മന്ത്രിയായിരിക്കെ കെ.ടി. ജലീൽ കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി പി.കെ. ഫിറോസ്

തിരുവനന്തപുരം: മന്ത്രിയായിരിക്കെ കെ ടി ജലീൽ കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി പി കെ ഫിറോസ് രംഗത്ത്. അന്ന് നടന്ന ഗുരുതരമായ അഴിമതികളുടെ കഥ ഉടൻ പുറത്തുവരുമെന്നും ഫിറോസ് പറഞ്ഞു. അതിന്റെ വെപ്രാളമാണ് ജലീല്‍ ഇപ്പോള്‍ കാണിക്കുന്നത്. പരസ്പരവിരുദ്ധമായ പല കാര്യങ്ങളും അദ്ദേഹം ഇപ്പോൾ പറയുന്നുണ്ട്. മറ്റൊരു അഴിമതി കേസ് കൂടി പുറത്തുവന്നാൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമോ എന്ന ചിന്തയാണ് ജലീലിനുള്ളതെന്നും അതുകൊണ്ടാണ് ഈ വെപ്രാളം കാണിക്കുന്നതെന്നും ഫിറോസ് ആരോപിച്ചു.

മലയാളം സർവകലാശാലയ്ക്കു വേണ്ടി ഭൂമി ഏറ്റെടുത്തതില്‍ ജലീലിന് പങ്കുണ്ടെന്ന് ഫിറോസ് ആരോപിച്ചു. അതിന്റെ നിർണായക തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തുവരും. ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ജലീൽ നേരിട്ട് ഇടപെട്ട് കോടികളുടെ അഴിമതി നടത്തിയെന്നും ഫിറോസ് ആരോപിച്ചു. ജലീൽ നേരത്തെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഫിറോസ്.

ഒരു ബിസിനസുകാരൻ എന്ന നിലയിൽ താൻ അഭിമാനിക്കുന്നു എന്ന് ഫിറോസ് വ്യക്തമാക്കി. ജലീൽ സ്വന്തമായി എന്തെങ്കിലും ജോലി ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും ഫിറോസ് പറഞ്ഞു. നിയമവിരുദ്ധമായ ബിസിനസുകൾ ഒന്നും താന്‍ ചെയ്യുന്നില്ല. കൊപ്പത്തും ഹൈലൈറ്റ് മാളിലും തനിക്ക് സ്ഥാപനങ്ങളുണ്ടെന്ന് പി.കെ. ഫിറോസ് വ്യക്തമാക്കി. മറ്റ് ബിസിനസുകളും ഉണ്ട്. അമേരിക്കൻ ബിസിനസ് വിസയുണ്ട്. യുകെ ബിസിനസ് വിസയുണ്ട്. അവിടെയെല്ലാം താന്‍ ബിസിനസ്സ് ചെയ്യുന്നുണ്ടെന്ന് ഫിറോസ് പറഞ്ഞു.

Leave a Comment

More News