എൻസിആർടി സിലബസിൽ അടുത്തിടെ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി ബിജെപിയെ രൂക്ഷമായി വിമർശിച്ചു. പുതിയ സിലബസിൽ ഇന്ത്യാ വിഭജനത്തിന്റെ ഉത്തരവാദിത്തം മുസ്ലീങ്ങളുടെ മേൽ മാത്രം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും യഥാർത്ഥ കുറ്റവാളികളിൽ മുഹമ്മദ് അലി ജിന്ന, അന്നത്തെ കോൺഗ്രസ് സർക്കാർ, വൈസ്രോയി ലോർഡ് മൗണ്ട് ബാറ്റൺ എന്നിവരാണെന്നും ഒവൈസി പറഞ്ഞു.
മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന്റെ കാരണവും നാഥുറാം ഗോഡ്സെയുടെ പങ്കും സംബന്ധിച്ച ചരിത്രപരമായ വസ്തുതകൾ സിലബസിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടോ എന്ന ചോദ്യവും ഒവൈസി ഉന്നയിച്ചു. വിദ്യാഭ്യാസത്തിലെ പക്ഷപാതത്തിന്റെയും ചരിത്രത്തെ വളച്ചൊടിക്കുന്നതിന്റെയും ഉദാഹരണമാണ് ഈ മാറ്റം എന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളോട് സംസാരിക്കവെ ഒവൈസി പറഞ്ഞു, “ബിജെപി എൻസിആർടി സിലബസ് മാറ്റി, വിഭജനത്തിന് മുസ്ലീങ്ങളെ കുറ്റപ്പെടുത്തി. വിഭജനത്തിന് ഞങ്ങൾ ഉത്തരവാദികളല്ല. വിഭജനം എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് സവർക്കറാണ്, മൗണ്ട് ബാറ്റൺ ഉത്തരവാദിയാണ്, അന്നത്തെ കോൺഗ്രസ് സർക്കാരാണ് ഉത്തരവാദി, മുസ്ലിങ്ങളെ എങ്ങനെ ഉത്തരവാദികളാക്കാന് കഴിയും?”
മഹാത്മാഗാന്ധിയെ കൊലപ്പെടുത്താനുള്ള കാരണവും സിലബസിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. “ഗോഡ്സെ മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതിന്റെ കാരണവും നിങ്ങൾ എൻസിഇആർടിയിൽ നിന്ന് നീക്കം ചെയ്തു” എന്ന് ഒവൈസി പറഞ്ഞു.
പഹൽഗാമിൽ 26 സാധാരണക്കാരെ മതപരമായി കൂട്ടക്കൊല ചെയ്തതിനെ പരാമർശിച്ചുകൊണ്ട് ഒവൈസി, പാക്കിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധത്തിൽ നിന്നുള്ള സാമ്പത്തിക നേട്ടം ഇന്ത്യൻ പൗരന്മാരുടെ ജീവനേക്കാൾ പ്രധാനമാണോ എന്ന് ബിജെപിയോട് ചോദിച്ചു.
“ആ 26 പൗരന്മാരോടൊപ്പം ഞങ്ങൾ നിലകൊള്ളുന്നു, എപ്പോഴും അവർക്കൊപ്പം നിൽക്കും. ‘രക്തവും വെള്ളവും ഒരുമിച്ച് ഒഴുകാൻ കഴിയില്ല’ എന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോൾ, ഒരു ക്രിക്കറ്റ് മത്സരത്തിൽ നിന്ന് ബിസിസിഐക്ക് 2000 അല്ലെങ്കിൽ 3000 കോടി ലഭിക്കുന്നതിന്റെ മൂല്യം ആ 26 പൗരന്മാരുടെ ജീവനേക്കാൾ കൂടുതലാണോ?” അദ്ദേഹം ചോദിച്ചു.
