കാക്കിക്കുള്ളിലെ ക്രൂരന്മാര്‍ (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ

തൃശ്ശൂരിൽ പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ അതിക്രൂരമായി മർദിച്ചത് ഇന്ന് ഏറെ വിവാദം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. 2023 ൽ നടന്ന സംഭവം അന്ന് വിവാദം സൃഷ്ടിച്ചെങ്കിലും ഇത്രയേറെ ജനശ്രദ്ധ കിട്ടിയിരുന്നില്ല. സ്റ്റേഷനകത്ത് അതിക്രൂരമായി മർദ്ദിക്കുന്ന സി സി ടി വി ക്യാമറ ദൃശ്യങ്ങൾ പുറത്തു വന്നതാണ് ഇപ്പോൾ ഇത് വിവാദത്തിന് ഇടയാക്കിയത്. സി സി ടി വി ദൃശ്യങ്ങൾ മനുഷ്യാവകാശ കമ്മീഷനിൽ കൂടി വർഗീസ് ചൊവ്വന്നൂർ എന്ന കോൺഗ്രസ് നേതാവ് പോരാട്ടമാണ് അതിനു കാരണം. തൻറെ അയൽവാസികളായ യുവാക്കളെ സംശയത്തിന്റെ പേരിൽ പോലീസ് അറസ്റ്റു ചെയ്തപ്പോൾ അതിനെ ചോദ്യം ചെയ്തതാണ് കോൺഗ്രസ് പ്രാദേശിക നേതാവ് കൂടിയായ യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസിനെ ചോദ്യം ചെയ്തു എന്ന കാരണത്താൽ മാത്രമാണ് അറസ്റ്റ് ചെയ്ത് ജയിലിൽ കൊണ്ടുപോയതെങ്കിലും ആ യുവ നേതാവിനെ ഒരു കൊടും കുറ്റവാളിയെ കൈകാര്യം ചെയ്യുന്ന പോലെയായിരുന്നു പോലീസ് സ്റ്റേഷനിൽ ചെയ്തത്. അയാളുടെ കർണ്ണപടം പൊട്ടുന്ന രീതിയിൽ മുഖത്തും മറ്റും അടിച്ചാണ് പോലീസുകാർ തങ്ങളെ ചോദ്യം ചെയ്തതിന്റെ പ്രതികാരം തീർത്തത്. പോലീസിന്റെ കിരാത വേട്ടയെന്ന് തന്നെ ഇതിനെ വിളിക്കാം. അത്രയ്ക്ക് ക്രൂരമായ രീതിയിലായിരുന്നു അവർ അയാളോട് പെരുമാറിയതെന്ന് ആ ദൃശ്യങ്ങളിൽ കൂടി വ്യക്തമാണ്. തങ്ങളെ ചോദ്യം ചെയ്തതിന് ഇത്രയും ക്രൂരമായ ശിക്ഷ നൽകിയ പോലീസിന്റെ പ്രവർത്തി അതിക്രൂരമായതാണ്. എന്നാൽ അതിന്റെ പേരിൽ അവർക്ക് എതിരെ എടുത്ത വകുപ്പുതല ശിക്ഷ നടപടി നിസ്സാരമായ കുറ്റത്തിന്. രണ്ട് വർഷത്തെ ഇൻക്രിമെന്റ് തടഞ്ഞു. അത് മാത്രമല്ല ഈ കുറ്റ കൃത്യത്തെ ഡി ഐ ജി നിസ്സാരവൽക്കരിക്കുകയും ചെയ്തുകൊണ്ടുള്ള പ്രസ്താവനയും നടത്തി.

കസ്റ്റഡി മർദ്ദനവും കസ്റ്റഡി മരണവും കേരള പോലീസിന്റെ ചരിത്രത്തിൽ അനേകം നടന്നിട്ടുണ്ട്. അടിയന്തരാവസ്ഥയിൽ രാജൻ എന്ന എൻജിനിയറിംഗ് വിദ്യാർത്ഥിയുടെ കസ്റ്റഡി മരണമുൾപ്പെടെ ഒരു നീണ്ട നിര തന്നെ അതിലുണ്ട്. അതിൽ ചുരുക്കം ചില സംഭവങ്ങളിൽ പോലിസിസുകാർ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ഭൂരിഭാഗവും രക്ഷപ്പെടുകയാണ് ഉണ്ടായത്. ജനമൈത്രി പോലീസും സാദാ പോലീസും ഓക്ക് കേരള പോലീസിൽ ഉണ്ടെങ്കിലും ഇപ്പോഴും പോലീസ് മർദ്ദനങ്ങൾ കേരളത്തിൽ നടക്കാറുണ്ട്. അതിന് കാരണം ചില പോലീസുകാരുടെ ക്രൂര മനോഭാവമാണ്. ഇടി മുറിയും ഇരുണ്ട മുറിയും നിന്നുമുള്ള പോലീസ് സ്റ്റേഷൻ കേരളത്തിൽ ഉണ്ട്. മൂന്നാമുറയും മുള്ളുന്ന മുറയും ഇന്നുമുണ്ട് കേരളത്തിൽ. ഇതൊന്നും വേണ്ട എന്ന അഭിപ്രായവുമില്ല. അത് കുറ്റവാളികളുടെ സ്വഭാവ രീതിക്കനുസരിച്ചായിരിക്കണം. പാശ്ചാത്യ രാജ്യങ്ങളിൽ പോലും കുറ്റവാളികൾ അക്രമാസക്തരാകുമ്പോൾ ചില അവസരങ്ങളിൽ മർദ്ദന മുറ എടുക്കാറുണ്ട്. അത് അവരുടെ സ്വഭാവ രീതിയെയും പ്രവർത്തിയെയും ആശ്രയിച്ചായിരിക്കും.

