ന്യൂയോർക്ക് : 2025 മില്ലേനിയം കപ്പ് ന്യൂയോർക്കിന്റെ ഫൈനലിൽ ടീം യുണൈറ്റഡ് X11 നെ പരാജയപ്പെടുത്തി, പ്രാദേശിക ക്രിക്കറ്റിൽ തങ്ങളുടെ ആധിപത്യം നില നിർത്തി ബെർഗൻ ടൈഗേഴ്സ് ഈ വർഷത്തെ തുടർച്ചയായ നാലാം കിരീടം കരസ്ഥമാക്കി
ടെക്സസിലെ SOH ഹ്യൂസ്റ്റൺ കപ്പ്, ഫിലാഡൽഫിയയിലെ യൂണിറ്റി കപ്പ്, ന്യൂജേഴ്സിയിലെ ടൈഗേഴ്സ് കപ്പ് എന്നീ ടൂർണമെന്റുകളിൽ തിളക്കമാർന്ന കിരീടനേട്ടം നേടിയ ടൈഗേഴ്സ് തങ്ങളുടെ 2025 സ്വപ്ന സീസണിലെ കളക്ഷനിലേക്ക് ന്യൂയോർക്കിലെ മില്ലേനിയം കപ്പിലെ മിന്നുന്ന വിജയവും എഴുതിച്ചേർത്തു
മില്ലേനിയം കപ്പിൽ ബെർഗൻ ടൈഗേർസിന്റെ കിരീടത്തിലേക്കുള്ള വഴി എളുപ്പമായിരുന്നില്ല. സെമി ഫൈനലിൽ, വാശിയേറിയ പോരാട്ടത്തിലൂടെയാണ് നോർത്ത് ഈസ്റ്റ് ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബ്ബിനെ (NEFCC) ടൈഗേഴ്സ് പരാജയപ്പെടുത്തിയത്.
NEFCC പടുത്തുയർത്തിയ 213 എന്ന ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്കോർ, ഈ സീസണിലെ ഏറ്റവും ആവേശകരമായ ബാറ്റിംഗ് പ്രകടനത്തിലൂടെ പിന്തുടർന്നാണ് ടൈഗേഴ്സ് ഫൈനലിൽ ഇടം നേടിയത്
സെമിഫൈനൽ നാടകീയമായിരുന്നെങ്കിൽ, ഫൈനലിൽ ടൈഗേഴ്സ് കളം നിറഞ്ഞാടി. വിജയത്തിനായി 180 റൺസ് പിന്തുടർന്ന ബെർഗെൻ ടൈഗേഴ്സ് 17 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം പൂർത്തിയാക്കി കിരീടത്തിൽ മുത്തമിട്ടു. ബാറ്റിംഗ് യൂണിറ്റ് വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത കലാശ പോരാട്ടത്തിൽ ടൈഗേഴ്സിനായി ദിജു സേവ്യർ ഉജ്വല ബാറ്റിംഗ് പ്രകടനത്തിലൂടെ തിളങ്ങി
ടൂര്ണമെൻറ്റിൽ മികച്ച ബൗളർക്കുള്ള അവാർഡ് ഉണ്ണികൃഷ്ണനും, ഏറ്റവും വിലപ്പെട്ട കളിക്കാരനായി ശ്രീജയ് സുനിലും തിരഞ്ഞെടുക്കപ്പെട്ടു, മികച്ച ഫീൽഡറായി ക്യാപ്റ്റൻ റിനു ബാബുവും അംഗീകാരം നേടി. കൂടാതെ, ബാറ്റിംഗിലെ സ്ഥിരതയാർന്ന പ്രകടനത്തിന് ദിജു സേവ്യറിനെ മികച്ച ബാറ്റ്സ്മാനും ഫൈനലിൽ മാൻ ഓഫ് ദി മാച്ചും ആയി തിരഞ്ഞെടുത്തു
ട്രോഫി ഉയർത്തിയ ശേഷം, ക്യാപ്റ്റൻ റിനു ബാബുവും വൈസ് ക്യാപ്റ്റൻ തോമസ് പോളും ടീമിന്റെ ഐക്യത്തെയും പോരാട്ട വീര്യത്തെയും പ്രകീർത്തിച്ചു സംസാരിച്ചു. “ഈ വിജയം ടീമിനുള്ളതാണ്. ഈ സീസണിൽ ടൈഗേഴ്സിനെ നയിക്കാൻ ഞങ്ങൾക്ക് സന്തോഷമുണ്ട്, ഈ വിജയത്തോടെ, ഞങ്ങളുടെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി ചേർത്തു. വരാനിരിക്കുന്ന കെസിഎൽ ട്രോഫിക്കായി ഞങ്ങളുടെ എല്ലാ സഹതാരങ്ങളും ഇതിനകം മാനസികമായി തയ്യാറെടുക്കുകയാണ്,” അവർ പറഞ്ഞു.
നാലു ടൂർണമെന്റുകളിൽ നിന്ന് നാല് ട്രോഫികളോടെ ബെർഗൻ ടൈഗേഴ്സ് താങ്കളുടെ ജൈത്രയാത്ര തുടരുകയാണ്.

