ്റെ മൊത്താവകാശം സി.പി.എമ്മിനാണ്. അതിനാൽ കോൺഗ്രസിലെ ആർക്കെങ്കിലും തെറ്റ് പറ്റിയാൽ ഉത്തരവാദിത്തം ആ വ്യക്തിക്കാണ്. പാർട്ടി അത് ചുമക്കേണ്ടതില്ല.

കൊല്ലാനായി ചുറ്റും മാരകായുധങ്ങളുമായി നടന്ന സി.പി.എം കാരുടെയും ബി.ജെ.പിക്കാരുടെയും ഇടയിലാണ് ഞങ്ങൾ ജീവിച്ചത്. ഭരണത്തിൻ്റെ ശക്തിയും കൂടി കയ്യിൽക്കിട്ടിയ ഇവരുടെ ഇടയിൽ ഇപ്പോൾ ജീവൻ കൈയിൽപ്പിടിച്ചാണ് കോൺഗ്രസുകാർ ജീവിക്കുന്നത്. രാജ്യത്തോട് കടപ്പാടുള്ള, ജനങ്ങളോട് സ്നേഹമുള്ള, നഷ്ടങ്ങൾ സഹിക്കാൻ തയ്യാറുള്ള, പണത്തിൻ്റെയും അധികാരത്തിൻ്റെയും മാന്ത്രികതയിൽ മയങ്ങാത്ത നല്ല മനുഷ്യരാണ് കോൺഗ്രസിലുള്ളത്. മറിച്ചുള്ളവർ വേറേ പാർട്ടികളിൽ പോയിട്ടും കോൺഗ്രസ് വലിയ പാർട്ടിയായി നിലനിൽക്കുന്നത് ഈ നാട്ടിൽ നല്ല മനുഷ്യർ ധാരാളം ബാക്കിയുള്ളതുകൊണ്ടാണ്. അവരാണ് കോൺഗ്രസ്. ആ കോൺഗ്രസുകാർക്ക് നീതി കിട്ടണം.

പ്രതിപക്ഷനേതാവുമായും ഷാനിമോൾ ഉൾപ്പെടെയുള്ള വനിതാ നേതാക്കളുമായും ഒക്കെ സംസാരിച്ചിരുന്നു. പാർട്ടിയുടെ നിലപാട് ശക്തമാണെന്ന് മനസിലായപ്പോൾ കോൺഗ്രസുകാരനെന്ന നിലയിൽ വലിയ സന്തോഷം തോന്നി. കേരളത്തിൽ കോൺഗ്രസിനുള്ളത്ര കഴിവും ചങ്കുറപ്പുമുള്ള നേതാക്കൾ ഇടത് മുന്നണിയിലെ മറ്റൊരു പാർട്ടിയിലുമില്ല. ഒന്നിലധികം ചങ്കുണ്ടെന്ന് അവകാശപ്പെടുന്ന മറ്റ് ചിലരുടെ ചങ്ക് മുഴുവൻ വിദ്വേഷവും അഴിമതിയും കുതന്ത്രങ്ങളും നിറഞ്ഞിരിക്കുകയാണ്.

ജനങ്ങൾ സ്വമേധയാ വിശ്വസിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. അതിനാൽ കോൺഗ്രസിന് മാന്യമായ തീരുമാനങ്ങൾ മാത്രമേ എടുക്കാൻ കഴിയൂ. കേരളത്തിന് മാതൃകയായി കോൺഗ്രസ് പാർട്ടിയുടെ തീരുമാനങ്ങൾ താമസിയാതെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് വഴങ്ങാത്തവർ പാർട്ടിയിൽ ഉണ്ടാകില്ല. ആ സ്ഥാനത്ത് ഞാനാണെങ്കിലും പാർട്ടിയുടെ നിലപാട് അതായിരിക്കണം. അതായിരിക്കണം കോൺഗ്രസ്. വ്യക്തികൾക്ക് അവകാശങ്ങളുണ്ട്. അവ സ്ഥാപിച്ചെടുക്കാൻ സ്വന്തം നിലയിൽ നീങ്ങണം.

കോൺഗ്രസിൻ്റെ തീരുമാനം കേരളത്തിൽ വീണ്ടും ഒരു പുതിയ അനുഭവം സൃഷ്ടിക്കും. അതിനെത്തുർന്ന് കേരളത്തിൽ യു.ഡി.എഫ് ഒരു പുതിയ സമരം ആരംഭിക്കണം. സ്ത്രീവിരുദ്ധതയുടെയും സാമൂഹ്യ വിരുദ്ധതയുടെയും പാപക്കറയുള്ള മൂന്ന് മന്ത്രിമാർക്കെതിരെയും ചില ഭരണകക്ഷി എം.എൽ.എ മാർക്കെതിരെയമുളള വലിയ സമരം. അവർ രാജിവയ്ക്കുന്നതുവരെ യു.ഡി.എഫ് ആ സമരം നടത്തണം. കേരളം ഒപ്പമുണ്ടാകും. ആര് ഭരിച്ചാലും പ്രതിപക്ഷത്തിരുന്നാലും നാട്ടിലെ മുഴുവൻ സ്ത്രീകളും സുരക്ഷിതരായിരിക്കേണ്ടതുണ്ട്. സുരക്ഷിതമെന്ന് അവർക്ക് വിശ്വസിക്കാനും കഴിയണം.

അടിക്കുറിപ്പ്: സ്ഥാനങ്ങൾക്കായി മറുകണ്ടം ചാടുന്ന രാഷ്ട്രീയ ഭിക്ഷാംദേഹികൾക്കും തീവ്രതയളക്കുകയും സ്ക്രീൻ ഷോട്ട് ഉണ്ടാക്കുകയും ചെയ്യുന്ന ടീച്ചർമാർക്കും സഹപാഠി പെൺകുട്ടിയുടെ അടിവയറ്റിൽ ചവിട്ടുന്ന യുവനേതാക്കൾക്കും അസംബ്ലിയിൽ താണ്ഡവം നടത്തുന്ന കുട്ടികൾക്കും മറുപടിയില്ല. ഉത്സവപ്പറമ്പിൽ കള്ളനെന്ന് വിളിച്ചു കൂവി ഓടി രക്ഷപ്പെടുന്ന കള്ളന്മാരെ ജനങ്ങൾക്കറിയാം.

ഡോ: എസ്.എസ്. ലാൽ

Leave a Comment

More News