കൊടും കുറ്റവാളികളോടും അക്രമാസക്തരായ കുറ്റവാളികളോടും എടുക്കേണ്ട സമീപനമല്ല പെറ്റി കേസ്സുമായി കൊണ്ടുവരുന്ന പ്രതികളോട് ചെയ്യേണ്ടത്. എന്നാൽ, പലപ്പോഴും പോലീസുകാരുടെ പ്രവർത്തി മറിച്ചായിരിക്കും. അതിനുദാഹരണമാണ് തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന് നേരെ നടന്ന സംഭവം. വളരെ ചെറിയ കുറ്റത്തിന് കൊടുത്ത ശിക്ഷ അതിക്രൂരമായതായിരുന്നു. തങ്ങളെ വിമർശിച്ചു എന്ന കുറ്റത്തിന് കർണ്ണപടം പൊട്ടിപ്പോയ രീതിയിൽ മർദിച്ച് അവശനാക്കുകയാണ് പോലീസുകാർ ചെയ്തത്. അയാൾ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിന്റെ വകുപ്പുകൾ അയാൾക്ക് മേൽ ചുമത്തി കോടതിയിൽ ഹാജാരാക്കാം. അല്ലാതെ ഇത്തരത്തിൽ ക്രൂരമായ മർദ്ദനമല്ല നടത്തേണ്ടത്. ഇത് കേരള പൊലീസിന് മൊത്തത്തിൽ നാണക്കേടുണ്ടാക്കി. ഒരാൾ മതി ഒരു കുടുംബത്തിന് മൊത്തത്തിൽ നാണക്കേടുണ്ടാക്കാൻ എന്നതു പോലെയാണ് ഈ സംഭവവും. ഇത് കേരള പൊലീസിന് മൊത്തത്തിൽ നാണക്കേടുണ്ടാക്കി.

പണ്ടുള്ള പോലീസിന്റെ സമീപനവുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ മാറ്റം വന്നിട്ടുണ്ടെങ്കിലും ഇതുപോലെയുള്ള സംഭവങ്ങൾ ഇപ്പോഴും ഉണ്ടെന്നതാണ് ഇതിൽ കുടി വ്യക്തമാവുന്നത്. മറ്റുള്ള സംസ്ഥാങ്ങളിലെ പോലീസ് സേനയേക്കാൾ മികച്ച പോലീസ് സേനയാണ് കേരളത്തിന്റേത്. എന്നാൽ കൈക്കരുത്ത് കാണിക്കാൻ മടിക്കാത്തവരുമുണ്ട് ഇതിൽ. അവരുടെ പ്രവർത്തി ആ മികവിനെ ഇല്ലാതാക്കുന്നുയെന്നതാണ് സത്യം. ഒരിക്കൽ ഒരമ്മാവനോട് അനന്തരവൻ ചോദിച്ചപോലെ എന്താ അമ്മാവാ ഞാന്‍ നന്നാവാത്തത് എന്നതാണ് കേരള പോലീസിലെ ഇടിയൻമ്മാരോട് ചോദിക്കാനുള്ളത്. കുറ്റക്കാര്‍ക്കെതിരെ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടികൾ സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാകണം. രാഷ്ട്രീയം നോക്കാതെ തന്നെ. കാരണം ഇന്ന്
ഞാന്‍ നാളെ നീ എന്നപോലെ ഉണ്ടാകും.

പലപ്പോഴും ഇങ്ങനെയുള്ള കേസ്സുകളിൽ ഉൾപ്പെടുന്നവർ തെളിവുകളുടെ അഭാവത്തിൽ രക്ഷപ്പെടാറാണ് പതിവ്. എന്നാൽ ഈ കേസ്സിൽ പ്രതികളെ കുടുക്കിയത് സി സി ടി വി ക്യാമറയാണ്. അതിലെ ദൃശ്യങ്ങൾ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിടുകയുണ്ടായതുകൊണ്ടാണ് ആ ദൃശ്യങ്ങൾ പുറം ലോകം അറിയുന്നത്. അതിനായി നീണ്ട പോരാട്ടം തന്നെ നടത്തുകയുണ്ടായി. അത് നടത്തിയത് വര്ഗീസ് ചൊവ്വന്നൂർ എന്ന കോൺഗ്രസ് നേതാവാണ്. അദ്ദേത്തിന്റെ നിശ്ഛയദാർഢ്യമാണ്. അദ്ദേഹമില്ലായിരുന്നെങ്കിൽ ഈ സംഭവം പുറം ലോകം കാണില്ലായിരുന്നു. തന്റെ സഹപ്രവർത്തകനെ അതിക്രൂരമായി മർദിച്ചപ്പോൾ അത് ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം കൊടുത്ത വാക്കാണ് അതിന് കാരണം. ഒരു നേതാവ് ആരാകണം. എങ്ങനെയാകണമെന്ന് കാണിച്ചു കൊടുത്തുകൊണ്ട് എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും മാതൃകയായി അദ്ദേഹം. കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലും ഉൾപ്പെടെ ഉള്ളവർ കണ്ടുപഠിക്കട്ടെ വര്‍ഗീസ് ചെവ്വന്നൂരിനെ. അദ്ദേഹം കൂടെ നിൽക്കുന്നവർക്ക് ഒപ്പം എപ്പോഴുമുണ്ടാകണമെന്ന് കാണിച്ചു കൊടുത്തു.

Leave a Comment

More News